ന്യൂഡല്‍ഹി: അദാനി ഗ്രൂപ്പും യുഎസ് നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗും തമ്മിലുള്ള പോര് മുറുകുന്നു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഇന്ത്യക്കെതിരായ ആക്രമണമാണ് എന്ന പരാമര്‍ശവുമായി അദാനി ഗ്രൂപ്പ് രംഗത്തു വന്നതിന് പിന്നാലെ മറുപടിയുമായി എത്തിയിരിക്കുകയാണ് നിക്ഷേപ ഗവേഷണ സ്ഥാപനം. ദേശീയത പറഞ്ഞു കൊണ്ട് തട്ടിപ്പ് മറയ്‌ക്കാന്‍ കഴിയില്ലെന്നാണ് അദാനി ഗ്രൂപ്പിനോട് ഹിന്‍ഡന്‍ബര്‍ഗ് തിരിച്ചടിച്ചത്.
'തട്ടിപ്പ് ദേശീയത പറഞ്ഞുകൊണ്ട് കൊണ്ട് മറയ്‌ക്കാനോ, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ഞങ്ങള്‍ ഉന്നയിച്ചിരിക്കുന്ന ഗുരുതര പ്രശ്‌നങ്ങളെ ഊതി വീര്‍പ്പിച്ച പ്രതികരണം കൊണ്ട് അവഗണിക്കാനോ സാധിക്കില്ല', ഹിഡന്‍ബര്‍ഗ് ട്വീറ്റ് ചെയ്‌തു.
Also Read:ഓഹരി തട്ടിപ്പ്; വെറും 2 ട്രേഡിങ് സെഷനുകളില്‍ അദാനി ഗ്രൂപ്പിന് നഷ്‌ടം 29 ബില്ല്യണ്‍ ഡോളറെന്ന് ഹിന്‍ഡര്‍ബെര്‍ഗ് റിപ്പോര്‍ട്ട്
ഇന്ത്യ ഊർജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണെന്നും നല്ല ഭാവിയിലേക്ക് ഉയര്‍ന്നു വരുന്ന രാജ്യമാണെന്നും തങ്ങള്‍ വിശ്വസിക്കുന്നതായും കൊള്ളയടിച്ച് രാജ്യത്തെ പിന്നോട്ടടിപ്പിക്കുന്നത് അദാനി ഗ്രൂപ്പാണെന്നും ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചു. വ്യാജമായൊരു കച്ചവട സംവിധാനം ഉണ്ടാക്കിയെടുക്കാനുള്ള ഗൂഢമായ നീക്കത്തിന്‍റെ ഭാഗമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് എന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ പ്രസ്‌താവന. ഇത് കേവലം ഒരു കമ്പനിക്ക് നേരെയുള്ള ആക്രമണമല്ലെന്നും ഇന്ത്യന്‍ സ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനും സമഗ്രതയ്‌ക്കും ഗുണനിലവാരത്തിനും ഇന്ത്യയുടെ വളര്‍ച്ചയ്‌ക്കും എതിരെയുള്ള മനപ്പൂര്‍വമായ ആക്രമണമാണെന്നും അദാനി ഗ്രൂപ്പ് ഹിന്‍ഡന്‍ബര്‍ഗിന് നല്‍കിയ 413 പേജുള്ള പ്രതികരണത്തില്‍ പറയുന്നു.
തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച് നിക്ഷേപകരില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കാനാണ് ഹിന്‍ഡന്‍ബര്‍ഗ് ശ്രമിക്കുന്നതെന്നും അദാനി ഗ്രൂപ്പ് ആരോപിച്ചു. അദാനി ഗ്രൂപ്പിന്‍റെ ഫോളോ ഓണ്‍ പബ്ലിക് ഓഫര്‍ ആരംഭിക്കുന്ന സമയത്ത് തന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് പുറത്തുവിട്ടതിലെ ദുരുദ്ദേശ്യം വ്യക്തമാണെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. അദാനി ഗ്രൂപ്പിന്‍റെ വ്യവസായത്തെ കൃത്രിമമായ കണക്കുകളിലൂടെ രാജ്യത്തെ വന്‍ കോര്‍പറേറ്റ് സ്ഥാപനമായി ഉയര്‍ത്തിയെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ആരോപിക്കുന്നത്.
Also Read: ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് : യുഎസിലും ഇന്ത്യയിലും നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്
ഓഹരി വിലയില്‍ ഷെല്‍ കമ്പനികള്‍ വഴി കൃത്രിമം കാണിക്കുന്നു എന്നും വസ്‌തുതാപരമല്ലാത്ത പല കണക്കുകളും ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ അദാനി ഗ്രൂപ്പിന്‍റെ വിപണി മൂല്യത്തില്‍ കോടികളുടെ ഇടിവാണ് സംഭവിച്ചത്.