ന്യൂഡല്‍ഹി:രാജ്യത്തെ പ്രമുഖ സിനിമ വിതരണക്കാരായ പി.വി.ആര്‍ ലിമിറ്റഡും ഐനോക്‌സ് ലെഷർ ലിമിറ്റഡും ഒന്നിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ മൾട്ടിപ്ലക്‌സ് തിയേറ്റര്‍ ശൃംഖല കെട്ടിപ്പെടുക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം. പിവിആർ ഐനോക്‌സ് ലിമിറ്റഡ് എന്നാകും പുതിയ പേരെന്നും ഈ പേരിലാകും തങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനമെന്നും കമ്പനി അറിയിച്ചു.
ഇതോടെ രാജ്യത്തെ 109 നഗരങ്ങളിലായി 341 പ്രോപ്പർട്ടികളിലായി 1,546 സ്‌ക്രീനുകൾ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം എക്‌സിബിഷൻ കമ്പനിയായി പുതിയ സ്ഥാപനം മാറി. ലയന കരാർ ഞായറാഴ്ച ഒപ്പിട്ടു. ഐനോക്‌സിന്റെ ഓരോ 10 ഓഹരികൾക്കും പിവിആറിന്‍റെ മൂന്ന് ഓഹരികള്‍ എന്ന് തരത്തില്‍ ഷെയറുകളും ലയിപ്പിച്ചിട്ടുണ്ട്.
ഇരും കമ്പനികളുടെയും ഓഹരി ഉടമകളുടെ സമ്മതത്തോടെയാണ് തീരുമാനം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളിലും മാര്‍ക്കറ്റിലും സ്വീകരിക്കേണ്ട നിയമപ്രകാരമായ എല്ലാ നടപടികളും കമ്പനികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. 10 പേര്‍ അടങ്ങുന്ന ബോർഡാകും കമ്പനിയുടെ തലപ്പത്തുണ്ടാകുക. പിവിആര്‍ പ്രൊമോട്ടർമാർക്ക് 10.62 ശതമാനം ഓഹരിയും ഐനോക്സ് പ്രമോട്ടർമാർക്ക് 16.66 ശതമാനം ഓഹരിയും സംയുക്ത സ്ഥാപനത്തിൽ ഉണ്ടായിരിക്കുമെന്നും അത് കൂട്ടിച്ചേർത്തു.