ഹൈദരാബാദ്:പേമെന്‍റ് ഇക്കോസിസ്റ്റത്തിലെ സേവനങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വികസന നടപടികളുടെ പട്ടിക പുറത്തിറക്കിയിരിക്കുകയാണ് റിസര്‍വ് ബാങ്ക് ഓഫി ഇന്ത്യ (ആര്‍ബിഐ). നോൺ-ബാങ്കിങ് പ്രീപെയ്‌ഡ് പേയ്‌മെന്‍റ് ഇൻസ്‌ട്രുമെന്‍റ് (പിപിഐ) അനുവദിച്ചുകൊണ്ട് ഇ-റുപി (e-RUPI) വൗച്ചറുകളുടെ വ്യാപ്‌തി വിപുലീകരിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഉപയോക്താക്കൾക്കും ഗുണഭോക്താക്കൾക്കും ഒരുപോലെ ആനുകൂല്യങ്ങൾ ലഭിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
ഇ-റുപി വൗച്ചറുകളുടെ ഉപയോഗം സുഗമമാക്കുന്നതിന് വൗച്ചറുകൾ റീലോഡ് ചെയ്യൽ, ആധികാരികത ഉറപ്പാക്കൽ പ്രക്രിയ, ഇഷ്യൂവൻസ് പരിധികൾ മുതലായവയ പരിഷ്‌കരിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പ്രത്യേക നിർദേശങ്ങൾ ഉടൻ പുറപ്പെടുവിക്കുമെന്നും ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. ആർബിഐയുടെ ധനനയ പ്രഖ്യാപന വേളയിലാണ് ഗവർണര്‍ പേമെന്‍റ്-സിസ്റ്റവുമായി ബന്ധപ്പെട്ട പരിഷ്‌കാരങ്ങളെ കുറിച്ച് പങ്കുവച്ചത്.
എന്താണ് ഇ-റുപി?: 2021ല്‍ രാജ്യത്ത് ആരംഭിച്ച ഇലക്‌ട്രോണിക് വൗച്ചര്‍ അധിഷ്‌ഠിത ഡിജിറ്റല്‍ പേമെന്‍റ് സംവിധാനമാണ് ഇ-റുപി. ബാങ്ക് അക്കൗണ്ട്, പണമിടപാടുമായി ബന്ധപ്പെട്ട മൊബൈല്‍ ആപ്പുകള്‍, എടിഎം കാര്‍ഡ് എന്നിവ ഇല്ലാതെ ഇലക്‌ട്രോണിക് വൗച്ചര്‍ അടിസ്ഥാനത്തിലുള്ള ഡിജിറ്റല്‍ പണമിടപാട് സംവിധാനമാണ് ഇത്. പ്രസ്‌തുത ഇലക്‌ട്രോണിക് വൗച്ചര്‍ പണമായി മാറ്റാന്‍ സാധിക്കില്ലെങ്കിലും പണത്തിന് പകരമായി ഉപയോഗിക്കാം. കറന്‍സി രഹിതവും സമ്പര്‍ക്ക രഹിതവുമായ ഇടപാടുകള്‍ക്ക് സഹായിക്കുന്ന ഇ-റുപി സംവിധാനം ഡിജിറ്റല്‍ പണമിടപാടുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ബാങ്ക് പോലുള്ള ധനകാര്യ സ്ഥാപനങ്ങളുടെയും മറ്റ് ഇടനിലക്കാരുടെയും സഹായമില്ലാതെ നേരിട്ട് വിനിമയം നടത്താം എന്നതാണ് ഇ-റുപിയുടെ പ്രധാന ആകര്‍ഷണം.
നിലവിൽ, കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കു വേണ്ടിയും കോർപ്പറേറ്റുകൾക്ക് വേണ്ടിയും പരിമിതമായ അളവിൽ ബാങ്കുകൾ മുഖേന നിർദിഷ്‌ട വൗച്ചറുകൾ നൽകുന്നു. കാർഡോ ഡിജിറ്റൽ പേയ്‌മെന്‍റ് ആപ്പോ അതുമല്ലെങ്കില്‍ ഇന്‍റർനെറ്റ് ബാങ്കിങ് ആക്‌സസോ ഇല്ലാതെ ഇ-റുപിയുടെ ഉപയോക്താക്കൾക്ക് വ്യാപാരികളിൽ നിന്ന് വൗച്ചർ നേടാനാകും. ഡിജിറ്റൽ വൗച്ചർ ഗുണഭോക്താക്കളുമായി ഒരു പ്രത്യേക ഉദ്ദേശ്യത്തിനോ പ്രവർത്തനത്തിനോ വേണ്ടി ഓർഗനൈസേഷനുകൾക്കോ സർക്കാരിനോ എസ്‌എംഎസ് അല്ലെങ്കിൽ ക്യൂആര്‍ കോഡ് വഴി പങ്കിടാം.
എളുപ്പവും സുരക്ഷിതവുമായ പേമെന്‍റ് രീതിയാണ് ഇതെന്ന് നാഷണൽ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എന്‍പിസിഐ) അവകാശപ്പെടുന്നു. ഈ പ്രക്രിയയിൽ, ഗുണഭോക്താക്കളുടെ വിവരങ്ങൾ പൂർണമായും രഹസ്യമായിരിക്കും. മുഴുവൻ ഇടപാട് പ്രക്രിയയിലും നൽകിയിരിക്കുന്ന ഡിജിറ്റൽ വൗച്ചർ മാത്രമാണ് ഉപയോഗിക്കുന്നത്. താരതമ്യേന വേഗതയേറിയതും അതേ സമയം വിശ്വസനീയവുമാണ്. പ്രീപെയ്‌ഡ് ആയതിനാൽ ആവശ്യമായ തുക വൗച്ചറിൽ സംഭരിച്ചിരിക്കും എന്നതും പ്രത്യേകതയാണ്.