മുംബൈ:ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി വീണ്ടും ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിനെ പിന്തള്ളി ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്‍. ഫോര്‍ബ്‌സ് മാസികയുടെ റിയല്‍ ടൈം ശതകോടീശ്വര ലിസ്റ്റിലാണ് ഗൗതം അദാനി വീണ്ടും മൂന്നാം സ്ഥാനത്ത് ഇടം പിടിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്‌ച തുടര്‍ച്ചയായി ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റമാണ് ഗൗതം അദാനിക്ക് നേട്ടമായത്
വാള്‍സ്‌ട്രീറ്റ് ഓഹരികളെക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ഓഹരികള്‍ കാഴ്‌ചവയ്‌ക്കുന്നത്. ഇന്ന് ഗൗതം അദാനിയുടെ കൈവശമുള്ള ഓഹരികളുടെ മൂല്യത്തില്‍ 314 ദശലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഗൗതം അദാനിയുടെ ആസ്ഥി 131.9 ബില്യണ്‍ (നൂറ് കോടിയാണ് ഒരു ബില്യണ്‍) യുഎസ് ഡോളറായി ഉയര്‍ന്നു. 156.5 ബില്യണ്‍ ഡോളര്‍ ആസ്‌തിയുമായി ലൂയി വിറ്റന്‍ മേധാവി ബെര്‍ണാഡ് അര്‍നോള്‍ട്ടിന് പിന്നിലായാണ് അദാനി സ്ഥാനം പിടിച്ചിരിക്കുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയില്‍ തുടര്‍ച്ചയായ മുന്നേറ്റം:ഇന്നും ഇന്ത്യന്‍ ഓഹരിവിപണിയിലെ പ്രധാന സൂചികകള്‍ നേട്ടമാണ് ഉണ്ടാക്കിയത്. രാജ്യത്തെ ഓഹരി വിപണിയുടെ മുന്നേറ്റം തുടര്‍ച്ചയായ മൂന്നാമത്തെ ആഴ്‌ചയിലേക്ക് കടന്നിരിക്കുകയാണ്. ലോകത്തിലെ പ്രധാനപ്പെട്ട കേന്ദ്ര ബാങ്കുകള്‍ വലിയ രീതിയില്‍ പലിശ വര്‍ധിപ്പിക്കില്ല എന്ന പ്രതീക്ഷയും ആഗോള വിപണിയില്‍ എണ്ണ വില കുറയുന്നതുമാണ് ഓഹരി വിപണിയിലെ മുന്നേറ്റത്തിന് കാരണം.