ഈയടുത്ത കാലം വരെ ഉറപ്പായ വരുമാനം ലഭിക്കുന്നതിനായി മിക്കയാളുകളും സ്ഥിര നിക്ഷേപങ്ങളാണ് (FD) തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ കാലാനുസൃതമായി മാറ്റങ്ങള്‍ വന്നതോടെ ബാങ്കുകളിലെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങളും നമ്മുടെ മുന്നിലേക്കെത്തി. ഫിന്‍ടെക് സ്ഥാപനങ്ങളുടെ കടന്ന് വരവോടെയാണ് സ്ഥിതിഗതികള്‍ അപ്പാടെ മാറുന്നത്.
പൊതുവെ നിക്ഷേപകര്‍ അവരുടെ സമ്പാദ്യത്തിന് സുരക്ഷിതത്വവും ഉറപ്പായ വരുമാനം ലഭിക്കുന്നതുമായ മാര്‍ഗങ്ങളാണ് തെരഞ്ഞെടുക്കുന്നത്. ഇക്കാരണം കൊണ്ട് തന്നെ ബാങ്ക്, പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളാണ് ഒട്ടുമിക്ക പേരും ഇപ്പോഴും ആശ്രയിക്കുന്നത്. എന്നാല്‍ ചിലരെങ്കിലും ചെറിയ റിസ്‌കുകള്‍ എടുക്കുകയും പുതിയ നിക്ഷേപ പ്ലാനുകളിലേക്ക് മാറുകയും ചെയ്‌തിട്ടുണ്ട്.
പരമ്പരാഗത സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബദല്‍ മാര്‍ഗം വാഗ്‌ദാനം ചെയ്‌തുകൊണ്ട് നിക്ഷേപത്തിലെ ഈ പുതിയ ട്രെന്‍ഡ് മുതലെടുക്കുകയാണ് ഫിന്‍ടെക് കമ്പനികള്‍. ആകര്‍ഷകമായ പ്ലാനുകള്‍ നല്‍കി കൊണ്ട് അപകടസാധ്യത വർധിപ്പിച്ച് നിക്ഷേപകരെ ചൂഷണം ചെയ്‌തുകൊണ്ടിരിക്കുകയാണ് ഈ കമ്പനികള്‍.
എന്‍ബിഎഫ്‌സി നിക്ഷേപവും സുരക്ഷയും:സ്ഥിര നിക്ഷേപങ്ങള്‍ക്ക് (FD) മത്സരാധിഷ്‌ഠിത ബദലുകള്‍ വാഗ്‌ദാനം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കീഴിലുള്ള നോണ്‍ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs). വിപണിയിലെ പുതിയ സാധ്യതകള്‍ കണ്ടെത്താനായി പ്രവര്‍ത്തിക്കുന്ന നവയുഗ സ്ഥാപനങ്ങളാണ് ഇവയില്‍ മിക്കതും. ഉദാഹരണത്തിന് ഇത്തരം സ്ഥാപനങ്ങളില്‍ പലതും 14-15 ശതമാനം പലിശയ്ക്ക് ഭവന, കാർ വായ്‌പകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്.
ചില സ്ഥാപനങ്ങള്‍ നിക്ഷേപകർക്ക് 12-13 ശതമാനം പലിശയും വാഗ്‌ദാനം ചെയ്യുന്നു. അപ്രായോഗികമായ ഒന്നാണിതെന്ന് എല്ലാവര്‍ക്കുമറിയുന്ന കാര്യമാണ്. അതിനാല്‍ തന്നെ ഇത്തരം സ്ഥാപനങ്ങളില്‍ നിക്ഷേപം നടത്തുന്നത് അപകടസാധ്യത വര്‍ധിപ്പിച്ചേക്കാമെന്നത് വ്യക്തമാണ്. എന്‍ബിഎഫ്‌സികളില്‍ വായ്‌പകള്‍ എടുത്തവർ തിരച്ചടയ്ക്കാതിരുന്നാല്‍ നിക്ഷേപകരുടെ പണം നഷ്‌ടപ്പെടാനുള്ള സാധ്യത കൂടുതലാണ്.
ബാങ്കുകളിലെ സ്ഥിര നിക്ഷേപവുംഎന്‍ബിഎഫ്‌സിയും:നിങ്ങള്‍ക്ക് അക്കൗണ്ടുള്ള ബാങ്കിൽ പോയാൽ അവിടത്തെ ജീവനക്കാര്‍ ഓരോ ഉപഭോക്താവിന്‍റെയും പേരില്‍ സ്ഥിര നിക്ഷേപങ്ങൾ തുടങ്ങുന്നതിന് വേണ്ട സഹായങ്ങള്‍ ചെയ്യും. എന്നാല്‍ എന്‍ബിഎഫ്‌സികളുടെ കാര്യത്തിൽ ഇത് തികച്ചും വ്യത്യസ്‌തമാണ്. സാങ്കേതിക വിദ്യയുടെ സഹായത്തോടെയാകും ഇവിടെ നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നത്. വായ്‌പ ആവശ്യമുള്ള വ്യക്തി/നിക്ഷേപകര്‍ ഇവിടെ ഫിൻടെക് സ്ഥാപനവുമായി കരാറില്‍ ഏര്‍പ്പെടേണ്ടതുണ്ട്.
എന്‍ബിഎഫ്‌സി നടപടിക്രമങ്ങള്‍:ലോണ്‍ നല്‍കുന്നവരെയും ലോണ്‍ സ്വീകര്‍ത്താക്കളെയും ബന്ധിപ്പിക്കുന്നതിലാണ് എന്‍ബിഎഫ്‌സികള്‍ പ്രധാന പങ്ക് വഹിക്കുന്നത്. ചില നിയന്ത്രണങ്ങള്‍, പരിമിതികൾ എന്നിവ അടിസ്ഥാനമാക്കിയാകും അവര്‍ വായ്‌പ സ്വീകര്‍ത്താക്കളെ തെരഞ്ഞെടുക്കുക. വായ്‌പ അനുവദിക്കുന്നതിന് മുന്‍പ് ബാങ്കുകള്‍ സ്വീകരിക്കുന്ന നടപടിക്രമങ്ങള്‍ ഇത്തരം സ്ഥാപനങ്ങള്‍ പാലിക്കാറില്ല.
വ്യവസ്ഥകൾക്ക് അനുസൃതമായി വായ്‌പ തിരിച്ചടച്ചില്ലെങ്കിൽ എൻബിഎഫ്‌സികൾക്ക് യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് ഇവരുടെ കരാറില്‍ പറയുന്നുണ്ടെന്നതാണ് പ്രസക്തം. എന്തെങ്കിലും പിഴവുകള്‍ സംഭവിച്ചാല്‍ നിക്ഷേപകരെ കാത്തിരിക്കുന്നത് വലിയ നഷ്‌ടമാകും. അതിനാല്‍ തന്നെ ഇത്തരം പ്ലാനുകള്‍ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്നവര്‍ നിക്ഷേപങ്ങളില്‍ നിയമപരമായ എന്തെങ്കിലും സംരക്ഷണം ലഭ്യമാണോ എന്ന് അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്.