മുംബൈ: ഫോബ്‌സ് മാസിക പുറത്തിറക്കിയ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ ആഗോള പട്ടികയിൽ ഒമ്പതാം സ്ഥാനം സ്വന്തമാക്കി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്‌ടമായ മുകേഷ് അംബാനി. 37-ാമത് ശതകോടീശ്വരൻമാരുടെ പട്ടികയിൽ ഏറ്റവും സമ്പന്നനായ ഏഷ്യക്കാരൻ എന്ന പദവി അദ്ദേഹം നിലനിർത്തുകയും ചെയ്‌തു. 90.7 ബില്യൺ ഡോളർ ആസ്‌തിയുള്ള മുകേഷ് അംബാനി കഴിഞ്ഞ വർഷം പുറത്തിറക്കിയ പട്ടികയിൽ പത്താം സ്ഥാനത്തായിരുന്നു.
ഈ വർഷത്തെ ഏറ്റവും പുതിയ കണക്കനുസരിച്ച് മുൻ മൈക്രോസോഫ്‌റ്റ് സിഇഒ സ്റ്റീവ് ബാൽമർ, ഗൂഗിൾ സ്ഥാപകരായ ലാറി പേജ്, സെർജി ബ്രിൻ ഫേസ്‌ബുക്ക് സ്ഥാപകൻ മാർക് സുക്കർബർഗ്, ഡെൽ ടെക്‌നോളജീസ് ചെയർമാൻ മൈക്കൽ ഡെൽ എന്നിവരെക്കാൾ ഉയർന്ന റാങ്കിലാണ് അംബാനിയുടെ സ്ഥാനം. കഴിഞ്ഞ വർഷം ആഗോളതലത്തിൽ മൂന്നാം സ്ഥാനത്തായിരുന്ന ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഹിൻഡൻബർഗ് റിപ്പോർട്ടിനെ തുടർന്ന് ആഗോള വിപണിൽ അദാനി ഗ്രൂപ്പിന്‍റെ ഓഹരികൾ കൂപ്പുകുത്തിയതാണ് തിരിച്ചടിയായത്. അദ്ദേഹത്തിന്‍റെ ആസ്‌തി 47.2 ബില്യൺ യുഎസ് ഡോളറാണ്. എച്ച്‌സിഎൽ ടെക്‌നോളജീസ് സഹസ്ഥാപകൻ ശിവ് നാടാർ (25.6 ബില്യൺ) ഇന്ത്യക്കാരുടെ പട്ടികയിൽ മൂന്നാമതാണ്.
ലോകത്തിലെ 2640 ശതകോടീശ്വരൻമാരെയാണ് പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം 2,668 ആയിരുന്നത് 2023ൽ 2,640 ആയി കുറഞ്ഞപ്പോൾ ഇന്ത്യക്കാർ നേട്ടമുണ്ടാക്കി. 211 ബില്യൺ ഡോളർ ആസ്‌തിയുമായി ലൂയി വിറ്റൺ ഉടമ ബെർണാഡ് അർണോൾട്ടാണ് ഒന്നാമത്. 180 ബില്യൺ ഡോളറുമായി ടെസ്‌ല, സ്‌പേസ് എക്‌സ് സഹസ്ഥാപകനായ ഇലോൺ മസ്‌ക്, 114 ബില്യൺ ആസ്‌തിയുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് എന്നിവരാണ് രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്.