കാസര്‍കോട്: കടലിന്‍റെയും കായലിന്‍റെയും അപൂര്‍വ സംഗമം, ആരേയും കൊതിപ്പിക്കുന്ന ഗ്രാമഭംഗി, കേരളത്തിലെ ഏറ്റവും നീളം കൂടിയ കടല്‍ തീരമുള്ള ഗ്രാമം ഇങ്ങനെ ഒട്ടനവധി സവിശേഷതകള്‍ നിറഞ്ഞതാണ് കാസര്‍കോട് ജില്ലയിലെ വലിയപറമ്പ്. വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഒരു കുഞ്ഞു ദ്വീപാണ് ഇവിടം. കായലും ഹൗസ് ബോട്ട് യാത്രയും മീന്‍പിടിത്തവും കല്ലുമ്മക്കായ കൃഷിയുമെല്ലാം ഇവിടെ എത്തിയാല്‍ കാണാം.
വേമ്പനാടും അഷ്‌ടമുടിയും കഴിഞ്ഞാൽ വലിപ്പത്തിന്‍റെ കാര്യത്തില്‍ മൂന്നാമതായി നിൽക്കുന്ന കായലാണ് വലിയപറമ്പ്. ഒരുഭാഗം കവ്വായി കായലും മറുഭാഗം കണ്ണെത്താ ദൂരത്തോളം കടലും. കായൽ സൗന്ദര്യം ആസ്വദിക്കാൻ ഇവിടെ എത്തിച്ചേർന്ന സഞ്ചാരികൾ വലിയപറമ്പിന് മലബാറിന്‍റെ ആലപ്പുഴ എന്ന വിളിപ്പേരും സമ്മാനിച്ചിട്ടുണ്ട്.
14,000ത്തോളം ജനസംഖ്യയുള്ള വലിയപറമ്പ് പഞ്ചായത്തിൽ ഭൂരിഭാഗവും മത്സ്യത്തൊഴിലാളികളും കര്‍ഷകരുമാണ്. ലോക ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ച ഈ പ്രദേശം ഇന്ന് അതിന്‍റെ സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തുകയാണ്.
ഒരുങ്ങുന്നു വാട്ടര്‍ സ്ട്രീറ്റ് പദ്ധതി:സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷനാണ് വലിയപറമ്പില്‍ വാട്ടര്‍ സ്ട്രീറ്റ് പദ്ധതി നടപ്പാക്കുന്നത്. ഓരോ പ്രദേശത്തും ജനകീയമായി ടൂറിസം കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായാണ് വാട്ടര്‍ സ്ട്രീറ്റ് എന്ന ആശയം. ഇതിന്‍റെ ഭാഗമായി കനാലുകളും വിവിധ ജലാശയങ്ങളും ആഴംകൂട്ടി വൃത്തിയാക്കി സംരക്ഷിച്ച് ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും.