മുംബൈ: തുടര്‍ച്ചയായ നാലാഴ്‌ച നഷ്‌ടത്തില്‍ പോയതിന് ശേഷം മെയ് 20ന് വ്യാപാരം അവസാനിപ്പിച്ച ആഴ്‌ച ഇന്ത്യന്‍ ഓഹരി വിപണിയുടെ അടിസ്ഥാന സൂചികകള്‍ മൂന്ന് ശതമാനമാണ് നേട്ടമുണ്ടാക്കിയത്. വളരെയധികം ചാഞ്ചാട്ടമായിരുന്നു കഴിഞ്ഞയാഴ്‌ച ഇന്ത്യന്‍ ഓഹരി വിപണയില്‍ ഉണ്ടായിരുന്നത്. ആ ആഴ്‌ചയിലെ ആദ്യത്തെ രണ്ട് ദിവസം മൂന്ന് ശതമാനമാണ് സൂചികകള്‍ ഉയര്‍ന്നത്.
എന്നാല്‍ വ്യാഴാഴ്‌ച സൂചിക 2.5ശതമാനം താഴ്‌ന്നു. എന്നാല്‍ വെളിയാഴ്‌ച ഓഹരി വിപണി സാക്ഷ്യം വഹിച്ചത് ഓഹരികള്‍ക്ക് കൂടുതല്‍ ആവശ്യകതയായിരുന്നു. ആ ദിവസം വ്യാഴാഴ്‌ചയിലെ നഷ്‌ടം പരിഹരിക്കപ്പെടുകയായിരുന്നു. വിപണിമൂല്യം കുറവുള്ള കമ്പനികളുടെ ഓഹരികള്‍ മികച്ച നേട്ടമുണ്ടാക്കി.
ബോംബെ സ്റ്റോക് എക്‌സ്ചേഞ്ചിന്‍റെ സ്‌മാള്‍കേപ്പ് ഇന്‍ഡെക്‌സ് നാല് ശതമാനമാണ് ഉയര്‍ന്നത്. അതേസമയം മിഡ്‌കേപ്പ് ഇന്‍ഡെക്‌സ് ഉയര്‍ന്നത് മൂന്ന് ശതമാനമാണ്. സെക്‌റ്റര്‍ അടിസ്ഥാനത്തിലുള്ള സൂചികകളില്‍ ബിഎസ്‌ഇ മെറ്റല്‍ ഇന്‍ഡെക്‌സാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. 7.3 ശതമാനമാണ് ഈ സൂചിക ഉയര്‍ന്നത്. കേപ്പിറ്റല്‍ ഗൂഡ്‌സ് ഇന്‍ഡെക്‌സ് 5.3 ശതമാനം ഉയര്‍ന്നു. എന്നാല്‍ മെയ് 23ന് ആരംഭിക്കുന്ന ഈ ആഴ്‌ച ഓഹരി വിപണിയില്‍ ചാഞ്ചാട്ടം തുടരാനാണ് സാധ്യത. പല കാരണങ്ങളാണ് ഇതിനുള്ളത്.
വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍:അടിസ്ഥാന ഓഹരി സൂചികകള്‍ മൂന്ന് ശതമാനം ഉയര്‍ന്നതില്‍ പ്രധാന പങ്കുവഹിച്ചവര്‍ ചെറുകിട ഓഹരി നിക്ഷേപകരും ആഭ്യന്തര ധനകാര്യസ്ഥാപനങ്ങളുമായിരുന്നു. എന്നാല്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കഴിഞ്ഞയാഴ്‌ച ഓഹരിവിപണിയിലെ അറ്റ വില്‍പ്പനക്കാരായിരുന്നു. മെയ്20ന് അവസാനിച്ച ആ ആഴ്‌ചയില്‍ 11,401 കോടിയുടെ രൂപയുടെ ഓഹരികളാണ് വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ വിറ്റഴിച്ചത്. ഈ മെയ് മാസത്തിന്‍റെ ആരംഭം മുതല്‍ കണക്കാക്കിയാല്‍ അവര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് വിറ്റഴിച്ചത് 44,102 കോടി രൂപയുടെ ഓഹരികളാണ്.
അതേസമയം ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍ ഈ മെയ്‌മാസത്തിന്‍റെ ആരംഭം മുതല്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്ന് വാങ്ങിയത് 36,208.27 കോടി രൂപയുടെ ഓഹരികളാണ്. മെയ് 20ന് അവസാനിച്ച ആഴ്‌ചയിലെ കണക്കെടുത്താല്‍ ഇവര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വാങ്ങിയത് 9, 472.91 കോടി രൂപയുടെ ഓഹരികളും.
