ഹൈദരാബാദ്: ജീവിതത്തില്‍ സംഭവിക്കുന്ന ചെറിയ അപകടം പോലും കുടുംബത്തെ മുഴുവന്‍ സാമ്പത്തികമായും വൈകാരികമായും അസ്വസ്ഥരാക്കാറുണ്ട്. സാധാരണയായി ജീവിതം മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുന്നതിനിടെ അപ്രതീക്ഷിതമായി ഒരു അപകടം ഉണ്ടായാല്‍ എന്ത് ചെയ്യും എന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കില്‍ ഉടന്‍ തന്നെ ചിന്തിച്ച് തുടങ്ങണം.
നമ്മുടെ കുടുംബത്തിന് ആവശ്യമായ സാമ്പത്തിക സംരക്ഷണം നല്‍കാനുള്ള ക്രമീകരണങ്ങള്‍ നാം ചെയ്യേണ്ടതുണ്ട്. ഇത്തരത്തിലുണ്ടാകുന്ന അപകടങ്ങളില്‍ സാമ്പത്തിക പരിരക്ഷ ലഭിക്കാനായി അപകട ഇന്‍ഷുറന്‍സ് പോളിസികള്‍ എടുക്കാവുന്നതാണ്. ഇന്‍ഷുറന്‍സ് പോളിസികള്‍ക്ക് ജീവിതത്തില്‍ വലിയ സ്ഥാനമുണ്ട്. കാരണം അത്രയും അരക്ഷിതമായ ചുറ്റുപാടിലാണ് നാം ജീവിക്കുന്നത് എന്നത് കൊണ്ട് തന്നെ.
നമ്മളില്‍ മിക്കവര്‍ക്കും സ്വന്തമായി വാഹനമുള്ളവരാണ്. അതിനെല്ലാം നമ്മള്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിരിക്കും. എന്നാല്‍ അപകടത്തില്‍പ്പെട്ട് എന്തെങ്കിലും പരിക്കേറ്റാല്‍ നമുക്ക് എങ്ങനെ പരിരക്ഷ ലഭിക്കും എന്നതിനെ കുറിച്ച് നമ്മള്‍ ബോധവാന്മാരല്ല.
കൊവിഡ് കാലഘട്ടത്തിന് ശേഷം പലരും സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യാന്‍ താത്‌പര്യപ്പെടുന്നവരാണ്. അതുകൊണ്ട് തന്നെ നിരത്തുകളില്‍ ഇപ്പോള്‍ വാഹനങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ അപ്രതീക്ഷിതമായ അപകടങ്ങളിൽ നിന്ന് സാമ്പത്തികമായി നമ്മെ സ്വയം സംരക്ഷിക്കുകയും കുടുംബത്തിന് സുരക്ഷിതത്വം നൽകുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അപകട ഇന്‍ഷുറന്‍സ് പോളിസി അത്തരം ഏതെങ്കിലും അപകടമുണ്ടായാല്‍ സാമ്പത്തിക പരിരക്ഷ നല്‍കും.
വാഹനങ്ങളില്‍ സഞ്ചരിക്കുന്ന സമയത്തുണ്ടാകുന്ന അപകടം ചിലപ്പോള്‍ മരണത്തിലേക്കോ ശാരീരിക വൈകല്യങ്ങളിലേക്കോ നയിച്ചേക്കാം. പോളിസി ഉടമകള്‍ക്ക് അപകടം സംഭവിച്ചാല്‍ കുടുംബത്തെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിടാതിരിക്കാന്‍ അത് സഹായിക്കുന്നു.
പോളിസി എടുക്കേണ്ട പ്രായവും ലഭിക്കുന്ന തുകയും:18 വയസ് മുതല്‍ 65 വയസ് വരെയുള്ള ആര്‍ക്കും ഇന്‍ഷുറന്‍സ് പോളിസിയില്‍ ചേരാം. എന്നാല്‍ മൂന്ന് വയസ് മുതല്‍ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നവരുമുണ്ട്. 18 വയസിന് മുമ്പ് ചേരുകയാണെങ്കില്‍ രക്ഷിതാക്കളുടെ ബാധ്യസ്ഥതയില്‍ ക്ലെയിം ലഭിക്കും. അപകടം സംഭവിച്ചതിന് ശേഷമുണ്ടാകുന്ന അധിക ചെലവുകള്‍ അതായത് മെഡിക്കൽ ചെലവുകൾ, ലോണുകൾ, ഇഎംഐകൾ, മറ്റ് ആവശ്യങ്ങൾ എന്നിവ നിറവേറ്റുന്നതിനായി അപകട ഇൻഷുറൻസ് പോളിസിയിൽ ഒരു തുക ലഭിക്കും. ഇത്തരത്തില്‍ ലഭിക്കുന്ന തുക വിവിധ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാം. ഒരുലക്ഷം രൂപ മുതല്‍ 25 കോടി രൂപ വരെയുള്ള ഇന്‍ഷുറന്‍സ് പോളിസികളുണ്ട്.
പോളിസി ഉടമയായ ഒരാള്‍ ഏതെങ്കിലും അപകടത്തില്‍പ്പെട്ട് മരിച്ചാല്‍ നോമിനിയ്‌ക്ക് പോളിസി കമ്പനിയില്‍ നിന്നും വന്‍ തുക ലഭിക്കും. ഇനി അപകടത്തില്‍ സുഖം പ്രാപിക്കാനാകാത്ത വിധം അംഗവൈകല്യം സംഭവിച്ചുവെന്നിരിക്കട്ടെ ഇന്‍ഷുറന്‍സ് കമ്പനി നല്‍കുക ഇരട്ടി തുകയായിരിക്കും. അപകടത്തില്‍പ്പെട്ട് പോളിസി ഉടമയ്‌ക്ക് ശരീരത്തിന്‍റെ ഏതെങ്കിലും ഭാഗമോ കാഴ്‌ചയോ കേള്‍വിയോ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍ പോളിസിയുടെ നിബന്ധനകള്‍ക്ക് അനുസരിച്ചുള്ള ചികിത്സ ചെലവ് ലഭിക്കും.
വ്യക്തിയുടെ സ്റ്റാറ്റസും അപകടത്തിന്‍റെ ആഴവും വിലയിരുത്തി 25 മുതല്‍ 90 ശതമാനം വരെയാകും തുക ലഭിക്കുക. ചിലപ്പോഴൊക്കെ അപകടത്തിൽ പെടുന്നവർക്ക് പരിക്ക് ഗുരുതരമല്ലെങ്കിൽ പോലും ഡോക്‌ടർമാർ വിശ്രമം നിർദേശിക്കാറുണ്ട്. ഈ സാഹചര്യത്തിൽ പരിക്കേറ്റ വ്യക്തിക്ക് വരുമാനം നഷ്‌ടപ്പെടും.
എന്നാല്‍ ആ സമയത്തെ ചെലവുകൾക്ക് പണം ആവശ്യമായി വരികയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ അവരെ പരിരക്ഷിക്കുന്നതിന് പോളിസിയുടെ നിബന്ധനകൾ അനുസരിച്ച് ഇൻഷുറൻസ് കമ്പനി ഒരു നിശ്ചിത തുക ദിവസേനയോ അല്ലെങ്കില്‍ ആഴ്‌ചയിലോ നൽകുകയും ചെയ്യും.