കോട്ടയം: ക്രിസ്‌മസ് കാലമെത്തിയതോടെ വീടും പരിസരവും അലങ്കരിക്കുന്ന തിരക്കിലാണ് എല്ലാവരും. ക്രിസ്‌മസിന്‍റെ വരവറിയിച്ച് വീടുകളിൽ നക്ഷത്രമിടുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ അങ്ങനെയല്ല. ക്രിസ്‌മസ് റീത്തുകളാണ് നിലവിലെ ട്രെൻഡ്.
വ്യത്യസ്‌തങ്ങളായ റീത്തുകൾ നിർമിക്കുന്ന തിരക്കിലാണ് കോട്ടയം കീഴിക്കുന്ന് സ്വദേശി സീലിയ ബാസ്‌റ്റിൻ. യൂറോപ്യൻ രാജ്യങ്ങളിൽ ശൈത്യകാലത്തെ വരവേൽക്കാനും പ്രത്യാശയുടെ ലക്ഷണമായും ഡിസംബർ മാസം ആരംഭിക്കുന്നതോടെ വീടുകളുടെ വാതിലുകളിൽ റീത്തുകൾ സ്ഥാപിക്കുന്നത് പതിവായിരുന്നു. പിൽക്കാലത്ത് ക്രിസ്‌മസിന്‍റെ വരവറിയിക്കുന്നതിന്‍റെ അടയാളമായി റീത്ത് മാറി.
എവർഗ്രീൻ ഇലകൾ, മുള്ളുകൾ, ഡ്രൈ ഫ്ലവർ തുടങ്ങിയവ ഉപയോഗിച്ചാണ് റീത്ത് നിർമിക്കുന്നത്. മുൻപ് ചെറുകമ്പികൾ വളച്ചെടുത്ത് പ്ലാസ്‌റ്റിക്ക് മാലകൾ, പൈൻ ഇലകൾ എന്നിവ ഉപയോഗിച്ച് അലങ്കരിച്ചായിരുന്നു റീത്ത് നിർമാണം. നിലവിൽ, ക്രിസ്‌മസ് ട്രീയ്ക്കായി ഉപയോഗിക്കുന്ന ഗാർലന്‍ഡ് ഉപയോഗിച്ചാണ് റീത്ത് നിർമിക്കുന്നത്.