ദുബായ് : തമിഴ്‌നാട്ടിൽ നിക്ഷേപത്തിനൊരുങ്ങി ലുലു ഗ്രൂപ്പ്. ഷോപ്പിംഗ് മാളുകൾ, ഹൈപ്പർമാർക്കറ്റുകൾ, ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക് സെന്‍റർ എന്നിവ സ്ഥാപിക്കുന്നതിനായി 3500 കോടി രൂപ സംസ്ഥാനത്ത് നിക്ഷേപിക്കുമെന്ന് ലുലു ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇതിനായി തമിഴ്‌നാട് ഇൻഡസ്ട്രിയൽ ഗൈഡൻസ് ആൻഡ് എക്‌സ്‌പോർട്ട് പ്രമോഷൻ ബ്യൂറോയുടെ മാനേജിങ് ഡയറക്‌ടറും സിഇഒയുമായ പൂജ കുൽക്കർണിയും ലുലു ഗ്രൂപ്പിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്‌ടർ അഷ്‌റഫ് അലി എംഎയും തമ്മിൽ അബുദബിയിൽ ധാരണാപത്രം ഒപ്പുവച്ചു.
ഇതുപ്രകാരം 2024ഓടെ ചെന്നൈയിൽ ഷോപ്പിങ് മാൾ ആരംഭിക്കും. സംസ്ഥാനത്തെ ലുലു ഗ്രൂപ്പിന്‍റെ ആദ്യത്തെ ഷോപ്പിങ് മാൾ ആണിത്. കോയമ്പത്തൂരിലെ ലക്ഷ്‌മി മിൽസ് കോമ്പൗണ്ടിൽ ഈ വർഷാവസാനത്തോടെ ആദ്യത്തെ ഹൈപ്പർ മാർക്കറ്റ് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിൽ യുഎഇ സന്ദർശനം നടത്തുന്ന മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ സാന്നിധ്യത്തിലാണ് ധാരണാപത്രം ഒപ്പുവച്ചത്.
മിഡിൽ ഈസ്റ്റേൺ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിക്കായി കാർഷികോത്പന്നങ്ങള്‍ സംഭരിക്കുന്നതിനും സംസ്‌കരിക്കുന്നതിനുമായി ലുലു ഗ്രൂപ്പ് ഭക്ഷ്യ സംസ്‌കരണ, ലോജിസ്റ്റിക്‌സ് കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന് ധാരണാപത്രത്തിൽ പറയുന്നു. അബുദബി ചേംബർ ഓഫ് കൊമേഴ്‌സിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി തങ്കം തേനരസു, ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.