ന്യൂഡൽഹി : ഹംഗേറിയൻ ഇരുചക്രവാഹന നിർമാതാക്കളായ കീവേ തങ്ങളുടെ കെ-ലൈറ്റ് 250 വി (Keeway K-Light 250V) മോട്ടോർസൈക്കിൾ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചു. സ്‌കൂട്ടർ മോഡലുകൾക്ക് പിന്നാലെയാണ് ലോകത്തിലെ ഏറ്റവും വലിയ ഇരുചക്രവാഹന വിപണികളിലൊന്നായ ഇന്ത്യയിൽ ക്രൂയിസർ മോഡൽ അവതരിപ്പിക്കുന്നത്. 2.89 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ്-ഷോറൂം പ്രാരംഭ വില.
മാറ്റ് ബ്ലൂ, മാറ്റ് ഡാർക്ക് ഗ്രേ, മാറ്റ് ബ്ലാക്ക് എന്നീ മൂന്ന് നിറങ്ങളിലാണ് പുതിയ കീവേ ക്രൂയിസർ നിരത്തിലിറക്കുന്നത്. കളർ വേരിയന്റുകൾക്കനുസരിച്ച് മോട്ടോർസൈക്കിളിന്‍റെ വിലയിലും മാറ്റങ്ങളുണ്ട്. മാറ്റ് ബ്ലൂവിന് 2.89 ലക്ഷം രൂപയും മാറ്റ് ഡാർക്ക് ഗ്രേയ്‌ക്ക് 2.99 ലക്ഷം രൂപയും മാറ്റ് ബ്ലാക്കിന് 3.09 ലക്ഷം രൂപയുമാണ് എക്‌സ്-ഷോറൂം വില.
8500 ആർപിഎം (RPM) -ൽ 18.7 ബിഎച്ച്‌പി (BHP) പവറും 5500 ആർപിഎമ്മിൽ 19 എൻഎം ടോർക്കും നൽകുന്ന വി-ട്വിൻ എയർ കൂൾഡ് 249 സിസി എഞ്ചിനാണ് ക്രൂയിസറിന് കരുത്ത് പകരുന്നത്. അഞ്ച് സ്‌പീഡ് യൂണിറ്റാണ് ട്രാൻസ്‌മിഷൻ ചുമതലകൾ വഹിക്കുന്നത്. കൂടാതെ ഒരു ബെൽറ്റ് ഡ്രൈവ് സിസ്റ്റമാണ് വാഹനത്തിന് ലഭിക്കുന്നത്.