കേരള തനിമയിൽ ഒരു പുരവഞ്ചി കേന്ദ്രം കാസർകോട്: ആലപ്പുഴ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വഞ്ചിവീടുകൾ സർവീസ് നടത്തുന്നത് കാസർകോട് ജില്ലയിലെ കോട്ടപ്പുറത്താണ്. മലനാട് നോർത്ത് മലബാർ റിവർക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കോട്ടപ്പുറത്ത് നിർമിച്ച പുരവഞ്ചികേന്ദ്രം വിനോദ സഞ്ചാരികളെ ആകർഷിക്കുമെന്ന് ഉറപ്പാണ്. കേരള തനിമയിലാണ് പുരവഞ്ചികേന്ദ്രത്തിന്‍റെ നിർമാണവും. വിനോദസഞ്ചാര വകുപ്പിന്‍റെ സഹായധനത്തോടെ ഉൾനാടൻ ജലഗതാഗതവകുപ്പാണ് പുരവഞ്ചികേന്ദ്രം നിർമിച്ചത്.
കണ്ണൂർ, കാസർകോട് ജില്ലകളിലെ പുഴ, കായൽ എന്നിവ ബന്ധിപ്പിച്ച് വിനോദസഞ്ചാരവികസനം സാധ്യമാക്കുക എന്ന ലക്ഷ്യവുമായിട്ടാണ് പുരവഞ്ചികേന്ദ്രം എന്ന പദ്ധതിയാരംഭിച്ചത്. കോട്ടപ്പുറം ഹൗസ്ബോട്ട് ടെര്‍മിനല്‍ ഉത്തരകേരളത്തിന്‍റെ തന്നെ ടൂറിസം വികസനത്തില്‍ ഒരു നാഴികക്കല്ലായി മാറും. ഈ പദ്ധതിയുടെ പ്രധാന സവിശേഷതയായിട്ടുള്ളത് നാല് ഹൗസ്‌ബോട്ടുകള്‍ക്ക് ഒരേസമയം ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ നാല് ബോട്ടുജെട്ടികളും ഇവയെ യോജിപ്പിക്കുന്ന നടപ്പാതയുമാണ്. പ്രത്യേകം വ്യൂ പോയിന്‍റുകളും തയ്യാറാക്കിയിട്ടുണ്ട്.
പ്രദേശവാസികള്‍ സൗജന്യമായിട്ടാണ് ബോട്ട് ടെര്‍മിനലിലേക്ക് എത്തിച്ചേരുന്ന റോഡിനും അനുബന്ധ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ സ്ഥലം വിട്ടുനല്‍കിയത്. 2001-ൽ ടൂറിസം വകുപ്പിന്‍റെ കീഴിൽ പ്രവർത്തിക്കുന്ന ബേക്കൽ റിസോർട്ട്‌സ് ഡെവലപ്‌മെന്‍റ് കോർപറേഷൻ, കോട്ടപ്പുറം കേന്ദ്രീകരിച്ച് രണ്ട് ഹൗസ് ബോട്ടുകളുമായാണ് ക്രൂസ് ആരംഭിച്ചത്. ഇപ്പോൾ നിരവധി ഹൗസ് ബോട്ടുകളാണ് സർവീസ് നടത്തുന്നത്.
132 മീറ്റർ നീളത്തിലുള്ള ടെർമിനലിന്‍റെ നിർമാണം പൂർത്തിയാക്കാനായി എട്ട് കോടി രൂപയാണ് ചെലവഴിച്ചത്. ഫെബ്രുവരി 20നാണ് നിർമാണം പൂർത്തിയായ വഞ്ചിവീട് കേന്ദ്രം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്‌തത്. നീലേശ്വരം - ബേക്കല്‍ നിര്‍ദ്ദിഷ്‌ട ജലപാതയുടെ ആരംഭ സ്ഥാനമാണ് കോട്ടപ്പുറം. അതുകൊണ്ടുതന്നെ ജലഗതാഗത മേഖലയ്‌ക്ക് ഏറെ ഗുണകരമായ ഒരു പദ്ധതിയായി ഈ ബോട്ട് ടെര്‍മിനല്‍ മാറും.
ഉത്തര മലബാർ മേഖലയിലെ മികച്ച വിനോദസഞ്ചാര സാധ്യത കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി ആവിഷ്‌കരിച്ചത്. കണ്ണൂര്‍ ജില്ലയില്‍ക്കൂടി ഒഴുകുന്ന വളപ്പട്ടണം, കുപ്പം, പെരുമ്പ, കവ്വായി, അഞ്ചരക്കണ്ടി, മാഹി എന്നീ നദികളെയും കാസര്‍കോട് ജില്ലയിലെ തേജസ്വിനി, ചന്ദ്രഗിരി നദികളെയും വലിയപറമ്പ് കായലിനെയും കേന്ദ്രീകരിച്ചാണ് വിശാലമായ ഈ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. അതിന്‍റെ ഭാഗമായാണ് ഈ ബോട്ട് ടെര്‍മിനലും പണികഴിപ്പിച്ചത്.
വിനോദസഞ്ചാരികൾക്ക് ഉത്തരമലബാർ മേഖലയിലെ വൈവിധ്യങ്ങൾ നിറഞ്ഞ ഭൂപ്രകൃതി, കലാരൂപങ്ങൾ എന്നിവ ആസ്വദിക്കാനാകുന്ന രീതിയിലാണ് സർക്കാർ മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി 17 ബോട്ടുജെട്ടികളുടെ നിര്‍മാണത്തിന് 53 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. കൂടാതെ, 27 ബോട്ടുജെട്ടികളുടെ നിര്‍മാണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി കേന്ദ്ര സര്‍ക്കാരിന്‍റെ സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി 80 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
കണ്ണൂര്‍ വിമാനത്താവളത്തിന്‍റെ പൂര്‍ത്തീകരണവും പെരിയ എയര്‍ സ്ട്രിപ്പിന്‍റെ നിര്‍മാണവുമെല്ലാം മലബാര്‍ മേഖലയിലെ ടൂറിസത്തിന് പുത്തൻ ഉണര്‍വ് നല്‍കുന്നുണ്ട്. ആ ഉണര്‍വിനെ നാടിന്‍റെ പൊതുവായ മുന്നേറ്റത്തിനും ടൂറിസം വികസനത്തിനും ഉതകുന്നവിധം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതാണ് മലനാട് - മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി.