ഇന്നത്തെ കാലത്ത് പല സാമ്പത്തിക ഇടപാടുകളും നമ്മള്‍ ഓണ്‍ലൈനിലൂടെയാണ് നിര്‍വഹിക്കുന്നത്. സേവിങ്സ് അക്കൗണ്ട് തുടങ്ങുന്നത് മുതല്‍ ഓഹരി വിപണയിലെ നിക്ഷേപം വരെ ഇതില്‍ ഉള്‍പ്പെടുന്നു. ഓണ്‍ലൈനിലൂടെയുള്ള സാമ്പത്തിക ഇടപാടുകള്‍ വ്യാപിച്ചത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നതിനും കാരണമായി. ഓണ്‍ലൈന്‍ പണമിടപാടുകള്‍ നടത്തുമ്പോള്‍ ഉണ്ടാകുന്ന അശ്രദ്ധ ഒരു പക്ഷെ ചെന്നെത്തിക്കുക നിങ്ങള്‍ വിയര്‍പ്പൊഴുക്കി ഉണ്ടാക്കിയ പണം സൈബര്‍ തട്ടിപ്പുകാര്‍ കൈക്കലാക്കുന്നതിലേക്കായിരിക്കും.
സൈബര്‍ ക്രിമിനലുകള്‍ കമ്പ്യുട്ടര്‍ ബുദ്ധിരാക്ഷസന്‍മാര്‍ ആണെന്നുള്ളത് കേവലം ഒരു മിത്ത് മാത്രമാണ്. ഉന്നതമായ സങ്കേതിക അറിവിന്‍റെ ബലത്തിലല്ല അവര്‍ മിക്കപ്പോഴും പണം അപഹരിക്കുന്നത്. മറിച്ച് ഇവര്‍ പലപ്പോഴും ആളുകളെ കബളിപ്പിക്കുന്നത് എസ്‌എംഎസ് സന്ദേശങ്ങളിലൂടെയും ഫോണ്‍ കോളുകളിലൂടെയുമാണ്. ബാങ്ക് ജീവനക്കാരാണ് എന്നൊക്കെ പരിചയപ്പെടുത്തികൊണ്ടായിരിക്കും അവര്‍ നിങ്ങളെ ഫോണിലൂടെ ബന്ധപ്പെടുക.
നിങ്ങളുടെ എടിഎം കാര്‍ഡിന്‍റെ അവസാന നമ്പര്‍, സിവിവി, കാലവധി തീരുന്ന തീയതി, ഒടിപി, പിന്‍ എന്നിവ നല്‍കാന്‍ നിങ്ങളോട് ഇവര്‍ ആവശ്യപ്പെടും. ഈ അടിസ്ഥാന വിവരങ്ങള്‍ മാത്രം മതി ഈ തട്ടിപ്പുക്കാര്‍ക്ക് നിങ്ങളുടെ പണം ഇമ ചിമ്മുന്ന വേഗത്തില്‍ കവരാന്‍. സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ബാങ്കുകള്‍ കൂടെക്കൂടെ തങ്ങളുടെ ഉപഭോക്താക്കളെ സൈബര്‍ തട്ടിപ്പുകളില്‍ ജാഗരൂഗരാക്കുന്നത്. വാര്‍ത്ത മാധ്യമങ്ങളും സൈബര്‍ തട്ടിപ്പ് സംബന്ധിച്ച മുന്നറിയിപ്പുകള്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. അടുത്തകാലം വരെ റിസര്‍വ് ബാങ്ക് മാത്രമായിരുന്നു ഇതില്‍ മുന്നറിയിപ്പ് കൂടുതലായി നല്‍കിയിരുന്നത്.
കേമ്പയിനുകള്‍ ആരംഭിച്ച് ബാങ്കുകള്‍:വാണിജ്യബാങ്കുകള്‍ അവരുടെ വെബ്‌സൈറ്റുകളില്‍ സൈബര്‍ തട്ടിപ്പില്‍ നിന്ന് രക്ഷനേടാനുള്ള മുന്‍കരുതല്‍ വിവരങ്ങള്‍ നല്‍കുന്നുണ്ട്. ബാങ്കുകളിലെ എടിഎം മെഷിനുകളിലും ഈ മുന്‍കരുതല്‍ സന്ദേശങ്ങള്‍ ലഭ്യമാക്കുന്നുണ്ട്. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, യുപിഐ എന്നിവയിലൂടെയുള്ള പണമിടപാടുകള്‍ നിരീക്ഷിക്കാനായി പ്രത്യേക സംവിധാനം തങ്ങള്‍ രൂപികരിച്ചിട്ടുണ്ടെന്ന് ഏക്‌സിസ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
സൈബര്‍തട്ടിപ്പില്‍ ഉപഭോക്താക്കളെ ജാഗരൂഗരാക്കുന്നതിന് സ്വകാര്യ ബാങ്കായ ആര്‍ബിഎല്‍ #RahoCyberSafe എന്ന പേരില്‍ കേമ്പയിന്‍ ആരംഭിച്ചിട്ടുണ്ട്. പരിചിതമല്ലാത്ത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്ന് ഈ കേമ്പയിനിലൂടെ ഉപഭോക്താക്കളോട് ബാങ്ക് ആവശ്യപ്പെടുന്നു. തട്ടിപ്പില്‍ നിന്ന് പരിരക്ഷിതമായ ഒരു ബാങ്കിങ് ഒരുക്കുന്നതിന് വേണ്ടി 'Vigil Aunty' എന്ന നൂതന ശൈലിയിലുള്ള കേമ്പയിനുമായി മുന്നോട്ട് വന്നിരിക്കുകയാണ് എച്‌ഡിഎഫ്‌സി ബാങ്ക്.
