പാലക്കാട് :ചിറ്റൂർ മേനോൻപാറ മലബാർ ഡിസ്റ്റിലറിയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം ഉൽപ്പാദന-ബോട്ട്ലിങ് യൂണിറ്റിന് സംസ്ഥാന സർക്കാരിന്‍റെ അനുമതി. 10 മാസത്തിനകം പുതിയ പ്ലാന്‍റ് സ്ഥാപിച്ച് ഉൽപ്പാദനം തുടങ്ങുമെന്ന് കഴിഞ്ഞ മാസം ഇവിടെ സന്ദർശിച്ച മന്ത്രി എംവി ഗോവിന്ദൻ ഉറപ്പു നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് മന്ത്രിസഭായോഗ തീരുമാനം.
പുറത്തുനിന്ന് കൊണ്ടുവരുന്ന എക്‌സ്‌ട്രാ ന്യൂട്രൽ ആൽക്കഹോൾ വിദേശ മദ്യ ഫ്‌ളേവർ മിക്‌സ് ചെയ്‌ത് ബ്രാൻഡിയാണ് ഇവിടെ ഉൽപ്പാദിപ്പിക്കുക. ഒപ്പം ബോട്ട്‌ലിങ്ങും ഉണ്ടായിരിക്കും. നിലവിലെ ഭൗതിക സാഹചര്യം ഉപയോഗപ്പെടുത്തി അഞ്ച് ലൈൻ ബോട്ട്‌ലിങ് പ്ലാന്‍റ് ആദ്യം തുടങ്ങാനാണ് തീരുമാനം. പിന്നീട് സൗകര്യങ്ങൾ മെച്ചപ്പെടുന്നതനുസരിച്ച് പത്ത് ലൈനാക്കാനാണ് പദ്ധതി.
സംസ്ഥാന ബിവറേജസ് കോർപറേഷൻ ഫണ്ട് ഉപയോഗിച്ചാണ് ഇന്ത്യൻ നിർമിത വിദേശമദ്യം ഉൽപ്പാദിപ്പിക്കുന്നത്. ഇഎൻഎ എത്തിക്കാനും സൂക്ഷിക്കാനുമുള്ള സ്‌റ്റീൽ ടാങ്ക് ഉൾപ്പടെ ആവശ്യമായ ഉപകരണങ്ങൾ എത്തുന്നതിന് അനുസരിച്ച് പത്തുമാസത്തിനിടെ ഉൽപ്പാദനം തുടങ്ങും. മേനോൻപാറയിലേത് ഘനജലം ആയതിനാൽ മലമ്പുഴയിൽ നിന്ന് വെള്ളം ലഭ്യമാക്കാനുള്ള നടപടികൾ പുരോഗതിയിലാണ്.
മലബാർ ബ്രാൻഡി;‘മലബാർ ബ്രാൻഡി' എന്ന പേരിനാണ് പരിഗണന. കിറ്റ് കോയാണ് പദ്ധതി തയ്യാറാക്കിയത്. 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ചിറ്റൂർ മേഖലയ്‌ക്ക് പുത്തൻ ഉണർവേകുന്ന നടപടിയാണിത്. പൊതുമേഖല സ്ഥാപനത്തിൽ നൂറുകണക്കിന് പേർക്ക് തൊഴിലും ലഭ്യമാകും.
എഴുന്നൂറോളം തൊഴിലാളികൾ ജോലി ചെയ്‌തിരുന്ന ചിറ്റൂർ ഷുഗേഴ്‌സ് 2002ലാണ് അടച്ചുപൂട്ടിയത്. കരിമ്പ് കിട്ടാനുള്ള ബുദ്ധിമുട്ട് മൂലം പഞ്ചസാര ഉൽപ്പാദനം നിലച്ചപ്പോഴാണ് സഹകരണ ഷുഗർ മില്ലിന്‍റെ പ്രവർത്തനം അവസാനിപ്പിച്ചത്. തുടർന്ന് 2009ലാണ് മലബാർ ഡിസ്‌റ്റലറിയായത്. അന്ന് ജോലിയിലുണ്ടായിരുന്ന മുപ്പത് തൊഴിലാളികൾ മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
117 ഏക്കർ സ്ഥലമാണ് ഡിസ്‌റ്റ്‌ലറിയ്ക്കുള്ളത്. ഇതിനോട് ചേർന്നുതന്നെ മരച്ചീനിയിൽ നിന്ന് ഇഎൻഎ ഉൽപ്പാദിപ്പിക്കാണുള്ള പദ്ധതിയും തയ്യാറാവുന്നുണ്ട്. പ്രദേശത്ത് കാർഷിക വികസന മുന്നേറ്റത്തിന് കൂടി ഇത് വഴി തെളിക്കും.
പൊതു മേഖലയിൽ നിലവിൽ തിരുവല്ലയിൽ മാത്രമാണ് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം നിർമ്മാണ യൂണിറ്റ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് വിൽപന നടത്തുന്ന മദ്യത്തിന്‍റെ ചെറിയ ശതമാനം മാത്രമാണ് ഇവിടെ ഉൽപ്പാദിപ്പിക്കുന്നത്. ബാക്കി സ്വകാര്യ കമ്പനികളിൽ നിന്ന് വാങ്ങിയാണ് വിൽപ്പന. ഷുഗർ ഫാക്‌ടറിയിൽ പ്ലാന്‍റ് വരുന്നതോടെ സ്വകാര്യ മേഖലയിൽ നിന്ന് വാങ്ങുന്ന മദ്യത്തിന്‍റെ അളവ് കുറയ്ക്കാനാവും.