ന്യൂഡല്‍ഹി:ടോള്‍ പ്ലാസകളുടെ നവീകരണത്തിനായി നൂതന സാങ്കേതിക വിദ്യകള്‍ ഒരുക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. പുതിയ സംവിധാനങ്ങള്‍ അടുത്ത മാസം മുതല്‍ നിലവില്‍ വരുമെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. ഇന്ന് (03.08.2022) നടന്ന രാജ്യസഭ സമ്മേളനത്തിലാണ് നിതിന്‍ ഗഡ്‌കരി ഇക്കാര്യം വ്യക്തമാക്കിയത്.
ഗതാഗത കുരുക്ക്, വാഹനങ്ങളുടെ നീണ്ട ക്യൂ തുടങ്ങിയ നിരവധി പ്രശ്‌നങ്ങളാണ് നിലവിലെ ട്രോള്‍ പ്ലാസയില്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നതെന്ന് സഭയിലെ ചോദ്യോത്തര വേളയില്‍ മന്ത്രി പറഞ്ഞു. ഇതിനായി സര്‍ക്കാരിന് മുമ്പില്‍ രണ്ട് വിധത്തിലുള്ള മാര്‍ഗങ്ങളാണുള്ളത്. ഒന്ന് ഉപഗ്രഹ അധിഷ്‌ഠിത ടോൾ സംവിധാനത്തിലൂടെ കാറിന്‍റെ ജിപിഎസ് വഴി യാത്രക്കാരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ ഈടാക്കുക, മറ്റൊന്ന് നമ്പർ പ്ലേറ്റുകൾ വഴി ടോൾ ഈടാക്കുക.
രണ്ട് തരത്തിലുള്ള സംവിധാനങ്ങളില്‍ ഏത് തിരഞ്ഞെടുക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കും. ഇതിനായി ഇതുവരെ പ്രത്യേക യോഗം ചേര്‍ന്നിട്ടില്ല. എങ്കിലും എന്‍റെ അഭിപ്രായത്തില്‍ നമ്പര്‍ പ്ലെയിറ്റ് സംവിധാനം ഉപയോഗിക്കുന്നതാണ് ഉചിതം. അത്യാധുനിക ഡിജിറ്റൽ സംവിധാനം നിലവില്‍ വന്നാല്‍ രാജ്യത്ത് ടോള്‍ പ്ലാസകള്‍ ഉണ്ടാവില്ല എന്ന് മന്ത്രി പറഞ്ഞു.
ഇതിന് മുമ്പായി ടോള്‍ നല്‍കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനായി പാര്‍ലമെന്‍റില്‍ ബില്‍ പാസാക്കേണ്ടതുണ്ട്. ടോള്‍ പിരിക്കുന്നതിനായി സര്‍ക്കാര്‍ മികച്ച സാങ്കേതിക വിദ്യ ഏതെന്ന് പഠിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ എന്നാല്‍ കഴിയാവുന്ന വിധം മികച്ച സംവിധാനം തന്നെ നടപ്പാക്കുമെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നു ഗഡ്‌കരി കൂട്ടിച്ചേര്‍ത്തു.
ഫാസ്റ്റ് ടാഗ് സംവിധാനം പ്രാബല്യത്തില്‍ വന്നപ്പോള്‍ ഒറ്റ ദിവസം കൊണ്ട് ടോൾ വരുമാനം 120 കോടി രൂപയായി ഉയർത്താന്‍ സാധിച്ചു. ഇതുവരെ 5.56 കോടി ഫാസ്‌റ്റ് ടാഗുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇതിന്‍റെ ഉപയോക്താക്കള്‍ ഏകദേശം 96.6 ശതമാനമാണെന്നും നിതിന്‍ ഗഡ്‌കരി ചൂണ്ടികാട്ടി.