ഇസ്‌ലാമാബാദ്: ഡോളറിനെതിരെ എക്കാലത്തെയും താഴ്ന്ന നിരക്കിലേക്ക് കൂപ്പുകുത്തി പാകിസ്ഥാൻ കറൻസി. ഡോളറിനെതിരെ പാക് കറൻസിയുടെ മൂല്യം എക്കാലത്തെയും താഴ്‌ന്ന നിരക്കായ 255 രൂപയിലേക്കാണ് കൂപ്പുകുത്തിയത്. 24 രൂപയാണ് ഒറ്റ ദിവസം കൊണ്ട് ഇടിഞ്ഞത്. രാജ്യാന്തര നാണ്യ നിധിയില്‍ നിന്ന് (ഐഎംഎഫ്) കൂടുതല്‍ വായ്‌പ ലഭിക്കുന്നതിന് എക്‌സ്‌ചേഞ്ച് നിരക്കില്‍ അയവുവരുത്തിയതാണ് മുല്യം കുത്തനെ ഇടിയാന്‍ കാരണം.
കഴിഞ്ഞ ദിവസമാണ് സാമ്പത്തിക തകർച്ചക്ക് ആക്കം കൂട്ടി പാക് കറൻസിയുടെ മൂല്യം കൂപ്പുകുത്തിയത്. ഇതിന് പിന്നാലെ ഡോളര്‍-രൂപ നിരക്കിന്‍മേലുള്ള പരിധി പാകിസ്ഥാനിലെ മണി എക്‌സ്‌ചേഞ്ച് കമ്പനികള്‍ ബുധനാഴ്‌ച മുതല്‍ ഒഴിവാക്കിയിരുന്നു. കറന്‍സി നിരക്കിന്‍ മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം ഒഴിവാക്കാനും മാര്‍ക്കറ്റ് അനുസരിച്ച് നിരക്ക് നിര്‍ണയിക്കാനും ഐഎംഎഫ് നേരത്തെ പാക് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
പാകിസ്ഥാൻ ഇതിനകം ലോകരാജ്യങ്ങൾക്ക് 100 ബില്യണ്‍ ഡോളർ കടപ്പെട്ടിരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. അതിൽ 21 ബില്യണ്‍ യുഎസ് ഡോളർ ഈ സാമ്പത്തിക വർഷം തിരിച്ചു കൊടുക്കേണ്ടതായുണ്ട്. ഇതിനിടെയാണ് രാജ്യത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഉടലെടുത്തത്.
നിലവിൽ കഴിഞ്ഞവര്‍ഷം അനുവദിച്ച ശേഷം ഐഎംഎഫ് തടഞ്ഞുവച്ചിരിക്കുന്ന 6.5 ബില്യണ്‍ ഡോളര്‍ സഹായം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍.
ഭക്ഷണത്തിനായി തെരുവിലിറങ്ങി ജനം: സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാകിസ്ഥാനില്‍ ഭക്ഷ്യ സാധനങ്ങളുടെ വിലയും കുത്തനെ വര്‍ധിക്കുകയാണ്. രാജ്യത്തെ ചിലയിടങ്ങളില്‍ ഒരു കിലോ ധാന്യപ്പൊടിക്ക് 3000 രൂപ വരെയാണ് വില. ഭക്ഷണത്തിനായി ജനങ്ങള്‍ തമ്മിലടിക്കുന്നതിന്‍റെയും ഭക്ഷണവുമായി പോകുന്ന ട്രക്കുകള്‍ക്ക് പിന്നാലെ ഓടുന്നതിന്‍റെയും ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.