ന്യൂഡല്‍ഹി: നിക്ഷേപകരുടെ താൽപര്യങ്ങൾക്കാണ് പ്രാധാന്യമെന്ന് ഗൗതം അദാനി. 20,000 കോടിയുടെ എഫ്‌പിഒ (ഫോളോ ഓണ്‍ പബ്ലിക് ഓഫർ) റദ്ദാക്കിയതിന് പിന്നാലെയാണ് അദാനിയുടെ പ്രതികരണം. വിപണിയിലെ ചാഞ്ചാട്ടത്തെ തുടർന്നാണ് എഫ്‌പിഒയുമായി മുന്നോട്ട് പോകണ്ട എന്ന തീരുമാനത്തിലെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
നിക്ഷേപകർ ഞങ്ങളിൽ അർപ്പിച്ച വിശ്വാസം കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല. നിക്ഷേപകർക്ക് പണം നഷ്‌ടമായാൽ അത് അവരെ അപമാനിക്കുന്നതിന് തുല്യമാകും. നിക്ഷേപകരുടെ പിന്തുണയാണ് എന്‍റെ നേട്ടങ്ങൾക്ക് പിന്നിൽ. ഞാന്‍ അവരോട് കടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എഫ്‌പിഒ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്‌ത ശേഷം വിപണിയില്‍ നിന്ന് പിന്‍മാറിയത് എല്ലാവരെയും ഞെട്ടിച്ചു. എന്നാൽ ഞങ്ങൾ ഇപ്പോൾ പ്രാധാന്യം നൽകുന്നത് നിക്ഷേപകർക്ക് നഷ്‌ടം വരുത്താതെ ഇരിക്കുക എന്നതിലാണെന്നും അദാനി പറഞ്ഞു. വീഡിയോ സന്ദേശത്തിലൂടെയാണ് ഗൗതം അദാനി ഇക്കാര്യം വ്യക്തമാക്കിയത്.
വിജയകരമായി പൂര്‍ത്തിയാക്കിയ എഫ്‌പിഒ ആണ് അദാനി എന്‍റർപ്രൈസസ് അപ്രതീക്ഷിത നീക്കത്തിലൂടെ പിന്‍വലിച്ചത്. എഫ്‌പിഒക്ക് വലിയ പിന്തുണ നേടിയെങ്കിലും ഇന്നലെ ഓഹരി വിപണിയിൽ കനത്ത നഷ്‌ടം നേരിട്ടതോടെ മുന്നോട്ടുപോകേണ്ട എന്ന് കമ്പനി തീരുമാനിക്കുകയായിരുന്നു. യുഎസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് വന്നതിന് പിന്നാലെയാണ് അദാനി ഓഹരികൾ തകർന്നത്. ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് ക്രിത്രിമം നടത്തിയെന്നാണ് ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്നത്.