ജീവിതത്തില്‍ എപ്പോള്‍, എന്ത് സംഭവിക്കും എന്നതിനെ കുറിച്ച് അറിയാനോ പറയാനോ സാധിക്കില്ല. ഭാവിയില്‍ ഉണ്ടായേക്കാവുന്ന പല കാര്യങ്ങള്‍ക്കും വേണ്ടി നാം ചിലതെല്ലാം നീക്കിവയ്‌ക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് സമ്പാദ്യം. ജീവിതത്തില്‍ മുന്നോട്ടുപോകുമ്പോള്‍ വന്നേക്കാവുന്ന ചെലവുകള്‍ വഹിക്കാന്‍ പണം കൈവശം ഉള്ളപ്പോള്‍ കാലേക്കൂട്ടി സ്വരൂപിച്ച് വയ്‌ക്കുന്ന ശീലം ഏറെ പേര്‍ക്കുമുണ്ട്. എന്നാല്‍ ചില സാഹചര്യങ്ങളില്‍ പണം മാറ്റിവയ്‌ക്കണമെന്ന് ചിന്തിച്ച് വരുമ്പോഴേക്ക് കൈയിലുള്ളതെല്ലാം ചെലവായി തീര്‍ന്നിട്ടുണ്ടാകും.
മാസശമ്പളത്തിന് ജോലി ചെയ്യുന്നവരുടെ കാര്യം തന്നെ എടുത്തുനോക്കിയാല്‍, ശമ്പളം ലഭിക്കുമ്പോഴുണ്ടാകുന്ന സന്തോഷമൊന്നും മാസാവസാനത്തില്‍ ഉണ്ടാകില്ല. ഈ സമയങ്ങളില്‍ പലയിടങ്ങളില്‍ നിന്ന് പണം ഒപ്പിച്ച് കാര്യങ്ങള്‍ ചെയ്യുന്നവരും ഏറെയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ നമുക്ക് ഏറെ സഹായകരമാകുന്ന സംവിധാനമാണ് എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് അഥവാ പ്രൊവിഡന്‍റ് ഫണ്ട്.
എന്താണ് പ്രൊവിഡന്‍റ് ഫണ്ട് (What is Employees' Provident Fund) :എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷന് (Employees' Provident Fund Organization) കീഴില്‍ വരുന്ന സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കായുള്ള ഒരു സമ്പാദ്യ പദ്ധതിയാണ് (Savings Scheme for Employees) എംപ്ലോയീസ് പ്രൊവിഡന്‍റ് ഫണ്ട് (Employees' Provident Fund). ഇപിഎഫ് സ്‌കീം പ്രകാരം ജീവനക്കാര്‍ അവരുടെ ശമ്പളത്തില്‍ നിന്ന് എല്ലാ മാസവും ഒരു നിശ്ചിത തുക മാറ്റിവയ്‌ക്കേണ്ടി വരും. ഇതിനൊപ്പം തൊഴിലുടമയും ഒരു വിഹിതം നിങ്ങളുടെ പിഎഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. പ്രതിമാസം ചെറിയ തുക കൈയില്‍ നിന്ന് സമ്പാദ്യത്തിലേക്ക് പോകുമെങ്കിലും ഇതിന്‍റെ റിട്ടേണ്‍ വളരെ വലുതാണ്. വിരമിക്കുന്ന സമയത്ത് ജീവനക്കാരന്‍റെയും തൊഴിലുടമയുടെയും അതുവരെയുള്ള നിക്ഷേപം ഒന്നിച്ച് ഒറ്റ തുകയായി ലഭിക്കുന്നതിന് പുറമെ പലിശയും ലഭിക്കുന്നതാണ്.
പ്രൊവിഡന്‍റ് ഫണ്ട് എങ്ങനെ പിന്‍വലിക്കാം (How to withdraw EPF) : പ്രൊവിഡന്‍റ് ഫണ്ട് പിന്‍വലിക്കാന്‍ വിരമിക്കുന്നതുവരെ കാത്തിരിക്കണം എന്നില്ല. തൊഴില്‍ ചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ പണം പിന്‍വലിക്കാവുന്നതാണ്. എന്നാല്‍ ഇതിന് ചില മാനദണ്ഡങ്ങള്‍ ഉണ്ട്.
- മെഡിക്കല്‍ അത്യാവശ്യം, വീട് വാങ്ങുകയോ പണിയുകയോ ചെയ്യല്‍ എന്നിവയ്ക്ക് പിഎഫ് ഭാഗികമായി പിന്‍വലിക്കാവുന്നതാണ്. പക്ഷേ പിന്‍വലിക്കുന്നതിന്‍റെ കാരണം അനുസരിച്ച് അനുവദനീയമായ തുകയുടെ അളവില്‍ വ്യത്യാസമുണ്ടാകും എന്നത് ഓര്‍ക്കണം.
- 54 വയസില്‍ കുറയാത്തവര്‍ വിരമിക്കുമ്പോള്‍ അതിന് ഒരു വര്‍ഷം മുന്‍പ് പിഎഫ് തുകയുടെ 90 ശതമാനം പിന്‍വലിക്കാവുന്നതാണ്
- പിരിച്ചുവിടലോ മറ്റ് കാരണങ്ങളോ കൊണ്ട് തൊഴില്‍ നഷ്‌ടമായാലും പിഎഫ് പിന്‍വലിക്കാം