മറ്റ് പല സ്വകാര്യ പൊതുമേഖല ബാങ്കുകളും പ്രധാനപ്പെട്ട വിവിരങ്ങള്‍ അപരിചതര്‍ക്ക് നല്‍കരുതെന്ന് ആവശ്യപ്പെട്ടുള്ള കേമ്പയിനുകള്‍ നടത്തുന്നുണ്ട്. സൈബര്‍ തട്ടിപ്പുകളെ ഭയന്ന് ഡിജിറ്റല്‍ സേവനങ്ങള്‍ ഉപയോഗിക്കുന്നത് നിര്‍ത്തിയ പല ആളുകളുമുണ്ട്. ഇവരില്‍ ഡിജിറ്റല്‍ സേവനങ്ങളിലുള്ള ആത്മവിശ്വാസം ജനിപ്പിക്കാനാണ് ഈ കാമ്പയിനുകളെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു.
പരിരക്ഷ ഒരുക്കി ധനകാര്യ സ്ഥാപനങ്ങള്‍:എച്‌ഡിഎഫ്‌സി ഇര്‍ഗോ, ഐസിഐസിഐ ലൊമ്പാര്‍ഡ് ജെനറല്‍ ഇന്‍ഷൂറന്‍സ്, ബജാജ് ജനറല്‍ ഇന്‍ഷുറന്‍സ് എന്നീ കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് വ്യക്തിഗത സൈബര്‍ സുരക്ഷ പരിരക്ഷ നല്‍കുന്നുണ്ട്. നിങ്ങളുടെ പങ്കാളിത്തമില്ലാതെ നിങ്ങളുടെ രഹസ്യാത്മക ബാങ്കിങ് വിവരങ്ങള്‍ തട്ടിയെടുത്തുകൊണ്ട് പണം അപഹരിക്കപ്പെടുന്ന സംഭവങ്ങളില്‍ മേല്‍പ്പറഞ്ഞ കമ്പനികള്‍ നിങ്ങള്‍ക്ക് നഷ്‌ടപരിഹാരം നല്‍കും. കമ്പ്യൂട്ടറുകളും മൊബൈല്‍ ഫോണുകളും ഹാക്ക് ചെയ്‌ത് കൊണ്ട് പണം അപഹരിക്കപ്പെടുന്നതിലും പരിരക്ഷ ഉറപ്പാക്കും. ഒടിപിക്ക് പുറമെ മറ്റൊരു സുരക്ഷ വിവരവും ആവശ്യപ്പെട്ട് കൊണ്ട് പല ബാങ്കുകളും ദ്വികവച സുരക്ഷ ഒരുക്കുന്നു.
സുരക്ഷയ്‌ക്ക് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: സുരക്ഷിതമായ ഡിജിറ്റല്‍ ബാങ്കിങ് ഉറപ്പുവരുത്താന്‍ ഓണ്‍ലൈന്‍ ബാങ്കിങ്ങിനും മൊബൈല്‍ ആപ്പിലും ഒരേ പാസ്‌വേര്‍ഡ് ഉപയോഗിക്കരുത്. അനൗദ്യോഗിക ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യരുത്. നിക്ഷേപത്തില്‍ അസാധാരണ ലാഭം വാഗ്‌ധാനം ചെയ്യുന്ന സന്ദേശങ്ങളില്‍ വിശ്വസിക്കരുത്.
ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാന്‍ ആവശ്യപ്പെട്ട് കൊണ്ടുള്ള തട്ടിപ്പുകള്‍ വ്യാപകമാണെന്ന് മനസിലാക്കണം. നിങ്ങളുടെ ബാങ്കിന്‍റെ റിലേഷന്‍ഷിപ്പ് മാനേജര്‍ വിളിക്കുകയാണെങ്കില്‍ അദ്ദേത്തിന്‍റെ നമ്പരും മറ്റ് വിശദാംശങ്ങളും ഓണ്‍ലൈന്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെടും. സൗജന്യമായി നല്‍കപ്പെടുന്ന വൈഫൈ ഉപയോഗിച്ച് ബാങ്കിങ് ഇടപാടുകള്‍ നടത്താതിരിക്കാന്‍ ശ്രദ്ധിക്കണം.