തിരുവനന്തപുരം: പ്രതിസന്ധിയിലായ സഹകരണ സംഘങ്ങളെ സംരക്ഷിക്കുന്നതിന് സഞ്ചിത നിധി രൂപീകരിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍.വാസവന്‍. ഇതിനായി സഹകരണ ചട്ടത്തില്‍ ആവശ്യമായ ഭേദഗതി വരുത്തും. നിധിയിലേക്ക് ലഭ്യമാകുന്ന തുകയ്ക്ക് സംഘങ്ങള്‍ക്ക് നിലവില്‍ ലഭിക്കുന്ന പലിശ വരുമാനം ഉറപ്പുവരുത്തും.
നിശ്ചിത കാലപരിധിക്ക് ശേഷമോ സംഘങ്ങള്‍ക്ക് അടിയന്തര സാഹചര്യം ഉണ്ടാകുമ്പോഴോ പലിശയടക്കം ഈ തുക തിരികെ നല്‍കുന്നതിനും വ്യവസ്ഥ ചെയ്യും. 500 കോടി രൂപ സഞ്ചിത നിധിയിലേക്ക് സംഭരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിനായി മൂന്ന് തരത്തിലാണ് പദ്ധതി വിഭാവനം ചെയ്‌തിട്ടുള്ളതെന്നും മന്ത്രി അറിയിച്ചു.