ബവേരിയന്‍ ആല്‍പ്‌സ്:റഷ്യയില്‍ നിന്ന് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് നിര്‍ത്തലാക്കാന്‍ തീരുമാനിച്ച് ജി 7 രാജ്യങ്ങള്‍. യുക്രൈനിന് എതിരെ യുദ്ധം ചെയ്യുന്ന റഷ്യയെ സാമ്പത്തികമായി കൂടുതല്‍ സമ്മര്‍ദം ചെലുത്തുക എന്നതാണ് ലക്ഷ്യം. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ സ്വര്‍ണത്തിന് വലിയ രീതിയില്‍ വില കൂടാന്‍ തീരുമാനം കാരണമാകും.
ജര്‍മനിയിലെ ബവേരിയന്‍ ആല്‍പ്‌സില്‍ നടക്കുന്ന യോഗത്തില്‍ യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും, ബ്രീട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണുമാണ് നിര്‍ദേശം മുന്നോട്ടുവച്ചത്. യുഎസ്, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ബ്രിട്ടന്‍, ജപ്പാന്‍, ഇറ്റലി എന്നീ സമ്പന്ന രാജ്യങ്ങളുടെ കൂട്ടായ്‌മയാണ് ജി 7. തീരുമാനം വരുന്ന ചൊവ്വാഴ്‌ച(ജൂണ്‍ 28) ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുക്രൈന്‍ അധിനിവേശത്തിന് ശേഷം ഇപ്പോള്‍ തന്നെ വലിയ രീതിയിലുള്ള സാമ്പത്തിക ഉപരോധം നേരിടുന്ന റഷ്യയെ അന്താരാഷ്‌ട്ര ധനകാര്യ സംവിധാനങ്ങളില്‍ നിന്ന് കൂടുതല്‍ അകറ്റാനാണ് പാശ്ചാത്യ രാജ്യങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഏറ്റവും കൂടുതല്‍ സ്വര്‍ണം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ ഒന്നാണ് റഷ്യ. ഫോസില്‍ ഇന്ധനങ്ങള്‍ കഴിഞ്ഞാല്‍ റഷ്യയ്‌ക്ക് കയറ്റുമതിയിലൂടെ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്നത് സ്വര്‍ണത്തില്‍ നിന്നാണ്.
റഷ്യയുടെ കൂടുതല്‍ കയറ്റുമതിയും ജി 7 രാജ്യങ്ങളിലേക്കാണ്. അതില്‍ തന്നെ ഏറ്റവും കൂടുതല്‍ ബ്രിട്ടനിലേക്കാണ്. 2020ല്‍ റഷ്യ 19 ബില്യണ്‍ യുഎസ് ഡോളറിന്‍റെ സ്വര്‍ണ കയറ്റുമതിയാണ് നടത്തിയത്. റഷ്യയില്‍ നിന്നുള്ള അസംസ്‌കൃത എണ്ണയും പ്രകൃതി വാതകവും ഇറക്കുമതി ചെയ്യുന്നത് പാശ്ചാത്യ രാജ്യങ്ങള്‍ കുറച്ചു കൊണ്ടുവരുന്നത് ആഗോള കമ്പോളത്തില്‍ അസംസ്‌കൃത എണ്ണയുടെ വലിയ രീതിയിലുള്ള വില വര്‍ധനവിനാണ് ഇടയാക്കിയത്.
അതേ പോലെ സ്വര്‍ണം ഇറക്കുമതി നിരോധിക്കാനുള്ള ജി 7 രാജ്യങ്ങളുടെ തീരുമാനം ലോക വ്യാപകമായി സ്വര്‍ണത്തിന്‍റെ വില വര്‍ധനവിലേക്കാണ് നയിക്കുക. സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത കാരണം സുരക്ഷിത നിക്ഷേപ മാര്‍ഗമെന്ന നിലയില്‍ ആളുകള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുമ്പോഴും സ്വര്‍ണത്തിന്‍റെ വില വര്‍ധിക്കും.