മുംബൈ:ഇന്ത്യന്‍ ഓഹരിവിപണിക്ക് മുന്നേറ്റം. ബോംബെ ഓഹരിവിപണിയുടെ അടിസ്ഥാന സൂചികയായ സെന്‍സെക്‌സ് ഒരു ശതമാനത്തോളം വര്‍ധനവ് രേഖപ്പെടുത്തി. വാഹന, ബാങ്കിങ്, നിര്‍മാണമേഖല എന്നീ കമ്പനികളുടെ ഓഹരികള്‍ക്ക് ആവശ്യക്കാര്‍ ഏറിയതാണ് ഓഹരിവിപണിയിലെ മുന്നേറ്റത്തിന്‍റ പ്രധാനകാരണം. ആഗോള ഓഹരിവിപണിയിലെ മുന്നേറ്റവും ഇന്ത്യന്‍ ഓഹരിവിപണയില്‍ പ്രതിഫലിച്ചു.
സെന്‍സെക്‌സ് 435.01 പോയിന്‍റുകള്‍(0.74ശതമാനം) വര്‍ധിച്ച് 59,463.92ലെത്തി. രാവിലെ സെന്‍സെക്‌സ് 59,638.63 പോയിന്‍റുകള്‍ വരെ എത്തിയിരുന്നു. രണ്ട് ദിവസം തുടര്‍ച്ചയായി സെന്‍സെക്‌സ് ഇടിഞ്ഞതിന് ശേഷമാണ് ഇന്ന്(08.09.2022) മുന്നേറ്റമുണ്ടായത്. ബുധനാഴ്‌ച(07.09.2022)സെന്‍സെക്‌സ് ഇടിഞ്ഞത് 168.08 പോയിന്‍റുകളാണ്.
ദേശീയ ഓഹരിവിപണിയുടെ നിഫ്‌റ്റി സൂചികയില്‍ ഇന്ന് 110.65 പോയിന്‍റുകളുടെ(0.63) വര്‍ധനവ് രേഖപ്പെടുത്തി 17,735.05 പോയിന്‍റുകളില്‍ എത്തി. നിഫ്‌റ്റി ഇന്ന് ഒരു ഘട്ടത്തില്‍ 17,792.20 പോയിന്‍റുകളില്‍ വരെ എത്തിയിരുന്നു.
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഓഹരി വില പുതിയ റെക്കോഡില്‍ എത്തി. കമ്പനിയുടെ ഓഹരി വില 2.68 ശതമാനം വര്‍ധിച്ച് 1,323.75രൂപയിലാണ് വ്യാപാരം നടത്തിയത്. അതേപോലെ ടെക് മഹീന്ദ്രയുടെ ഓഹരി വില 2.69 ശതമാനം വര്‍ധിച്ച് 1084.65രൂപയില്‍ എത്തി.
ബാങ്കിങ് ഓഹരികള്‍ക്കും ആവശ്യക്കാര്‍ ഏറെയായിരുന്നു. ആക്‌സിസ് ബാങ്കിന്‍റെ ഓഹരി വില 2.51 ശതമാനം വര്‍ധിച്ച് 774.50 രൂപയില്‍ എത്തി. ഐസിഐസിഐയുടെ വില 2.20 ശതമാനം വര്‍ധിച്ച് 895.65 രൂപയിലെത്തി. എസ്‌ബിഐയുടെ ഓഹരി 2.06 ശതമാനം വര്‍ധിച്ച് 543.60 രൂപയില്‍ എത്തി.
അള്‍ട്രാടെക് സിമന്‍റ്, ഭാരതി എയര്‍ടെല്‍, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, കൊടേക് ബാങ്ക്, വിപ്രൊ, ഐടിസി എന്നിവ സെന്‍സെക്‌സ് സൂചികയില്‍ നേട്ടങ്ങള്‍ ഉണ്ടാക്കിയ പ്രധാന കമ്പനികളാണ്. സെന്‍സെക്‌സിലെ 30 കമ്പനികളുടെ ഓഹരികളില്‍ എട്ട് കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നഷ്‌ടത്തില്‍ വ്യാപാരം നടത്തിയത്. ടാറ്റ സ്റ്റീലിന്‍റെ ഓഹരി 1.53 ശതമാനം ഇടിഞ്ഞ്105.95 രൂപയില്‍ എത്തി. ടൈറ്റാന്‍, നെസ്‌റ്റ്‌ലെ ഇന്ത്യ, എന്‍ടിപിസി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, സണ്‍ ഫാര്‍മ എന്നീ കമ്പനികളുടെ ഓഹരികള്‍ നഷ്‌ടത്തിലാണ് വ്യാപാരം നടത്തിയത്.