കമ്പനികളുടെ നാലാം പാദ ധനകാര്യ റിപ്പോര്‍ട്ടുകള്‍: പല പ്രധാനപ്പെട്ട ഇന്ത്യന്‍ കമ്പനികളും അവരുടെ ധനകാര്യ പ്രവര്‍ത്തന റിപ്പോര്‍ട്ടുകള്‍ ഈ ആഴ്‌ച പ്രഖ്യാപിക്കാന്‍ പോകുകയാണ്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എന്‍എച്ച്പിസി, അദാനി പോര്‍ട്‌സ് എന്നിവ ഈ ആഴ്‌ച 2021-22 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ ധനകര്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്ന 1,200 കമ്പനികളിലെ പ്രധാനപ്പെട്ടവയില്‍ ചിലതാണ്. ഈ റിപ്പോര്‍ട്ടുകള്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഈ ആഴ്‌ചത്തെ ഗതിവികതികള്‍ നിര്‍ണയിക്കാന്‍ പോകുന്ന പ്രധാന ഘടകമായിരിക്കും.
റഷ്യ-യുക്രൈന്‍ സംഘര്‍ഷം:റഷ്യ-യുക്രൈന്‍ സംഘര്‍ഷം ലോകവ്യാപകമായി ഓഹരി വിപണികളില്‍ ചാഞ്ചാട്ടം സൃഷ്‌ടിക്കുകയാണ്. കൊവിഡ് കാരണം ഞെരുക്കത്തിലായിരുന്ന ലോക സമ്പദ്‌വ്യവസ്ഥയെ കൂടുതല്‍ ഞെരുക്കുകയാണ് റഷ്യ-യുക്രൈന്‍ സംഘര്‍ഷം ചെയ്‌തത്. റഷ്യ യുക്രൈന്‍ സംഘര്‍ഷം എങ്ങോട്ടാണ് എന്നുള്ളത് ഇന്ത്യയിലെ അടക്കമുള്ള എല്ലാ ഓഹരി വിപണികളേയും ബാധിക്കുന്ന കാര്യമാണ്.
ആഗോള ഓഹരി വിപണികളിലെ സാഹചര്യം:കഴിഞ്ഞയാഴ്‌ചയിലെ ഇന്ത്യന്‍ ഓഹരിവിപണിയിലെ ചാഞ്ചാട്ടത്തിന്‍റെ പ്രധാനകാരണം ആഗോള ഓഹരി വിപണികളിലെ ട്രന്‍റുകളായിരുന്നു. ആഗോള തലത്തിലെ പ്രധാന ഓഹരിസൂചികകളായ ഡൗ ജോണ്‍സ് ഇന്‍ഡസ്‌ട്രിയല്‍ അവറേജ്, നാസ്‌ദാക്ക് 100 ഫ്യൂച്ചേഴ്‌സ്, എസ് ആന്‍ഡ് പി 500 ഫ്യൂച്ചേഴ്‌സ് എന്നിവയില്‍ വലിയ ചാഞ്ചാട്ടമാണ് ഉണ്ടായത്. ഇത് കഴിഞ്ഞ ആഴ്‌ചയുടെ പകുതിയില്‍ ഇന്ത്യന്‍ ഓഹരി വിപണിയെ പ്രതികൂലമായി ബാധിച്ചു.
എന്നാല്‍ വെള്ളിയാഴ്‌ച ആഗോള ഒഹരി വിപണിയില്‍ മുരടിപ്പായിരുന്നിട്ടുപോലും ഇന്ത്യന്‍ ഓഹരി വിപണി നേട്ടമുണ്ടാക്കുകയായിരുന്നു. യുഎസിന്‍റെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വിന്‍റെ പലിശ നിരക്ക് യുഎസ് സമ്പദ്‌വ്യവസ്ഥയുടെ പ്രധാന സൂചകങ്ങള്‍ എന്നിവ ഇന്ത്യന്‍ ഓഹരിവിപണിയിലെ നിക്ഷേപകര്‍ നിരീക്ഷിക്കുന്ന പ്രധാന ഘടകങ്ങളില്‍ ചിലതാണ്.
ഇന്ത്യന്‍ രൂപ:യുഎസ് ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ ഇന്ത്യന്‍ രൂപ ചരിത്രത്തിലെ ഏറ്റവും താഴ്‌ന ഒരു ഡോളറിന് 77.92രൂപ എന്ന നിലയില്‍ കഴിഞ്ഞയാഴ്‌ച കൂപ്പുകുത്തി. രൂപയുടെ മൂല്യത്തിന്‍റെ പോക്ക് ഒഹരി നിക്ഷേപകര്‍ നിരീക്ഷിക്കും. കൂടാതെ മറ്റ് പ്രധാനപ്പെട്ട രാജ്യങ്ങളുടെ കറന്‍സികളായ ചൈനയുടെ യുആന്‍, ജപ്പാന്‍റെ യെന്‍, യുകെയുടെ പൗണ്ട് , യൂറോപ്യന്‍ യൂണിയന്‍റെ യൂറോ എന്നിവയുടെ യുഎസ് ഡോളറുമായുള്ള വിനിമയ നിരക്കും നിക്ഷേപകര്‍ നിരീക്ഷിക്കും.