കേരളം

kerala

സിഇഒ സ്ഥാനത്ത് നിന്ന് സക്കര്‍ബര്‍ഗ് രാജിവയ്‌ക്കുകയാണെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് മെറ്റ

By

Published : Nov 23, 2022, 8:48 PM IST

മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലും വരുമാനത്തിലെ ഇടിവുമടക്കമുള്ള പ്രതിസന്ധികള്‍ക്കിടയിലാണ് സിഇഒ സ്ഥാനത്ത് നിന്ന് സക്കര്‍ബര്‍ഗ് രാജിവയ്‌ക്കുമെന്നുള്ള വാര്‍ത്ത പ്രചരിച്ചത്

Meta denies Mark Zuckerberg is set to resign next year  Meta denies Mark Zuckerberg is resigning  സുക്കര്‍ബര്‍ഗ് രാജിവെക്കുകയാണെന്നുള്ള വാര്‍ത്തകള്‍  മെറ്റയിലെ കൂട്ടപ്പിരിച്ചുവിടലും  മെറ്റ പ്രതിസന്ധി  Meta revenue decline  criticism on Metaverse  മെറ്റാവേഴ്‌സിനെതിരെയുള്ള വിമര്‍ശനം  ബിസിനസ് വാര്‍ത്തകള്‍  business news
സിഇഒ സ്ഥാനത്ത് നിന്ന് സക്കര്‍ബര്‍ഗ് രാജിവയ്‌ക്കുകയാണെന്നുള്ള വാര്‍ത്തകള്‍ നിഷേധിച്ച് മെറ്റ

സാന്‍ഫ്രാന്‍സിസ്കോ: മാര്‍ക്ക് സക്കര്‍ബര്‍ഗ് മെറ്റ സിഇഒ സ്ഥാനത്ത് നിന്ന് അടുത്തവര്‍ഷം രാജിവയ്‌ക്കുമെന്ന വാര്‍ത്ത നിഷേധിച്ച് മെറ്റ അധികൃതര്‍. ഫേസ്‌ബുക്ക്, വാട്‌സ്ആപ്പ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുടെ മാതൃ കമ്പനിയായ മെറ്റ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. കമ്പനിയുടെ വരുമാനം ഇടിയുകയും ഈയിടെ കൂട്ടപിരിച്ചുവിടല്‍ നടക്കുകയും ചെയ്‌തിരുന്നു.

മെറ്റ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ലീക്ക് എന്ന പോര്‍ട്ടലാണ് സക്കര്‍ബര്‍ഗ് മെറ്റ സിഇഒ സ്ഥാനത്ത് നിന്ന് രാജിവയ്‌ക്കുന്നു എന്നുള്ള വാര്‍ത്ത ആദ്യമായി റിപ്പോര്‍ട്ട് ചെയ്‌തത്. മെറ്റയുടെ കമ്യൂണിക്കേഷന്‍സ് ഡയരക്‌ടര്‍ ആന്‍റി സ്റ്റോണാണ് വാര്‍ത്ത തെറ്റാണെന്ന് അറിയിച്ചത്. വെര്‍ച്വല്‍ റിയാലിറ്റിയില്‍ വലിയ ചുവടുവയ്‌പ്പ് ഉദ്ദേശിച്ചുള്ള സക്കര്‍ബര്‍ഗിന്‍റെ 'മെറ്റാവേഴ്‌സ്' എന്ന സ്വപ്‌ന പദ്ധതിക്കെതിരെ മെറ്റയുടെ നിക്ഷേപകര്‍ വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിനിടയിലാണ് സക്കര്‍ ബര്‍ഗ് രാജിവയ്‌ക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്

