ന്യൂഡല്‍ഹി: ഏപ്രില്‍ മാസത്തെ സേവന നികുതി (ജിഎസ്‌ടി) പ്രകാരമുള്ള പ്രതിമാസ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 1.68 ലക്ഷം കോടി രൂപയിലെത്തിയതായി ധനമന്ത്രാലയം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 20 ശതമാനം വര്‍ധനവാണ് കണക്കില്‍ രേഖപ്പെടുത്തിയത്. മാര്‍ച്ച് മാസത്തില്‍ 1.42 കോടി രൂപയുടെ വര്‍ധനവ് ആയിരുന്നു റിപ്പോര്‍ട്ട് ചെയ്‌തത്.
ഏപ്രിലില്‍ ജിഎസ്‌ടി വരുമാനം 1.68 ലക്ഷം കോടി രൂപ; ഏറ്റവും ഉയര്‍ന്ന കണക്കെന്ന് കേന്ദ്രം - ഏപ്രില്‍ ജിഎസ്‌ടി വരുമാനം
എല്ലാ മേഖലകളിലെയും ജിഎസ്‌ടി വരുമാനത്തില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് ധനകാര്യമന്ത്രാലയം പുറത്ത്‌വിട്ട പ്രസ്‌താവനയില്‍ വ്യക്തമാക്കുന്നത്
ഏപ്രിലിൽ 1,67,540 കോടി രൂപയാണ് മൊത്തം ജിഎസ്‌ടി വരുമാനം. അതില്‍ കേന്ദ്ര ചരക്ക് സേവന നികുതി ( CGST ) 33,159 കോടി രൂപയും, എസ്‌ജിഎസ്‌ടി 41,793 കോടി രൂപയുമാണ്. സംയോജിത ചരക്ക് സേവന നികുതി ( IGST ) 81,939 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 36,705 കോടി രൂപ ഉൾപ്പെടെ) സെസ് 10,649 കോടി രൂപയും (ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 857 കോടി രൂപ) ഉൾപ്പെടെയാണെന്ന് കേന്ദ്രമന്ത്രാലയം അറിയിച്ചു.
ഈ മാസത്തില്‍ ചരക്കുകളുടെ ഇറക്കുമതിയില്‍ നിന്നുള്ള വരുമാനം 30 ശതമാനം ഉയര്‍ന്നിട്ടുണ്ട്. ആഭ്യന്തരസ്രോതസ്സുകളില്‍ നിന്നുള്ള വരുമാനത്തിലും കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയതായി ധനകാര്യമന്ത്രാലയം ഔദ്യോഗിക പ്രസ്‌താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇപ്പോൾ കൊവിഡ് മഹാമാരിയിൽ നിന്ന് കരകയറുകയാണെന്നാണ് നിലവിലെ കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ടാക്‌സ് കണക്‌ട് അഡൈ്വസറി പാർട്‌ണർ വിവേക് ജലൻ അഭിപ്രായപ്പെട്ടു.