ഹൈദരാബാദ് :നമ്മുടെ വരുമാനത്തിന്‍റെ ഒരു ഭാഗം ദീര്‍ഘകാല നിക്ഷേപത്തിനായി മാറ്റിവയ്‌ക്കേണ്ടതുണ്ട്. നല്ല വണ്ണം വിലയിരുത്തലുകള്‍ നടത്തിയ ശേഷമായിരിക്കണം ഏത് സാമ്പാദ്യ പദ്ധതിയാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടതെന്ന് തീരുമാനിക്കാന്‍. നമ്മള്‍ തെരഞ്ഞെടുക്കുന്ന സമ്പാദ്യ പദ്ധതി എത്രമാത്രം റിട്ടേണ്‍ തരുന്നുണ്ട്, അതിന്‍റെ കാലപരിധി, എത്രതുക അതില്‍ നിക്ഷേപിക്കണം എന്നതൊക്കെ സംബന്ധിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
എല്ലാ സാമ്പാദ്യ പദ്ധതികള്‍ക്കും നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടായിരിക്കും. ഒരു പ്രത്യേക സമ്പാദ്യ പദ്ധതിയുടെ കോട്ടങ്ങള്‍ എന്താണെന്ന് നമ്മള്‍ അറിഞ്ഞിരിക്കണം. നമ്മുടെ നിക്ഷേപം, പ്രത്യേകിച്ച് ഓഹരി വിപണിയിലേത്, എല്ലായ്‌പ്പോഴും ലാഭം മാത്രമല്ല തരിക. ചില നഷ്‌ടങ്ങള്‍ ഉണ്ടാവാതെ ഒരു റിട്ടേണും നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയില്ല എന്ന തത്വം മനസിലാക്കിയിരിക്കണം.
ഓരോ സമ്പാദ്യ പദ്ധതിയുടേയും സ്വഭാവമനുസരിച്ച് വ്യത്യസ്‌തങ്ങളായ റിസ്‌ക് ഫാക്‌ടറുകള്‍ അതില്‍ അടങ്ങിയിട്ടുണ്ടാകും. ഈ പ്രശ്‌നസാധ്യതകളുടെ ആഘാതം കുറയ്‌ക്കാനായി മ്യൂച്വല്‍ ഫണ്ട് മാനേജര്‍മാര്‍ പല തന്ത്രങ്ങളും സ്വീകരിക്കാറുണ്ട്. എന്നാല്‍ സാധാരണ ഒരു നിക്ഷേപകന് ഇത് അറിഞ്ഞുകൊള്ളണമെന്നില്ല. ഒരേ സ്വഭാവമുള്ള എല്ലാ സമ്പാദ്യ പദ്ധതികള്‍ക്കും സമാന റിസ്‌ക് ഫാക്‌ടറുകളാണ് ഉണ്ടാവുക എന്നാണ് പൊതുവെയുള്ള ധാരണ. എന്നാല്‍ അങ്ങനെയല്ല.
നഷ്‌ട സാധ്യത അടിസ്ഥാനപ്പെടുത്തിയുള്ള വര്‍ഗീകരണം :വ്യത്യസ്‌തമായ സാഹചര്യത്തില്‍ ഒരേസ്വഭാവമുള്ള സമ്പാദ്യ പദ്ധതികള്‍ക്ക് നഷ്‌ടസാധ്യതകളുടെ തീവ്രത വ്യത്യസ്‌തമായിരിക്കും. മ്യൂച്വല്‍ ഫണ്ട് സ്‌കീമുകള്‍ അവയുടെ നഷ്‌ട സാധ്യതാ തോതിനെ അടിസ്ഥാനപ്പെടുത്തി വര്‍ഗീകരിച്ചിട്ടുണ്ട്. ലോ, നോര്‍മല്‍-മീഡിയം, മീഡിയം, മീഡിയം-ഹൈ, ഹൈ, വെരി ഹൈ എന്നിങ്ങനെയാണിത്.