അടുത്ത കാലത്തൊന്നും വരുമാനം ലഭിക്കാത്ത മെറ്റാവേഴ്‌സില്‍ വലിയ രീതിയില്‍ പണം മുടക്കുന്നതിനെതിരെയായിരുന്നു വിമര്‍ശനം. എന്നാല്‍ മെറ്റാവേഴ്‌സ്‌ ഉപേക്ഷിക്കാന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് തയ്യാറായിട്ടില്ല. ഈ മാസം ആദ്യം 11,000 ജീവനക്കാരെയാണ് മെറ്റ ഒറ്റയടിക്ക് പിരിച്ചുവിട്ടത്. ടെക് കമ്പനികളിലെ ഏറ്റവും വലിയ പിരിച്ചുവിടലുകളില്‍ ഒന്നായ ഇതില്‍ മെറ്റയുടെ ജീവനക്കാരില്‍ 13 ശതമാനത്തിനാണ് ജോലി നഷ്‌ടമായത്. 2023 ലെ ആദ്യ പാദം വരെ പുതുതായി ജോലിക്കാരെ എടുക്കുന്നത് മരവിപ്പിച്ചിരിക്കുകയുമാണ് മെറ്റ.

മെറ്റയുടെ വരുമാനത്തില്‍ വീണ്ടും ഇടിവ്: ഈ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലും മെറ്റയുടെ വരുമാനം ഇടിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം മൂന്നാം പാദത്തില്‍ വരുമാനം നാല് ശതമാനം ഇടിഞ്ഞ് 27.7 ബില്യണ്‍ ഡോളറില്‍ എത്തി. കമ്പനിയുടെ അറ്റാദായം കഴിഞ്ഞ വര്‍ഷത്തെ 9.194 ബില്യണ്‍ ഡോളറില്‍ നിന്ന് 4.395 ബില്യണ്‍ ഡോളറായി ഇടിഞ്ഞു.

വരുമാനത്തിലെ ഇടിവിന് കാരണം മെറ്റയുടെ വെര്‍ച്വല്‍ റിയാലിറ്റി ഡിവിഷനായ റിയാലിറ്റി ലാബ്‌സില്‍ നിന്നുള്ള വലിയ നഷ്‌ടമാണ്. മൂന്നാം പാദത്തില്‍ റിയാലിറ്റി ലാബ്‌സില്‍ നിന്നുള്ള നഷ്‌ടം 3.672 ബില്യണ്‍ ഡോളറാണ്. എന്നാല്‍ വെര്‍ച്വല്‍ റിയാലിറ്റിയില്‍ കമ്പനി നടത്തുന്ന വന്‍ നിക്ഷേപത്തെ സക്കര്‍ബര്‍ഗ് ന്യായീകരിക്കുകയാണ്.

"അടുത്ത കമ്പ്യൂട്ടിങ്‌ പ്ലാറ്റ്‌ഫോം (വെര്‍ച്വല്‍ റിയാലിറ്റി) നിര്‍മിക്കാനായി ഇനിയും ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ ചെയ്‌തുകൊണ്ടിരിക്കുന്നത്. വലിയൊരു ദൗത്യമാണ് ഇത്. ഓരോ പ്രൊഡക്റ്റും മുഖ്യധാരയില്‍ എത്തുന്നതിന് മുമ്പ് പലതരം വേര്‍ഷനിലൂടെ കടന്ന് പോകേണ്ടിവരും", സക്കര്‍ ബര്‍ഗ് പറഞ്ഞു.

വരുമാനത്തില്‍ സംഭവിച്ച നഷ്‌ടത്തിന് ഒരു കാരണം വിലക്കയറ്റമാണെന്ന് മെറ്റ സിഎഫ്‌ഒ ഡേവിഡ് വേഹ്‌നര്‍ പറഞ്ഞു. 20 ശതമാനം ജീവനക്കാരെയെങ്കിലും കുറയ്‌ക്കണമെന്നും മെറ്റാവേഴ്‌സിലെ തുടര്‍ന്നുള്ള നിക്ഷേപം അവസാനിപ്പിക്കണമെന്നുമാണ് മെറ്റയുടെ നിക്ഷേപകര്‍ പറയുന്നത്.

ABOUT THE AUTHOR

...view details