കേരളം

kerala

മരച്ചീനി ഇല ഇനി അധികപ്പറ്റാകില്ല, ഇലയില്‍ നിന്ന് കുറഞ്ഞ ചെലവില്‍ പ്രകൃതിവാതകം; പുതിയ കണ്ടെത്തലുമായി ഗവേഷകര്‍

ഉപയോഗ യോഗ്യമല്ലാത്ത മരച്ചീനി ഇലയില്‍ നിന്ന് ചെലവ് കുറഞ്ഞ രീതിയില്‍ പ്രകൃതിവാതകം, മരുന്ന് എന്നിവ ഉത്‌പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രത്തിലെ ഗവേഷകര്‍

By

Published : Feb 10, 2023, 8:39 PM IST

Published : Feb 10, 2023, 8:39 PM IST

chemical compounds from Tapioca leaves  Natural gas and chemical compounds  Tapioca leaves  Natural gas from Tapioca leaves  പ്രകൃതിവാതകം  മരച്ചീനി ഇലയില്‍ നിന്ന് പ്രകൃതിവാതകം  ശ്രീകാര്യം കിഴങ്ങ് ഗവേഷണ കേന്ദ്രം  മരച്ചീനി ഇല  മരച്ചീനി ഇലയില്‍ നിന്ന് മരുന്ന്
മരച്ചീനി ഇലയില്‍ നിന്ന് പ്രകൃതിവാതകവും മരുന്നും

മരച്ചീനി ഇലയില്‍ നിന്ന് പ്രകൃതിവാതകവും മരുന്നും

തിരുവനന്തപുരം: മലയാളിക്ക് ഏറെ പ്രിയപ്പെട്ട കിഴങ്ങാണ് കപ്പ അഥവ മരച്ചീനി. പല രൂപത്തിലും ഭാവത്തിലും മരച്ചീനി മലയാളിയുടെ തീൻമേശയെ അലങ്കരിക്കുന്നു. മണ്ണിനടിയിലെ മരച്ചീനി വിളവെടുത്തു കഴിഞ്ഞാൽ അതിന്‍റെ ഇലയും കമ്പും കർഷകന് പോലും ഒരു അധികപ്പറ്റാണ്.

മരച്ചീനി ഇല ഭക്ഷിച്ച് പലപ്പോഴും ആടുമാടുകള്‍ ചത്ത് വീഴാറുമുണ്ട്. എന്നാൽ ഇത് ഉപയോഗിച്ച് പ്രകൃതിവാതകവും മരുന്നും ഉത്‌പാദിപ്പിക്കാമെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു കൂട്ടം ഗവേഷകർ. തലസ്ഥാനത്തെ ശ്രീകാര്യത്ത് സ്ഥിതിചെയ്യുന്ന കേന്ദ്ര കിഴങ്ങ് ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ. സി എ ജയപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘത്തിന്‍റെതാണ് ഈ കണ്ടെത്തൽ.

ജൈവ വസ്‌തുക്കളിൽ നിന്നും പ്രകൃതിവാതകം ഉണ്ടാക്കുന്നത് ഒരു പുതിയ കാര്യമൊന്നുമല്ല. മരച്ചീനി ഇലയിൽ നിന്നും ജൈവ കീടനാശിനി ഉത്പാദിപ്പിക്കുന്ന രീതി ഡോ. ജയപ്രകാശിന്‍റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. ഇതിൽ നിന്ന് വീണ്ടും ബാക്കിയാകുന്ന പദാര്‍ഥത്തില്‍ നിന്നും ചെലവ് കുറഞ്ഞ രീതിയിൽ പ്രകൃതിവാതകം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലിന്‍റെ പ്രത്യേകത.

