ന്യൂഡൽഹി:ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടുന്നത് സർക്കാരിന്‍റെ പരിഗണനയിലില്ലെന്ന് റിപ്പോർട്ട്. ജൂലൈ 31 ആണ് ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി. കഴിഞ്ഞ രണ്ട് വർഷങ്ങളിലും കൊവിഡ് മഹാമാരി കണക്കിലെടുത്ത് റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടിയിരുന്നു. എന്നാൽ ഇത്തവണ അതുണ്ടാവില്ലെന്നാണ് വിദഗ്‌ധർ പറയുന്നത്.
അവസാന ദിവസം ഒരു കോടി റിട്ടേണുകൾ ഫയൽ ചെയ്യുമെന്നാണ് ആദായ നികുതി വകുപ്പ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം അവസാന ദിവസം 50 ലക്ഷത്തിലധികം റിട്ടേണുകളാണ് ഫയൽ ചെയ്‌തത്.
ആദായനികുതി റിട്ടേണുകൾ ഓൺലൈനായി സമർപ്പിക്കുന്നത് ഇങ്ങനെ വിലയിരുത്തൽ വർഷം 2022-23ലെ ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള അവസാന തീയതി 2022 ജൂലൈ 31 ആണെന്ന് വകുപ്പ് തിങ്കളാഴ്‌ച ട്വിറ്ററിൽ കുറിച്ചു.
ആദായനികുതി പോർട്ടൽ അനുസരിച്ച്, 10,36,43,750 വ്യക്തിഗത രജിസ്റ്റർ ചെയ്ത ഉപയോക്താക്കളുണ്ട്. ഇതിൽ 2022-23ൽ ഇതുവരെ 2,47,87,417 ഉപയോക്താക്കളാണ് റിട്ടേണുകൾ ഫയൽ ചെയ്‌തിരിക്കുന്നത്. ഇതേ സാമ്പത്തിക വർഷത്തിൽ 2,04,80,589 റിട്ടേണുകൾ പരിശോധിച്ചു. 1,53,31,732 റിട്ടേണുകൾ നടപ്പിലാക്കി.
ആദായനികുതി റിട്ടേണുകൾ വഴി വ്യക്തികൾക്ക് ആദായവകുപ്പിന് നൽകേണ്ട നികുതി സമർപ്പിക്കുകയും യോഗ്യമായ റീഫണ്ടിനായി അപേക്ഷിക്കാനും കഴിയും. സാധാരണ റിട്ടേണിൽ വ്യക്തിയുടെ വരുമാനത്തെ കുറിച്ചും വർഷത്തിൽ അടയ്‌ക്കേണ്ട നികുതിയെ കുറിച്ചുമുള്ള വിവരങ്ങൾ അടങ്ങിയിരിക്കും. https://eportal.incometax.gov.in/iec/foservices/#/login എന്ന പോർട്ടലിൽ ഓൺലൈൻ വഴി റിട്ടേൺ സമർപ്പിക്കാവുന്നതാണ്.