മുംബൈ :അര്‍ബന്‍ സഹകരണ ബാങ്കുകളുടെ സ്വര്‍ണ വായ്പയുടെ പരമാവധി പരിധി ഇരട്ടിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനമെടുത്തു. നിലവില്‍ സ്വര്ണപ്പണയത്തിന്മേലുള്ള പരമാവധി വായ്പ 2 ലക്ഷമെന്നത് നാലുലക്ഷമാക്കിയാണ് ഉയര്‍ത്തിയിരിക്കുന്നത് (RBI doubles gold loan limits for urban co op banks). ഇക്കഴിഞ്ഞ മാര്‍ച്ച് 31 വരെയുള്ള സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ഗണനാ മേഖലകളില്‍ വായ്പ ലക്ഷ്യം കൈവരിച്ച അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്കാവും ഇതിന്റെ ആനുകൂല്യം ലഭിക്കുക.
അര്‍ബന്‍ സഹകരണ ബാങ്കുകളിലെ എല്ലാ സ്വര്‍ണ പണയ വായ്പകള്‍ക്കും ഈ ആനുകൂല്യം ലഭിക്കില്ല. ബുള്ളറ്റ് റീപെയ്മെന്റ് (Bullet repayment) രീതി തെരഞ്ഞെടുക്കുന്ന ഇടപാടുകാര്‍ക്ക് മാത്രമാകും ഉയര്‍ന്ന വായ്പയ്ക്ക് അര്‍ഹതയുണ്ടാവുക. വായ്പ കാലാവധിയുടെ ഒടുവില്‍ മുതലും പലിശയും ചേര്‍ത്ത് തിരിച്ചടയ്ക്കുന്നതാണ് ബുള്ളറ്റ് റീപെയ്മെന്റ് രീതി. മുന്‍ഗണനാ വായ്പ മേഖലകളില്‍ ലക്ഷ്യം കൈവരിക്കുന്ന അര്‍ബന്‍ സഹകരണ ബാങ്കുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കുമെന്ന് നേരത്തേ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചിരുന്നു.
പ്രധാനമന്ത്രി വിശ്വകര്‍മ്മ പദ്ധതിയെക്കൂടി പെയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഡെവലപ്മെന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചു. പദ്ധതിയുടെ കാലാവധി 2 വര്‍ഷത്തേക്ക് നീട്ടുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു. കറന്‍സി വഴിയുള്ള പണമിടപാട് ചുരുക്കാനും ഡിജിറ്റല്‍ പണ ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കാനും ഉദ്ദേശിച്ച് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ആവിഷ്കരിച്ചതാണ് പെയ്മെന്റ് ഇന്‍ഫ്രാസ്ട്രക്ടര്‍ ഡവലപ്മെന്റ് ഫണ്ട് പദ്ധതി.