ന്യൂഡല്‍ഹി:ബാങ്ക് ഓഫ് ബഹ്‌റൈൻ & കുവൈറ്റ് ബിഎസ്‌സിയ്‌ക്ക് (ഇന്ത്യ ഓപ്പറേഷൻസ്) 2.66 കോടി രൂപ പിഴ ചുമത്തി റിസര്‍വ് ബാങ്ക്. ബാങ്കുകളിലെ സൈബർ സുരക്ഷ ചട്ടക്കൂട് സംബന്ധിച്ച റെഗുലേറ്ററി നിർദേശങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. നടപടി സ്വീകരിക്കാനിടയായ സംഭവത്തില്‍ വിശദീകരണം നടത്താന്‍ ആര്‍ബിഐ ബാങ്കിന് കാരണം കാണിക്കല്‍ നോട്ടിസും കൈമാറിയതായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‌താവനയില്‍ പറയുന്നു.
സൈബർ സുരക്ഷ നിര്‍ദേശങ്ങള്‍ പാലിച്ചില്ല; ബാങ്ക് ഓഫ് ബഹ്‌റൈൻ & കുവൈറ്റ് ബിഎസ്‌സിയ്‌ക്കെതിരെ പിഴയിട്ട് ആര്‍ബിഐ - ആര്‍ബിഐ
ബാങ്കുകളിലെ സൈബർ സുരക്ഷ ചട്ടക്കൂട് സംബന്ധിച്ച റെഗുലേറ്ററി നിർദേശങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്നാണ് ബാങ്ക് ഓഫ് ബഹ്‌റൈൻ & കുവൈറ്റ് ബിഎസ്‌സിയ്‌ക്ക് (ഇന്ത്യ ഓപ്പറേഷൻസ്) എതിരെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നടപടി. 2.66 കോടി രൂപയായാണ് ആര്‍ബിഐ പിഴ ചുമ്ത്തിയത്.
ഡാറ്റാബേസില്‍ അനധികൃതവും അസാധാരണവുമായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ ബാങ്ക് പരാജയപ്പെട്ടു. തത്സമയ വിവരങ്ങളും ബാങ്കിന്‍റെ സുരക്ഷ നിലയെക്കുറിച്ചുള്ള അന്വേഷണം നടത്തുന്നതിനാവശ്യമായ സുരക്ഷ പ്രവര്‍ത്തന കേന്ദ്രം നടപ്പാക്കാനും ബാങ്കിന് സാധിച്ചിട്ടില്ലെന്നും ആര്‍ബിഐ പ്രസ്താവനയില്‍ വ്യക്തമാക്കി. കൂടാതെ ബാങ്കിന്‍റെ ഡാറ്റാബേസിനും സെർവറുകളുടെ ഓപ്പറേറ്റിങ് സിസ്റ്റത്തിനും ഓഡിറ്റ് ലോഗുകൾ പ്രവർത്തനക്ഷമമാക്കുകയും ചെയ്‌തിട്ടുണ്ട്.
പിഴ ചുമത്താതിരിക്കാന്‍ ആവശ്യമായ കാരണം കാണിക്കാനും ആര്‍ബിഐ ബാങ്ക് ഓഫ് ബഹ്‌റൈൻ & കുവൈറ്റ് ബിഎസ്‌സിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ബാങ്കിങ് റെഗുലേഷൻ ആക്റ്റ്, 1949 (നിയമം) പ്രകാരമുള്ള വ്യവസ്ഥകൾ പ്രകാരം ആർബിഐയിൽ നിക്ഷിപ്‌തമായ അധികാരങ്ങൾ ഉപയോഗിച്ചാണ് ഈ പിഴ ചുമത്തിയിരിക്കുന്നത്. റെഗുലേറ്ററി നിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെ പോരായ്‌മകള്‍ അടിസ്ഥാനമാക്കി സ്വീകരിച്ചിരിക്കുന്ന നടപടി ബാങ്ക് ഇടപാടുകാരുമായി ഉണ്ടാക്കിയിട്ടുള്ള ഏതെങ്കിലും ഇടപാടിന്‍റെയോ കരാറിന്‍റെയോ സാധുതയെക്കുറിച്ച് പറയാൻ ഉദ്ദേശിച്ചുള്ളതല്ലെന്നും ആര്‍ബിഐ അറിയിച്ചു.