സാമ്പത്തിക പ്രതിസന്ധിയെ മറികടക്കുവാനോ അല്ലെങ്കില്‍ കാര്‍, വീട് തുടങ്ങിയ വസ്‌തുവകകള്‍ വാങ്ങുവാനോ ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നത് ലോണുകളെയാണ്. ഭവന വായ്‌പ, കാര്‍ ലോണ്‍, വ്യക്തിഗത ലോണ്‍, വസ്‌തുവകകള്‍ പണയപ്പെടുത്തി എടുക്കുന്ന ലോണ്‍, വിദ്യാഭ്യാസ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് ലോണ്‍ തുടങ്ങിയ വിവിധ തരത്തിലുള്ള ലോണുകള്‍ ഇന്ന് ലഭ്യമാണ്. ഇത്തരം ലോണുകളെക്കുറിച്ച് ശരിയായ ഒരു ധാരണയുണ്ടാക്കേണ്ടതും ലോണ്‍ ലഭിച്ചാല്‍ അത് ശരിയായ വിധത്തില്‍ കൈകാര്യം ചെയ്യേണ്ടതിനുമായി ഒരു പദ്ധതി തയ്യാറാക്കുക അനിവാര്യമാണ്.
അത്തരത്തിലൊരു പദ്ധതി തയ്യാറാക്കാതെയാണ് ലോണ്‍ തുക ചിലവഴിക്കുന്നതെങ്കില്‍ പലിശയിനത്തില്‍ കൂടുതല്‍ തുക ചിലവഴിക്കേണ്ടതായും അധികം നേട്ടങ്ങളൊന്നും കൂടാതെ ലോണ്‍ അടച്ചുതീര്‍ക്കേണ്ടതായി വരുകയും ചെയ്യും. ആര്‍ബിഐ റിപ്പോ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ഭവനവായ്‌പയുടെ പലിശയും ക്രമാതീതമായി ഉയര്‍ന്നു. എല്ലാ ബാങ്കുകളും അവരുടെ റിപ്പോ അടിസ്ഥാനമാക്കിയുള്ള വായ്‌പ നിരക്കുകൾ ഇതിനകം പരിഷ്‌കരിച്ചിട്ടുണ്ട്.
ഭവനവായ്‌പ അടയ്‌ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:അതിനാല്‍ തന്നെ ലോണിന്‍റെ കാലയളവിലും കാര്യമായ രീതിയില്‍ തന്നെ മാറ്റം സംഭവിച്ചു. 20 വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കേണ്ട ലോണ്‍ ഇപ്പോള്‍ അടച്ചുതീര്‍ക്കാന്‍ 27-28 വര്‍ഷമെടുക്കും. അതിനാലാണ് ഭവനവായ്‌പ എടുത്തവര്‍ വളരെ വേഗം തന്നെ ലോണ്‍ തിരിച്ചടയ്‌ക്കാന്‍ വ്യഗ്രത കാണിക്കുന്നത്.
നിലവില്‍ ഭവന വായ്‌പയും കാര്‍ വായ്‌പയും വ്യക്തിഗത വായ്‌പയും ഉള്ളവര്‍ ഏത് ആദ്യം തിരിച്ചടയ്‌ക്കണമെന്ന ആശയക്കുഴപ്പത്തിലാണ്. ഉയര്‍ന്ന പലിശയുള്ള വായ്‌പ ആദ്യം തിരിച്ചടയ്‌ക്കാനാണ് സാമ്പത്തിക വിദഗ്‌ധര്‍ നിര്‍ദേശിക്കുന്നത്. വ്യക്തിഗത വായ്‌പയുടെ പലിശ 16 ശതമാനമാണ്.
അടച്ച പലിശയ്ക്ക് നികുതിയിളവ് ലഭിക്കില്ല. ക്രെഡിറ്റ് കാര്‍ഡ് അടിസ്ഥാനമാക്കി ലോണെടുക്കുകയാണെങ്കിലും ഇതേ അവസ്ഥ തന്നെയാവും നേരിടേണ്ടി വരിക. നിലവില്‍ ഭവനവായ്‌പയുടെ പലിശ എന്നത് 8.75-9 ശതമാനമാണ്.