ന്യൂഡല്‍ഹി: വൈദ്യുതി ഉത്‌പാദനം, സിഎന്‍ജി വാഹനങ്ങളുടെ പ്രവര്‍ത്തനം എന്നിവയുടെയെല്ലാം പ്രധാന സ്രോതസായ പ്രകൃതിവാതക വില നാല്‍പത് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്ത് മൂന്നിൽ രണ്ട് ഭാഗവും വരുന്ന വാതക ഉത്‌പാദകര്‍ ഉത്‌പാദിപ്പിക്കുന്ന വാതകത്തിന് നല്‍കേണ്ടുന്ന തുക 6.1 ഡോളറിൽ നിന്ന് 8.57 യുഎസ് ഡോളറായി ഉയർത്തിയതായി പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെൽ (പിപിഎസി) അറിയിച്ചു. അതേസമയം, റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിലെയും അവരുടെ പങ്കാളിയായ കെജി ബേസിനില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയം പിഎൽസിയില്‍ നിന്നുമുള്ള ഗ്യാസിന്‍റെ വില മെട്രിക് മില്യണ്‍ ബ്രിട്ടീഷ് തെര്‍മലിന് (എംഎംബിടിയു) 9.92 ഡോളറിൽ നിന്ന് 12.6 ഡോളറായി ഉയർത്തിയതായും ഉത്തരവിലുണ്ട്.
മുംബൈ തീരത്തെ ഒഎൻജിസിയുടെ ബാസെയിൻ ഫീൽഡ് പോലെയുള്ള നിയന്ത്രിത ഫീൽഡുകൾക്കും, കെജി ബേസിൻ പോലുള്ള ഫ്രീ മാർക്കറ്റ് ഏരിയകൾക്കും ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കുകളാണിത്. മാത്രമല്ല അന്താരാഷ്‌ട്ര വിപണിയില്‍ വിലയില്‍ കാര്യമായ മാറ്റങ്ങളില്ലാതെ തുടരുമ്പോള്‍ 2019 ഏപ്രിലിന് ശേഷം രാജ്യത്തെ മൂന്നാമത്തെ നിരക്കു വർദ്ധനയാണിത്. ഇതുകൂടാതെ ഒരു വർഷത്തിനുള്ളിൽ വിലയിലുണ്ടായ 70 ശതമാനത്തിലധികമുള്ള കുത്തനെയുള്ള വർധനവ് സിഎൻജിയുടെയും പൈപ്പ്ഡ് നാച്ചുറൽ ഗ്യാസിന്റെയും (പിഎൻജി) നിരക്കിലും പ്രതിഫലിക്കും.