ബാങ്കോക്ക്:തായ്‌ലന്‍ഡിലെത്തിയ ഒരു ജാപ്പനീസ് വിനോദസഞ്ചാരി കടയില്‍ നിന്നും വാങ്ങിയ കഞ്ചാവ് എടുത്ത്, 'പഠിച്ചുവച്ചത്' ഓര്‍ത്തെടുത്ത് കൂളായി ചുരുട്ടി വലിക്കുന്നു. സെൻട്രൽ ബാങ്കോക്കില്‍ വച്ച്, ആരെയും കൂസാതെയാണ് ഇയാളുടെ വലി. ജപ്പാനിലായിരുന്ന, രണ്ടാഴ്‌ച മുന്‍പുവരെ അദ്ദേഹം ഒരുതവണ പോലും കഞ്ചാവ് പരീക്ഷിക്കാന്‍ മുതിര്‍ന്നിട്ടില്ല. ഈ ലഹരിയുടെ ഉപയോഗം മിക്ക ഏഷ്യൻ രാജ്യങ്ങളിലും എന്നപോലെ, കഠിനമായ ശിക്ഷ ലഭിക്കുന്ന ഏര്‍പ്പാടാണ് എന്നതുകൊണ്ടാണ് അദ്ദേഹം 'പുകപ്പരിപാടിയ്‌ക്ക്' ഒരിക്കല്‍പോലും ശ്രമിക്കാതിരുന്നത്.
'ഇല പരീക്ഷണം' നാട്ടിലറിഞ്ഞാല്‍ പൊല്ലാപ്പ്..!:കഴിഞ്ഞ വർഷമാണ് തായ്‌ലൻഡില്‍, കഞ്ചാവ് നിയമവിധേയമാക്കിയത്. അതുകൊണ്ടുതന്നെ ജപ്പാന്‍ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളിലെ ധാരാളം ടൂറിസ്റ്റുകളാണ് ഇവിടേക്ക് ഒഴുകിയെത്തുന്നത്. ഈ ലഹരി ഉപയോഗത്തിന് ശേഷം തനിക്ക് എന്ത് മാറ്റം തോന്നും എന്നതിനെക്കുറിച്ച് വലിയ ആകാംക്ഷയുണ്ടായിരുന്നെന്ന് 'കഥാനായകനായ' ജപ്പാന്‍ സ്വദേശി പറയുന്നു. പുറമെ, ബാങ്കോക്കിലെ തന്‍റെ 'പരീക്ഷണം', നാട്ടില്‍ നിയമപരമായ പൊല്ലാപ്പുകളുണ്ടാക്കിയേക്കുമോ എന്ന ഭയവും ഇയാള്‍ക്കുണ്ട്. അതുകൊണ്ടുതന്നെ തന്‍റെ പേര് ഉപയോഗിക്കരുതെന്ന 'കരാറിലാണ്' അന്താരാഷ്‌ട്ര വാര്‍ത്താഏജന്‍സിയോട് 42കാരനായ ഈ ടൂറിസ്റ്റ് സംസാരിച്ചത്.
'ഇലക്കാര്യത്തില്‍' ജപ്പാന്‍ ടൂറിസ്റ്റിന് കുറച്ചുകൂടെ പറയാനുണ്ട്. അവ ഇങ്ങനെയാണ്: 'എന്തുകൊണ്ടാണ് കഞ്ചാവ് ജപ്പാൻ നിരോധിച്ചത് എന്ന കാര്യത്തില്‍ എനിക്ക് വലിയ അദ്‌ഭുതമുണ്ട്. എനിക്ക് ഇത് പരീക്ഷിക്കാൻ നേരത്തേ ആഗ്രഹമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള കൂടുതൽ രാജ്യങ്ങൾ കഞ്ചാവ് നിയമവിധേയമാക്കുന്ന സാഹചര്യമാണുള്ളത്. തായ്‌ലൻഡ് ഏഷ്യന്‍ രാജ്യമായിട്ടും ഇക്കാര്യത്തില്‍ മറ്റൊരു നിലപാടാണ് സ്വീകരിച്ചത്. ചില രാജ്യങ്ങളിൽ കഞ്ചാവ് കേസില്‍പ്പെട്ടാന്‍ വലിയ ശിക്ഷയാണുള്ളത്. കഞ്ചാവ് കടത്തിയതിന് സിംഗപ്പൂർ ഈ വർഷം രണ്ടുപേരെ വധിച്ചിട്ടുണ്ട്. കൂടാതെ, തായ്‌ലൻഡിൽ നിന്നും വരുന്ന ആളുകളെ പല രാജ്യങ്ങളും വന്‍ തോതിലുള്ള പരിശോധനയ്‌ക്കാണ് വിധേയമാക്കുന്നത്' - ജപ്പാന്‍ ടൂറിസ്റ്റ് അന്താരാഷ്‌ട്ര വാര്‍ത്താഏജന്‍സിയോട് പറഞ്ഞു.