ന്യൂഡല്‍ഹി: ഇന്ത്യ പാക് മത്സരത്തിന്‍റെ (India Pakistan Match) ആവേശവും ചൂടും രാജ്യമൊട്ടാകെയും പ്രത്യേകിച്ച് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലും (Ahmedabad Narendra Modi Stadium) അലയടിക്കുകയാണ്. അയല്‍ക്കാര്‍ തമ്മിലുള്ള വാശിയേറിയ പോരാട്ടത്തില്‍ ചൂടുപിടിച്ച മറ്റൊരിടം വിപണിയാണ്. മത്സരത്തിന് ടോസ് വീഴും മുമ്പ് തന്നെ തലസ്ഥാന നഗരിയിലെ റെസ്‌റ്റോറന്റുകളും ബാറുകളിലുമെല്ലാം (Restaurants and Bars) ആഘോഷാരവങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
മത്സരത്തിന്‍റെ ഭാഗമായി ക്രിക്കറ്റ് തീം മെനുവും, അത്യുഗ്രന്‍ ഓഫറുകളും വമ്പിച്ച വിലക്കുറവുകളുമായാണ് കച്ചവടക്കാര്‍ ഇന്ത്യ-പാക് പോരാട്ടത്തെ വരവേറ്റത്. മാത്രമല്ല ചില റെസ്‌റ്റോറന്‍റുകള്‍ എബി ഡിവില്ലേഴ്‌സിനെ പോലുള്ള മികച്ച താരങ്ങളുടെ പേരില്‍ ഭക്ഷണ വിഭവങ്ങളൊരുക്കിയാണ് വിപണിയെ സമീപിച്ചതെങ്കില്‍, ചിലര്‍ വീഴുന്ന ഓരോ പാകിസ്ഥാന്‍ വിക്കറ്റിനും പ്രത്യേകം ഓഫര്‍ നല്‍കിയാണ് മത്സരം ആവേശകരമാക്കിയത്. മത്സരം കാണാനുള്ള 8x10 പ്രൊജക്‌ടറിന് പുറമേ തലസ്ഥാനനഗരിയിലെ കൈലിന്‍ റെസ്‌റ്റോറന്‍റ് ആന്‍ഡ് ബാര്‍, തങ്ങളെ തേടിയെത്തുന്ന ഓരോരുത്തര്‍ക്കും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയും ടാറ്റുവും 699 രൂപയ്‌ക്കാണ് ലഭ്യമാക്കുന്നത്.
വല്ലാത്ത ഓഫറുകള്‍: ഞങ്ങളുടെ മെനുവിൽ നിന്ന് ഏതെങ്കിലും രണ്ട് സ്‌റ്റാർട്ടറുകൾക്കൊപ്പം അൺലിമിറ്റഡ് എയറേറ്റഡ് പാനീയങ്ങൾ ആസ്വദിക്കാം. പാകിസ്ഥാന്‍റെ ഓരോ വിക്കറ്റ് നഷ്‌ടപ്പെടുമ്പോഴും, ഇതിനൊപ്പം കോംപ്ലിമെന്‍ററിയായി ഹൗസ് നാച്ചോസും സൽസയും ലഭ്യമാക്കും. ഇന്ത്യയുടെ വിജയത്തോടെ ബില്ലുകളില്‍ 10 ശതമാനം കിഴിവും നല്‍കുമെന്നും കൈലിന്‍ റെസ്‌റ്റോറന്‍റിന്‍റെ ഉടമ സൗരഭ് ഖനിജോ പറയുന്നു. ഇവരുടെ സ്‌റ്റാഡ് -യം മെനുവില്‍ രാജ്യത്തുടനീളമുള്ള ഔട്ട്‌ലെറ്റുകളില്‍ 'എ.ബി.ഡി റിബ്‌സ്', 'ചൗക്ക ചക്ക പ്ലാറ്റർ', '1983 സമൂസ സാംപ്ലർ', 'ദി 2011 ബക്കറ്റ്', 'ദ ദൂസ്ര ഷ്റൂം ഷവർമ', '2023? പ്ലേറ്റർ' തുടങ്ങി ക്രിക്കറ്റ് തീം ഭക്ഷണ ഓപ്ഷനുകളുമൊരുക്കുന്നുണ്ട്.