ശ്രീനഗർ:വസന്തത്തിന്‍റെ വരവോടെ കശ്‌മീരിൽ വിനോദസഞ്ചാര സീസണിന് തുടക്കമാവുകയാണ്. കശ്‌മീരിൽ കാലാവസ്ഥ സുഖകരമാണെങ്കിലും, രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ഓരോ ദിവസവും ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. കശ്‌മീരിലെ അനുകൂല സാഹചര്യം പരിഗണിച്ച് നിരവധി സഞ്ചാരികളാണ് കശ്‌മീരിലേക്ക് ഒഴുകിയെത്തുന്നത്. കശ്‌മീർ താഴ്‌വര തണുത്തുറയുമ്പോഴും അവിടേക്കുള്ള വിമാന ടിക്കറ്റ് ചാർജ് കൈ പൊള്ളിക്കുകയാണ്.
ഒരു ശരാശരി ഇന്ത്യൻ സഞ്ചാരിക്ക് ദുബായിലേക്കുള്ള യാത്ര നിലവിൽ കശ്‌മീരിനേക്കാൾ ചെലവ് കുറവാണ്. ശ്രീനഗർ-ഡൽഹി ഫ്ലൈറ്റ് ടിക്കറ്റിന് ഏകദേശം 8,000 രൂപ വിലയുള്ളപ്പോൾ, റിട്ടേൺ ടിക്കറ്റ് റേറ്റ് 21,000 രൂപയാണ്. ശ്രീനഗറിൽ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യാൻ ഏകദേശം 14,000 മുതൽ 16,000 രൂപയും. ഈ ദിവസങ്ങളിൽ ഹൈദരാബാദിൽ നിന്ന് ശ്രീനഗറിലേക്ക് യാത്ര ചെയ്യാൻ 24,000 രൂപയുമാണ് ടിക്കറ്റ് റേറ്റ്.
ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള ടിക്കറ്റിന്‍റെ നിരക്ക് 15,000 മുതൽ 22,000 രൂപ വരെയാണ്, അതേസമയം ഹൈദരാബാദിൽ നിന്ന് ദുബായിലേക്കുള്ള വിമാന ടിക്കറ്റിന് 15,000 മുതൽ 16,000 രൂപ വരെയാണ് നിരക്ക്. അതായത് ഈ വലിയ നഗരങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾക്ക് ശ്രീനഗറിലേക്ക് പോകുന്നതിനേക്കാൾ കുറഞ്ഞ നിരക്കാണ് ഉള്ളത് എന്നത് ശ്രദ്ധേയമാണ്.
'ഹൈദരാബാദിൽ നിന്നും ശ്രീനഗറിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യാൻ ചെലവ് കുറവാണ്. കൂടുതലും വിദ്യാർഥികളാണ് ഈ ചൂഷണം മൂലം ബുദ്ധിമുട്ടുന്നത്. ഇങ്ങനെയാണ് കശ്‌മീരികളെ കൊള്ളയടിക്കുന്നത്, അവർക്ക് ആരും ഒന്നും കൊടുക്കുന്നില്ല. മന്ത്രാലയങ്ങളും റെഗുലേറ്റർമാരും അവരുടെ ജോലി ഉപേക്ഷിച്ചതായി തോന്നുന്നു', ഒരു യാത്രക്കാരൻ ട്വിറ്ററിൽ കുറിച്ചു.
വ്യത്യസ്‌ത സ്ഥലങ്ങളിൽ നിന്ന് പ്രതിദിനം ഏകദേശം 40 വിമാനങ്ങൾ ശ്രീനഗർ വിമാനത്താവളത്തിൽ എത്തിച്ചേരുന്നുണ്ട്. പ്രതിദിന കണക്കുകളുടെ അടിസ്ഥാനത്തിൽ, ഈ വിമാനങ്ങളിൽ ഏകദേശം 12,000 യാത്രക്കാരുണ്ട്. കൂടാതെ, ശ്രീനഗറിൽ നിന്ന് പ്രധാന ഇന്ത്യൻ നഗരങ്ങളിലും രാജ്യത്തെ എല്ലാ മുൻനിര എയർലൈനുകളും സർവീസ് നടത്തുന്നു. യാത്രക്കാരുടെ വലിയ തിരക്കുണ്ടായിട്ടും വിമാന ടിക്കറ്റുകൾ കുതിച്ചുയരുന്നതിന് പിന്നിൽ ഒരു മാഫിയ ഉണ്ടെന്ന് കശ്‌മീർ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (കെസിസിഐ) സെക്രട്ടറി ജനറൽ ഫായിസ് അഹമ്മദ് ബക്ഷി വിശ്വസിക്കുന്നു.
'ഇവിടെ ടിക്കറ്റ് റേറ്റ് കൂട്ടാൻ സപ്ളൈയും ഡിമാൻഡും അനുകൂല ഘടകങ്ങളാണ്. ഈ മേഖലയിൽ ആദ്യം എയർ റൂട്ട് ഉപയോഗിക്കുന്നത് പ്രദേശവാസികളാണ്, തുടർന്ന് വിദ്യാർഥികൾ, തൊഴിൽ സേനയിലെ പ്രൊഫഷണലുകൾ, രോഗികൾ, വിനോദസഞ്ചാരികൾ. ഇങ്ങനെ നിരക്ക് വർധിച്ചാൽ ഇവരൊക്കെ പ്രതിസന്ധിയിലാവും. എന്തായാലും മാഫിയ സജീവമാണ്. വിമാനക്കമ്പനികൾ പുറത്തുനിന്നുള്ള ട്രാവൽ ഏജൻസികളുമായി കൈകോർക്കുന്നുണ്ട്', അദ്ദേഹം പറഞ്ഞു.
പുറത്തുനിന്നുള്ള ട്രാവൽ ഏജന്‍റുമാരുടെ ഒത്താശയോടെയാണ് വിമാനക്കമ്പനികൾ ഓൺലൈൻ ടിക്കറ്റുകൾ തടഞ്ഞുവയ്‌ക്കുന്നതെന്ന് ബക്ഷി ആരോപിച്ചു. എന്നാൽ, ഒരു ഉപഭോക്താവ് കശ്‌മീരിലെ പ്രാദേശിക ട്രാവൽ ഏജന്‍റുമാരുമായി ബന്ധപ്പെടുമ്പോൾ അവർക്ക് മികച്ച ഡീൽ ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.