വിദഗ്‌ധര്‍ പ്രവചിച്ചിരുന്നത് പോലെ പലിശ നിരക്ക് വര്‍ധിപ്പിക്കലിന്‍റെ തോത് റിസര്‍വ് ബാങ്ക് കുറച്ചിരിക്കുകയാണ്. ഒക്ടോബറില്‍ അമ്പത് ബേസിസ് പോയിന്‍റാണ് (0.5ശതമാനം) റിപ്പോറേറ്റില്‍ വര്‍ധന വരുത്തിയതെങ്കില്‍ ഡിസംബറിലെ വര്‍ധനവ് 35 ബേസിസ് പോയിന്‍റായി കുറഞ്ഞു. വാണിജ്യ ബാങ്കുകള്‍ക്ക് കൊടുക്കുന്ന വായ്‌പയ്‌ക്ക് റിസര്‍വ് ബാങ്ക് ഈടാക്കുന്ന പലിശയ്‌ക്കാണ് റിപ്പോ റേറ്റ് എന്ന് പറയുന്നത്. റിപ്പോ റേറ്റില്‍ വര്‍ധനവ് വരുത്തുമ്പോള്‍ റിസര്‍വ് ബാങ്കിന്‍റെ മറ്റ് മോണിറ്ററി ടൂളുകളായ (വിപണിയിലെ പണലഭ്യത നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍) റിവേഴ്‌സ് റിപ്പോ, എസ്‌ഡിഎഫ്, എംഎസ്‌എഫ് എന്നിവയുടെ റേറ്റുകളിലും മാറ്റങ്ങള്‍ വരും.
പൊതുജനങ്ങളെ സംബന്ധിച്ച പ്രധാന ചോദ്യം റിപ്പോറേറ്റിന്‍റെ വര്‍ധനവ് തങ്ങളെ എങ്ങനെ ബാധിക്കുമെന്നാണ്. പല വായ്‌പകളുടെയും പലിശ നിരക്ക് റിപ്പോ റേറ്റുമായി ബന്ധപ്പെടുത്തിയാണ് നിശ്ചയിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം വായ്‌പകളിന്‍മേലുള്ള ഇഎംഐ (മാസത്തവണ) റിപ്പോറേറ്റ് വര്‍ധിക്കുമ്പോള്‍ ആനുപാതികമായി വര്‍ധിക്കുന്നു.
റിപ്പോ റേറ്റ് വര്‍ധിക്കുമ്പോള്‍ വാണിജ്യ ബാങ്കുകളുടെ ഫണ്ട് സ്വരൂപിക്കാനുള്ള ചെലവ് വര്‍ധിക്കുന്നു. ഈ സാഹചര്യത്തില്‍ ബാങ്കുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്ന വായ്‌പകളുടെ പലിശ വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ ഏഴ് മാസമായി വാണിജ്യ ബാങ്കുകള്‍ വായ്‌പ പലിശ നിരക്ക് വര്‍ധിപ്പിച്ച് വരികയാണ്. റിപ്പോ റേറ്റ് നിലവില്‍ 6.25 ശതമാനമാണ്. എസ്‌ഡിഎഫ് (standing deposit facility) 6ശതമാനവും, എംഎസ്‌എഫ് (marginal standing facility), ബാങ്ക് റേറ്റ് എന്നിവ 6.50 ശതമാനവുമാണ്.
ഇഎംഐ വര്‍ധിക്കും:അധികമായി വരുന്ന പണം വാണിജ്യ ബാങ്കുകള്‍ക്ക് യാതൊരു ഈടും കൂടാതെ റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കാന്‍ കഴിയുന്ന സംവിധാനമാണ് എസ്‌ഡിഎഫ്. റിവേഴ്‌സ് റിപ്പോയുടെ ഭാഗമായി വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കില്‍ പണം നിക്ഷേപിക്കാമെങ്കിലും ഇതിന് ബാങ്കുകള്‍ ഈട് നല്‍കണം. ലിക്യുഡിറ്റി മേനേജ് ചെയ്യാനായി ബാങ്കുകള്‍ പരസ്‌പരം ഒരു ദിവസത്തേക്ക് മാറ്റും വായ്‌പകള്‍ കൊടുക്കും. എന്നാല്‍ ഇത്തരം വായ്‌പകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്കിനെ സമീപിക്കാന്‍ കഴിയുന്ന സംവിധാനമാണ് എംഎസ്‌എഫ്.
മേല്‍പ്പറഞ്ഞ നിരക്കുകള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പൊതുജനങ്ങള്‍ക്കായി ബാങ്കുകള്‍ ലഭ്യമാക്കുന്ന വായ്‌പകള്‍ വര്‍ധിക്കുന്ന സാഹചര്യം ഉള്ളത്. ഭവന, വാഹന, വ്യക്തിഗത വായ്‌പകളിന്‍മേലുള്ള പലിശ വര്‍ധിക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നത്. റിപ്പോറേറ്റുമായി ബന്ധിപ്പിച്ച വായ്‌പകളുടെ പലിശനിരക്ക് 35 ബേസിസ്(0.35ശതമാനം) പോയിന്‍റ് വര്‍ധിക്കു. എന്നാല്‍ മറ്റ് വായ്‌പകളുടെ പലിശ വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഇതുവരെ പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
ഉല്‍സവ ഓഫറിന്‍റെ ഭാഗമായി രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്‌ബിഐ 8.40 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ ഭവനവായ്‌പ ലഭ്യമാക്കുന്നുണ്ട്. 15 ബേസിസ് പോയിന്‍റ് മുതല്‍ 30 ബേസിസ് പോയിന്‍റ് വരെ ഇളവിലാണ് 2022 ഒക്‌ടോബര്‍ 4 മുതല്‍ അടുത്തവര്‍ഷം ജനുവരി 31വരെ എസ്‌ബിഐ വായ്‌പ ലഭ്യമാക്കുന്നത്. ടോപ്പ് അപ്പ് വായ്‌പകള്‍ക്കുള്ള പ്രൊസസിങ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുമുണ്ട് . എന്നാല്‍ റിപ്പോറേറ്റില്‍ ഉണ്ടായ വര്‍ധനവ് കാരണം ഈ റേറ്റുകള്‍ വര്‍ധിക്കാനുള്ള സാധ്യതയുണ്ട്.
എച്ച്‌ഡിഎഫ്‌സി ബാങ്കിന്‍റെ റീട്ടേയില്‍ പ്രൈം ലെന്‍ഡിങ് റേറ്റ് 17.95 ശതമാനമാണ്. അതേസമയം മാസവരുമാനക്കാരായ സ്ത്രീകള്‍ക്ക് 30 ലക്ഷം വരെയുള്ള ഭവനവായ്‌പയ്ക്ക് ബാങ്ക് ഈടാക്കുന്ന പലിശ 8.60-9.10 ശതമാനം വരെയാണ്. മറ്റുള്ളവര്‍ക്ക് ഈ വായ്‌പകളിന്‍മേലുള്ള പലിശ 8.65 ശതമാനം മുതല്‍ 9.15 ശതമാനം വരെയാണ്.