ന്യൂഡല്‍ഹി: ആം ആദ്‌മി പാര്‍ട്ടി വക്‌താവ് ജാസ്‌മിന്‍ ഷായേയും എഎപി എംപി എന്‍.ഡി ഗുപ്‌തയുടെ മകന്‍ നവീന്‍ എന്‍.ഡി ഗുപ്‌തയേയും സ്വകാര്യ ഡിസ്‌കോം ബോര്‍ഡിലെ സര്‍ക്കാര്‍ നോമിനി സ്ഥാനത്ത് നിന്നു നീക്കി ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്‌സേന. നിയമവിരുദ്ധമായി ആ സ്ഥാനം കൈവശപ്പെടുത്തിയെന്നറിയിച്ചാണ് ഇരുവരെയും സര്‍ക്കാര്‍ നോമിനി സ്ഥാനത്തുനിന്ന് മാറ്റിയത്. അതേസമയം മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഈ സ്ഥാനത്തേക്ക് പകരം നിയമിച്ചതായും അദ്ദേഹം പ്രസ്‌താവനയില്‍ വ്യക്തമാക്കി.
കസേര പോയ വഴി: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള ബിവൈപിഎല്‍, ബിആര്‍പിഎല്‍ എന്നിവയും ടാറ്റയുടെ അധീനതയിലുള്ള എന്‍ഡിപിഡിസിഎല്ലും ഉള്‍പ്പെടുന്ന സ്വകാര്യ ഡിസ്‌കോമുകളുടെ ബോര്‍ഡിലേക്ക് സര്‍ക്കാര്‍ നോമിനിയായി എഎപി വക്താവ് ജാസ്‌മിന്‍ ഷായേയും എഎപി എംപി എന്‍.ഡി ഗുപ്‌തയുടെ മകന്‍ നവീന്‍ എന്‍.ഡി ഗുപ്‌തയേയും നിയമിച്ചത് നിയമവിരുദ്ധമായാണ് കാണിച്ചും ഉടന്‍ തന്നെ മാറ്റാനും ആവശ്യപ്പെട്ട് ഡല്‍ഹി ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ വി.കെ സക്‌സേന ഉത്തരവിട്ടു. അനിൽ അംബാനിയുടെ ഉടമസ്ഥതയിലുള്ള ഡിസ്‌കോമുകളുടെ ബോർഡുകളിലെ സ്വകാര്യ പ്രതിനിധികളുമായി സഹകരിച്ച് ഇരുവരും പൊതു ഖജനാവില്‍ നിന്ന് 8000 കോടി രൂപ നേടിയെടുത്തെന്നും ലഫ്‌റ്റനന്‍റ് ഗവര്‍ണര്‍ പ്രസ്‌താവനയില്‍ അറിയിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. മാത്രമല്ല ഷീല ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഈ ഡിസ്‌കോമുകള്‍ നിലവില്‍ വന്നതു മുതല്‍ തന്നെ അംബാനിയുടെയും ടാറ്റയുടെയും ഉടമസ്ഥതയിലുള്ള ഡിസ്‌കോമുകളില്‍ ധനകാര്യ സെക്രട്ടറി, ഊര്‍ജ വകുപ്പ് സെക്രട്ടറി, എംഡി എന്നിവരാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ചിരുന്നതെന്നും പ്രസ്‌താവനയില്‍ പറയുന്നു.