അധികമായി അടച്ച ആദായ നികുതി, നികുതിദായകന് തിരികെ നൽകുന്ന സംവിധാനമാണ് ആദായനികുതി റീഫണ്ട് അഥവാ ഇൻകം ടാക്‌സ് റീഫണ്ട്. ഒരു നികുതിദായകൻ ആദായനികുതി റിട്ടേണുകൾ (ഐ ടി ആർ) ഫയൽ ചെയ്‌ത് ആദായനികുതി വകുപ്പിന് സമർപ്പിക്കുമ്പോൾ അയാളുടെ നികുതി ബാധ്യതയും അയാൾ അടച്ച നികുതിയും തമ്മിൽ പൊരുത്തപ്പെടേണ്ടതുണ്ട്. താൻ അടച്ച തുക അധികമാണെങ്കിൽ അയാൾക്ക് ആദായ നികുതി റീഫണ്ടിന് അർഹതയുണ്ട്. ആദായ നികുതി നിയമത്തിലെ സെക്ഷൻ 237 പ്രകാരമാണ് അധികമായി അടച്ച തുക നികുതിദായകന് തിരികെ നൽകുന്നത്. വിശദമായ പരിശോധനയിലൂടെയാണ് റീഫണ്ട് പ്രക്രിയ നടക്കുന്നത്.
ആദായ നികുതി റീഫണ്ട് - യോഗ്യതാ മാനദണ്ഡം
ഒരു നികുതിദായകൻ താഴെപ്പറയുന്ന ഏതെങ്കിലും മാനദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ ആദായനികുതി റീഫണ്ടിന് അർഹതയുണ്ട്:
- നികുതിദായകൻ മുൻകൂറായി അടച്ച മൊത്തം നികുതി, നിർദ്ദിഷ്ട സാമ്പത്തിക വർഷത്തിൽ അയാൾക്കുള്ള നികുതി ബാധ്യതയേക്കാൾ കൂടുതലാണെങ്കിൽ.
- സാമ്പത്തിക വർഷത്തിൽ ഒരു വ്യക്തിയുടെ വരുമാനത്തിൽ നിന്ന് കുറച്ച ടി ഡി എസ് അന്തിമ നികുതി ബാധ്യതയെ മറികടക്കുകയാണെങ്കിൽ.
- ഐ ടി ആർ ഫയൽ ചെയ്യുന്ന തീയതിക്ക് തൊട്ടുമുമ്പ് നികുതിദായകൻ എന്തെങ്കിലും നികുതി ലാഭിക്കൽ നിക്ഷേപം നടത്തുകയാണെങ്കിൽ.
- ഇന്ത്യയുമായി ഇരട്ട നികുതി ഒഴിവാക്കൽ കരാർ (ഡി ടി എ എ) നിലനിൽക്കുന്ന മറ്റൊരു രാജ്യത്ത് നികുതിദായകൻ അയാളുടെ വരുമാനത്തിന് നികുതി അടച്ചിട്ടുണ്ടെങ്കിൽ
- നികുതി കണക്കൂകൂട്ടിയതിലെ പിഴവുമൂലം അധിക നികുതി അടച്ചാൽ
ആദായ നികുതി റീഫണ്ട് ക്ലെയിം ചെയ്യേണ്ട പ്രക്രിയ
- ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാൻ നിശ്ചിത തീയതിക്ക് മുമ്പ് ശരിയായ റിട്ടേൺ തുക ഫയൽ ചെയ്യണം. ആകെ അധികം വന്ന തുക കണക്കാക്കാൻ ഫോം നമ്പർ 26എഎസ് അടിസ്ഥാനമാക്കുക.
- ഐ ടി ആർ ഫയൽ ചെയ്തുകഴിഞ്ഞാൽ ആദായനികുതി ഓഫിസർ അത് വിശദമായി പരിശോധിക്കും. ഫോം 26 എ എസ് പ്രകാരം, നികുതിയായി അടച്ച തുക ബാധ്യത തുകയേക്കാൾ കൂടുതലാണെന്ന് കണ്ടെത്തിയാൽ ഓഫിസർ റീഫണ്ടിന് അംഗീകാരം നൽകും.
- പരിശോധനയിൽ റീഫണ്ടിനുള്ള അവകാശം നിരസിക്കുന്ന സാഹചര്യത്തിൽ നികുതിദായകന് ഒരിക്കൽക്കൂടി അപേക്ഷയുടെ അവലോകനം (റിവ്യൂ) അഭ്യർഥിച്ച് ഫോം 30 ഫയൽ ചെയ്യാം. ഇതോടൊപ്പം വേഗത്തിലുള്ള ഇടപാടുകൾക്കുവേണ്ടി നികുതിദായകന് അവരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകാം.
- ഫയൽ ചെയ്ത ഐ ടി ആർ പരിശോധനയ്ക്കുശേഷം അംഗീകരിക്കപ്പെട്ടാൽ ആദായനികുതി വെബ്‌സൈറ്റിലെ ഇ-ഫയലിംഗ് ഡാഷ്‌ബോർഡ് സന്ദർശിച്ച് റീഫണ്ടിന്‍റെ തൽസ്ഥിതി പരിശോധിക്കാം.
ആദായ നികുതി റീഫണ്ട് എപ്പോഴാണ് ക്ലെയിം ചെയ്യേണ്ടത്?
അതാത് സാമ്പത്തിക വർഷത്തിന്‍റെ 12 മാസത്തിനുള്ളിൽ ആദായനികുതി റീഫണ്ട് ക്ലെയിം ചെയ്യാം. എന്നാൽ ചില നിബന്ധനകൾ ഇവിടെ ബാധകമാണ്:
- ആറ് തുടർച്ചയായ മൂല്യനിർണ്ണയ വർഷങ്ങളാണ് നികുതിദായകർക്ക് ആദായനികുതിയിൽ നികുതി റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയുന്ന കാലയളവ്. ആ കാലയളവിനു ശേഷമുള്ള റീഫണ്ട് ക്ലെയിമുകൾ സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സ് സ്വീകരിക്കില്ല.
- നികുതി റീഫണ്ട് തുകയ്ക്ക് സി ബി ഡി റ്റി പലിശ നൽകുന്നതല്ല
- ഒരു അസസ്‌മെന്‍റ് വർഷത്തിൽ ക്ലെയിം ചെയ്യാവുന്ന പരമാവധി ക്ലെയിം തുക 50 ലക്ഷം രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നു