ന്യൂഡൽഹി: രാജ്യം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ നിറവിലാണ്. സ്വാതന്ത്ര്യം നേടി 75 വർഷം പിന്നിടുന്ന ഇന്ത്യ പുതിയ നാഴികക്കല്ല് കൂടി അടയാളപ്പെടുത്തിയാണ് മുന്നേറുന്നത്. അടുത്ത 25 വർഷത്തിനുള്ളിൽ ഓരോ പൗരനും സുസ്ഥിരമായ സാമ്പത്തിക വളർച്ച കൈവരിക്കാൻ കഴിയുന്നതിനുള്ള സാഹചര്യം ഒരുക്കുന്നതിനുള്ള വഴിത്തിരിവിലാണ് രാജ്യം.
ഇതിനായി കേന്ദ്രസർക്കാർ ആവിഷ്‌കരിച്ചിരിക്കുന്ന പദ്ധതിയാണ് 'അമൃത് കാൽ'. പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന ഭിന്നത കുറയ്‌ക്കുക, ജനങ്ങളുടെ ജീവിതത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ കുറയ്‌ക്കുക, കൂടാതെ ഇന്ത്യ ലോകത്തിലെ ഒരു രാജ്യത്തിനും പിന്നിലാകാതിരിക്കാന്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുക എന്നതൊക്കെയാണ് അമൃത് കാലത്തിന്‍റെ പ്രധാന ലക്ഷ്യം. സ്വാതന്ത്ര്യത്തിന്‍റെ 100-ാം വർഷത്തിലേക്കുള്ള യാത്രയാണിത്.
ഒരു രാജ്യത്തിന്‍റെ കറൻസിയുടെ മൂല്യം ആ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയെയാണ് സൂചിപ്പിക്കുന്നത്. ഓരോ ദിവസവും നമ്മുടെ കൈകളിലൂടെ കടന്ന് പോകുന്ന കറൻസിക്ക് പിന്നിലുള്ള ചരിത്രം എന്താണെന്ന് നോക്കാം.
രൂപ സ്വതന്ത്ര ഇന്ത്യയിൽ:സമ്പദ്‌വ്യവസ്ഥയുടെ മറ്റ് വശങ്ങൾ മാറ്റിനിർത്തിയാൽ, 1947 മുതൽ ഇന്ത്യൻ രൂപ ഉയർച്ച താഴ്‌ചകളിലൂടെയാണ് കടന്ന് പോയത്. 1960ലെ ഭക്ഷ്യ-വ്യാവസായിക ഉത്‌പാദനത്തിലെ മാന്ദ്യത്തിന്‍റെ ഫലമായി കനത്ത സാമ്പത്തിക സമ്മർദമാണ് രാജ്യം നേരിട്ടത്. ഇത് രൂപയുടെ മൂല്യത്തെ പിന്നോട്ട് വലിച്ചു.