ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യാൻ ഇനി ഒരു ദിവസം മാത്രം ശേഷിക്കെ 5.83 കോടി പേർ ഐടിആർ ഫയൽ ചെയ്‌തു. 2023 ജൂലൈ 31 ആണ് 2022-23 സാമ്പത്തിക വർഷത്തിലെ ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യുന്നതിനുള്ള അവസാന തീയതി. സമയ പരിധി ആദായ നികുതി വകുപ്പ് നീട്ടാനുള്ള സാധ്യത വളരെ കുറവാണ്. അതിനാൽ തന്നെ അടുത്ത മണിക്കൂറുകളിൽ തന്നെ അടിസ്ഥാന പരിധിക്ക് മുകളിൽ വരുമാനമുള്ളവർ ആദായ നികുതി റിട്ടേണ്‍ ഫയൽ ചെയ്യേണ്ടതാണ്.
അവസാന ദിനം അടുത്തതിനാൽ തന്നെ കഴിഞ്ഞ ദിവസങ്ങളിലായി റെക്കോഡ് നിരക്കിലാണ് ഐടിആർ ഫയലിങ് നടക്കുന്നത്. ജൂലൈ 30 ഉച്ചയ്ക്ക് 1 മണി വരെ 5.83 കോടി ഐടിആറുകൾ ആകെ ഫയൽ ചെയ്‌തിട്ടുണ്ടെന്ന് ഐടി വകുപ്പ് ട്വീറ്റ് ചെയ്‌തു. ഇതിലൂടെ കഴിഞ്ഞ വർഷം ജൂലൈ 31 വരെ ഫയൽ ചെയ്‌ത ഐടിആറുകളുടെ എണ്ണം മറികടന്നിട്ടുണ്ട്.
ഇ-ഫയലിങ് പോർട്ടലിൽ ഇന്ന് ഉച്ചയ്ക്ക് ഒരു മണി വരെ 46 ലക്ഷത്തിലധികം പേർ ലോഗിൻ ചെയ്‌തിട്ടുണ്ട്. ശനിയാഴ്‌ച 1.78 കോടിയിലധികം പേർ ഇ- ഫയലിങ് ലോഗിനുകൾ നടത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിവരെ 10.39 ലക്ഷം ഐടിആറുകൾ ഫയൽ ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ ഒരു മണിക്കൂറിനുള്ളിൽ 3.04 ലക്ഷം ഐടിആറുകളാണ് ഫയൽ ചെയ്‌തത്, ഐടി വകുപ്പ് അറിയിച്ചു.
നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിൽ കാലതാമസം ഉണ്ടായാൽ പിഴ നൽകേണ്ടതായി വരും. 2019-20 സാമ്പത്തിക വർഷം വരെ കാലതാമസം ഉണ്ടാകുന്നതിന് പരമാവധി 10,000 രൂപയായിരുന്നു പിഴയായി അടയ്‌ക്കേണ്ടിയിരുന്നത്. എന്നാൽ 2020-21 സാമ്പത്തിക വർഷം മുതൽ പിഴ തുക പകുതിയായി കുറച്ച് 5,000 രൂപ ആക്കിയിരുന്നു.
ALSO READ :ആദായ നികുതി റിട്ടേണ്‍സില്‍ തലപുകയുന്നുണ്ടോ?; പിശകുകള്‍ ഒഴിവാക്കാന്‍ ഒന്ന് ശ്രദ്ധിച്ചാല്‍ മതി, അറിയേണ്ടതെല്ലാം
ഇത് കൂടാതെ ആദായനികുതി നിയമം 1961-ലെ സെക്ഷൻ 234 എയിലെ വ്യവസ്ഥകൾ അനുസരിച്ച് മറ്റ് പിഴകൾക്ക് പുറമെ നികുതി ചുമത്താവുന്ന വരുമാനത്തിന് പലിശയും വകുപ്പിന് ഈടാക്കാൻ സാധിക്കും. അതേസമയം വ്യക്തികൾക്കും ബിസിനസ് ഇതര നികുതിദായകർക്കും വേണ്ടിയുള്ള ഐടി റിട്ടേൺ ഫയലിങ് സുഗമമാക്കുന്നതിന് ഒരു പൊതു ഐടിആർ ഫോം രൂപീകരിക്കാൻ പാർലമെന്‍ററി പാനൽ വ്യാഴാഴ്‌ച ധനമന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.
ട്രസ്റ്റുകളും, ലാഭേച്ഛയില്ലാത്ത ഓർഗനൈസേഷനുകളും ഒഴികെയുള്ള എല്ലാ നികുതിദായകർക്കും ഉപയോക്തൃ സൗഹൃദ പൊതു ആദായ നികുതി റിട്ടേൺ ഫോം പുറത്തിറക്കാൻ മന്ത്രാലയം കഴിഞ്ഞ വർഷം നവംബറിൽ നിർദേശിച്ചിരുന്നു. ഇതേക്കുറിച്ച് ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും ക്ഷണിച്ചിരുന്നു.
ബിജെപി എംപി ജയന്ത് സിൻഹ അധ്യക്ഷനായ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിൽ ആളുകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ നേരത്തെ ചൂണ്ടി കാണിക്കുകയും നടപടിക്രമങ്ങൾ ലളിതവും നികുതിദായകർക്ക് അനുയോജ്യവുമാക്കാൻ നികുതി വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്‌തു.
ശമ്പളം, വാടക, ബിസിനസ് വരുമാനം എന്നിങ്ങനെ വിവിധ സ്രോതസുകളിൽ നിന്നുള്ള വരുമാനമുള്ള ആർക്കും സ്വന്തമായി ഐടിആർ ഫയൽ ചെയ്യാൻ കഴിയില്ലെന്നും, ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റിന്‍റെയോ ഐടിആർ ഫയൽ ചെയ്യുന്നതിൽ മതിയായ അറിവും വൈദഗ്ധ്യവുമുള്ള ആളുടെ ഉപദേശം തേടണ്ടി വരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.