തിരുവനന്തപുരം: സംസ്ഥാനത്തെ ഓരോ പട്ടികവർഗ കുടുംബത്തിനും ഒരു ഉപജീവന സംരംഭം നടപ്പാക്കുന്നതിന് സഹായം നൽകുന്ന പദ്ധതി ആവിഷ്‌കരിക്കും. പദ്ധതി പുരോഗതിയുടെ അടിസ്ഥാനത്തിൽ തുക ഗഡുക്കളായി നൽകും. ഊരുകളിൽ താമസിക്കുന്ന തെരഞ്ഞെടുക്കുന്ന കുടുംബങ്ങൾക്ക് ആദ്യ വർഷം സഹായം നൽകും. ഈ പദ്ധതിക്കായി 10 കോടി രൂപ അധികമായി വകയിരുത്തി.
പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങൾക്ക് സർക്കാർ അംഗീകൃത കോഴ്‌സുകൾ ആരംഭിക്കുന്നതിനും ഉത്‌പാദന യൂണിറ്റുകൾ ഏറ്റെടുക്കുന്ന എസ് സി /എസ് ടി സഹകരണ സംഘങ്ങൾക്ക് സഹായം നൽകുന്നതിനും മറ്റുമായി എട്ട് കോടി രൂപ വകയിരുത്തുന്നു. പട്ടികജാതി പട്ടികവർഗ സഹകരണ സംഘങ്ങളുടെ പുനരുജ്ജീവനത്തിനുള്ള പുനർജനി പദ്ധതിക്കായി 3.60 കോടി രൂപ അനുവദിച്ചു.
പട്ടികജാതി ഉപപദ്ധതിക്കായി 2979.40 കോടി രൂപ വകയിരുത്തി. പട്ടികജാതി വിദ്യാർഥികളുടെ വിദ്യാഭ്യാസ ധനസഹായമായി 429.61 കോടി രൂപ വകയിരുത്തി. പട്ടികജാതി വിദ്യാർഥികൾക്കായുള്ള പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന്‍റെ സംസ്ഥാനവിഹിതമായി 65 കോടി രൂപ പ്രഖ്യാപിച്ചു. ഒൻപതും പത്തും ക്ലാസിലെ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്‌കോളർഷിപ്പ് എന്ന പുതിയ പദ്ധതിക്ക് 7.20 കോടി രൂപ വകയിരുത്തി.
യുവതി യുവാക്കളിലെ തൊഴിൽ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി നൈപുണ്യവികസന പരിപാടികൾ നടപ്പാക്കുന്നതിനായി 50 കോടി രൂപ വകയിരുത്തി. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളുടെ നടത്തിപ്പിന് 13 കോടി രൂപ. ഭൂരഹിതരായ കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനായി 180 കോടി. പഠനമുറികളുടെ നിർമാണത്തിനായി 205 കോടി, പഠനമുറി നിർമാണത്തിന് ഓരോ കുടുംബത്തിനും രണ്ട് ലക്ഷം രൂപ വീതം നൽകും.
പട്ടികജാതി വിഭാഗത്തിലെ ദുർബല വിഭാഗത്തിനുള്ള വികസന പരിപാടികൾക്കായി 50 കോടി രൂപ. പട്ടികജാതി യുവതികൾക്ക് വിവാഹ ധനസഹായത്തിന് 84.39 കോടി രൂപ. ഡോ. അംബേദ്‌കർ ഗ്രാമവികസന പദ്ധതിക്കായി 60 കോടി രൂപ. ഓരോ കോളനിക്കും പരമാവധി ഒരു കോടി രൂപ വീതം നൽകും. ആരോഗ്യ സുരക്ഷ പരിപാടിക്കായി 53 കോടി രൂപയും പ്രഖ്യാപിച്ചു. ക്രിട്ടിക്കൽ ഗ്യാപ്പ് ഫില്ലിങ് പദ്ധതികൾക്ക് കോർപ്പസ് ഫണ്ടായി 45 കോടി രൂപ വകയിരുത്തി.