പ്രീ ട്രീറ്റ്‌മെന്‍റ് ഇല്ലാതെ പ്രകൃതി വാതകം: രാജ്യത്ത് വർഷത്തിൽ ഒരു ഫാക്‌ടറി എന്ന നിലയിലാണ് പ്രകൃതിവാതക ഉത്പാദന ഫാക്‌ടറികൾ അടച്ചുപൂട്ടുന്നത്. ജൈവമാലിന്യ ശേഖരണത്തിൽ ഉണ്ടാകുന്ന വീഴ്‌ചയും ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് മുൻപായുള്ള പ്രീ ട്രീറ്റ്‌മെന്‍റ് ചെലവുമാണ് പലപ്പോഴും ഇതിന് കാരണം. മരച്ചീനി ഇലയിൽ നിന്നും ഇത്തരത്തിൽ പ്രകൃതിവാതകം ഉത്‌പാദനത്തിന് പ്രീ ട്രീറ്റ്‌മെന്‍റ് ആവശ്യമില്ല.

നിലവിൽ രാജ്യത്ത് 12 ഓളം ഫാക്‌ടറികൾ മാത്രമാണ് പ്രകൃതിവാതക ഉത്പാദനം നടത്തുന്നത്. കേരളത്തിൽ ഒരു ഫാക്‌ടറി പോലും പ്രവർത്തിക്കുന്നുമില്ല. ദിനംപ്രതി തകർന്നടിയുന്ന ഈ വ്യവസായത്തിന് ഒരു പുത്തൻ ഊർജം നൽകാൻ ഈ ഗവേഷണത്തിന് സാധിക്കും എന്നത് തന്നെയാണ് ഇതിന്‍റെ പ്രത്യേകത.

തമിഴ്‌നാട് കഴിഞ്ഞാൽ രാജ്യത്ത് ഏറ്റവും കൂടുതൽ മരച്ചീനി കൃഷി നടത്തുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് 54,730 ഹെക്‌ടർ ഭൂമിയിൽ 17,25,980 ടൺ മരച്ചീനി ഉത്പാദനമാണ് ഓരോ മാസവും നടക്കുന്നത്. രാജ്യത്തെ മരച്ചീനി ഉത്‌പാദനത്തിന്‍റെ 31.67% സംസ്ഥാനത്താണ് നടക്കുന്നത്.

ഒരു ടണ്‍ മരച്ചീനി ഇലയില്‍ നിന്ന് 51 കിലോ മീഥൈന്‍: ജൈവമാലിന്യ ശേഖരണത്തിന് ഒരു ഏകീകൃത ജാലകത്തിനുള്ള സാധ്യതയും ഈ ഗവേഷണത്തിലൂടെ തുറക്കപ്പെടുന്നു. 60 ഹെക്‌ടർ മരച്ചീനി കൃഷിയിൽ നിന്നും ഒരു ടൺ മരച്ചീനി ഇലയാണ് ബാക്കിയാകുന്നത്. ഇതിൽ നിന്നും 1,429 കിലോ വാട്ട് വൈദ്യുതിയും പ്രകൃതിവാതക ഉത്‌പാദനത്തിന് ആവശ്യമായ 51 കിലോ മീഥൈനും ഉത്പാദിപ്പിക്കാനാകും. ഇന്ധനത്തിനും വൈദ്യുതിക്കും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മാറിമാറി വില വർധിപ്പിക്കുന്ന നിലവിലെ സാഹചര്യത്തിൽ പ്രകൃതിവാതകം മരച്ചീനി ഇലയിൽ നിന്നും ഉത്‌പാദിപ്പിക്കുകയാണെങ്കിൽ വെറും 48 രൂപയ്ക്ക് ഒരു കിലോ പ്രകൃതി വാതകം വിപണിയിൽ ലഭ്യമാക്കാൻ സാധിക്കുമെന്നും ഗവേഷകർ പറയുന്നു.

മരച്ചീനിയെ ഒരു നാണ്യവിളയായി ഉയർത്താൻ ഈ ഗവേഷണം സഹായിക്കുമെന്നാണ് ഗവേഷകരുടെ പ്രത്യാശ. കൊവിഡിന്‍റെ പ്രതിരോധത്തിന് ഉൾപ്പെടെ ഉപയോഗിക്കുന്ന കെമിക്കൽ കോമ്പൗണ്ടുകളുടെ സാന്നിധ്യവും ഗവേഷകർ ഇതിൽ തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ഇതിന്‍റെ ഉത്പാദനം ആരംഭിച്ചിട്ടില്ല.

ABOUT THE AUTHOR

...view details