ന്യൂഡൽഹി: സാമ്പത്തിക പ്രതിസന്ധിയിലായ എയർലൈൻ ഗോ ഫസ്റ്റ് മെയ് 15 വരെ ടിക്കറ്റുകളുടെ വിൽപ്പന നിർത്തിവച്ചു. നിലവിലുള്ള ബുക്കിങ്ങുകൾ ഭാവിയിൽ റീഫണ്ട് ചെയ്യാനോ, അല്ലാത്തവർക്ക് യാത്ര റീഷെഡ്യൂൾ ചെയ്യാനോ ഉള്ള ശ്രമത്തിലാണെന്ന് ഏവിയേഷൻ റെഗുലേറ്റർ ഡിജിസിഎ വ്യാഴാഴ്‌ച അറിയിച്ചു. മെയ് മൂന്ന് മുതൽ മൂന്ന് ദിവസത്തേക്ക് വിമാനങ്ങൾ റദ്ദാക്കാൻ പെട്ടെന്ന് തീരുമാനിച്ചതിനെത്തുടർന്ന് ഡയറക്‌ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) എയർലൈൻസിന് കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു.
'ഗോ ഫസ്‌റ്റിൽ യാത്ര ചെയ്യാനായി ബുക്ക് ചെയ്‌ത ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് തിരികെ നൽകാനോ, അല്ലാത്തവർക്കായി പുതിയ തീയതിയിൽ ടിക്കറ്റ് ബുക്ക് ചെയ്‌ത് നൽകാനോ ഉള്ള തയ്യാറെടുപ്പിലാണ്. പ്രാബല്യത്തിലുള്ള നിയന്ത്രണങ്ങൾ പ്രകാരം പ്രത്യേകമായി അനുശാസിക്കുന്ന സമയക്രമം അനുസരിച്ച് യാത്രക്കാർക്ക് റീഫണ്ടുകൾ നൽകാനുള്ള ശ്രമത്തിലാണ്' -വിമാന അധികൃതർ അറിയിച്ചു.
മുൻകൂർ അറിയിപ്പൊന്നും കൂടാതെ ഷെഡ്യൂൾ ചെയ്‌ത പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തിവയ്ക്കാനുള്ള ഗോ ഫസ്റ്റിന്‍റെ പെട്ടെന്നുള്ള തീരുമാനം കണക്കിലെടുത്ത് യാത്രക്കാരുടെ അസൗകര്യം കുറയ്ക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും ഓപ്പറേഷനൽ കാരണങ്ങളാൽ യാത്രക്കാർക്ക് ഉടൻ തന്നെ മുഴുവൻ റീഫണ്ടും നൽകുമെന്ന് എയർലൈൻ അതിന്‍റെ വെബ്‌സൈറ്റ് അപ്‌ഡേറ്റിൽ പറയുന്നു.
സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് പാപ്പരായി പ്രഖ്യാപിക്കുന്നതിനു ദേശീയ കമ്പനി നിയമ ട്രൈബ്യൂണലിനെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. വിമാന സർവീസുകൾ പൂർണമായി റദ്ദാക്കിയെന്ന് കമ്പനി അറിയിച്ചതിനു തൊട്ട് പിന്നാലെയാണ് പാപ്പരായി പ്രഖ്യാപിക്കുന്നതിനുള്ള നടപടി.
‘പ്രാറ്റ് ആൻഡ് വിറ്റ്നി’ എന്ന യുഎസ് കമ്പനി നിർമിച്ച എൻജിനുകളിലെ തകരാർ മൂലം ഗോ ഫസ്‌റ്റ് കമ്പനിക്ക് 25 വിമാനങ്ങൾ പറത്താൻ കഴിയാത്തതാണ് സാമ്പത്തിക പ്രതിസന്ധിക്കു വഴിവച്ചതെന്നാണ് കമ്പനിയുടെ വാദം. അതേസമയം നിലവിലെ എൻജിൻ തകരാർ പരിഹരിച്ചാൽ ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളോടെ മുഴുവൻ വിമാനങ്ങളുടെയും സർവീസ് ആരംഭിക്കാൻ സാധിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.