തിരുവനന്തപുരം: എൽഡിഎഫ് സർക്കാരിന്റെ സ്വപ്‌ന പദ്ധതികളിലൊന്നായ 'കേരള സവാരി' ഇ-ടാക്‌സി സർവീസ് ആപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്തു. നിലവിലുള്ള മിതമായ നിരക്കിൽ പൊതുജനങ്ങൾക്ക് സുരക്ഷിതവും തർക്കങ്ങളില്ലാത്തതുമായ യാത്ര ഉറപ്പാക്കുകയാണ് രാജ്യത്ത് ഒരു സംസ്ഥാനത്തിനു കീഴില്‍ ഇത്തരത്തിലുള്ള ആദ്യ സംരംഭമായി കണക്കാക്കുന്ന പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന തൊഴിൽ വകുപ്പ് പുറത്തിറക്കിയ പുതിയ ഓൺലൈൻ ടാക്സി സംവിധാനത്തിന്‍റെ ഫ്ലാഗ് ഓഫ് കര്‍മവും മുഖ്യമന്ത്രി നിര്‍വഹിച്ചു.
യാത്രക്ക് ഇനി 'കേരള സവാരി'; സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഇ ടാക്‌സി സർവീസ് ആപ്പ് മുഖ്യമന്ത്രി പ്രകാശനം ചെയ്‌തു ഓട്ടോറിക്ഷ ടാക്‌സി തൊഴിൽ മേഖലയ്ക്ക് കൈത്താങ്ങ്: നിരവധി വെല്ലുവിളികൾ നേരിടുന്ന ഓട്ടോറിക്ഷ ടാക്‌സി തൊഴിൽ മേഖലയ്ക്ക് കൈത്താങ്ങായാണ് ഇ-ടാക്‌സി സർവീസ് മുന്നോട്ടുവെക്കുന്നതെന്ന് സർക്കാർ മുമ്പ് അറിയിച്ചിരുന്നു. മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളികൾ ഈടാക്കുന്ന നിരക്കും നിലവിലുള്ള മറ്റ് ഓൺലൈൻ ക്യാബ് സേവനങ്ങള്‍ യാത്രക്കാരിൽ നിന്ന് ഈടാക്കുന്ന നിരക്കും തമ്മിൽ 20 മുതല്‍ 30 ശതമാനം വ്യത്യാസമുണ്ട്. ജനങ്ങള്‍ ഓൺലൈൻ ടാക്സി സേവനങ്ങൾ ഉപയോഗിക്കാൻ ഇഷ്‌ടപ്പെടുന്നതിനാൽ പരമ്പരാഗത ടാക്സി സ്‌റ്റാൻഡുകളിൽ പലതും അപ്രത്യക്ഷമായെന്നും, വലിയൊരു വിഭാഗം മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളികൾ തൊഴിലില്ലാത്തവരായി മാറിയെന്നും സർക്കാർ അന്ന് വ്യക്തമാക്കിയിരുന്നു.
സാധാരണക്കാർക്ക് ആശ്വാസമാകും: ലീഗൽ മെട്രോളജി, ഗതാഗതം, ഐടി, പൊലീസ് തുടങ്ങിയ വകുപ്പുകളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന നിർവഹണ ഏജൻസിയാണ് കേരള മോട്ടോർ ട്രാൻസ്‌പോർട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ്. മറ്റ് ഓൺലൈൻ ടാക്സികളിൽ സർക്കാർ നിശ്ചയിച്ച നിരക്കിന് പുറമെ 20 മുതൽ 30 ശതമാനം വരെ നിരക്ക് ഈടാക്കുമ്പോള്‍, കേരള സവാരി നിശ്ചിത നിരക്കിന് പുറമെ എട്ട് ശതമാനം സർവീസ് ചാർജ് മാത്രമേ ഈടാക്കൂ എന്നും സർക്കാർ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ സർവീസ് ചാർജായി ശേഖരിക്കുന്ന തുക പദ്ധതി നടത്തിപ്പിനും യാത്രക്കാർക്കും ഡ്രൈവർമാർക്കും പ്രൊമോഷണൽ പ്രോത്സാഹനങ്ങൾക്കുമായി വിനിയോഗിക്കുമെന്നും സര്‍ക്കാര്‍ അറിയിക്കുന്നു.
സ്‌കീമിൽ ചേരുന്ന ഡ്രൈവർമാർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ എന്തെങ്കിലും അപകടമോ, അപകട സമാനമായ അവസ്ഥയിലോ ഉപയോഗിക്കാവുന്ന 'പാനിക് ബട്ടണിന്റെ' സവിശേഷതയും ആപ്പിലുണ്ട്. നിലവിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ 500 ഓട്ടോ ടാക്‌സി ഡ്രൈവർമാർ പദ്ധതിയിൽ അംഗങ്ങളാണ്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഇവർക്ക് വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിയിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു.