കേരളം

kerala

ETV Bharat / business

'കമ്പനി നഷ്‌ടത്തിൽ, വേറെ നിവൃത്തിയില്ല'; പിരിച്ചുവിടലിനെ ന്യായീകരിച്ച് മസ്‌ക്

പ്രതിദിനം നാല് മില്യൺ ഡോളറിൽ കൂടുതൽ കമ്പനിക്ക് നഷ്‌ടമുണ്ടാകുമ്പോൾ ജീവനക്കാരെ കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് ഇലോൺ മസ്‌ക് ട്വിറ്ററിൽ കുറിച്ചു.

By

Published : Nov 5, 2022, 5:20 PM IST

elon musk mass layoff  elon musk  elon musk twitter  twitter mass layoff  mass layoff of employees in twitter  പിരിച്ചുവിടലിനെ ന്യായീകരിച്ച് മസ്‌ക്  ഇലോൺ മസ്‌ക്  ഇലോൺ മസ്‌ക് കൂട്ടപിരിച്ചുവിടൽ  ഇലോൺ മസ്‌ക് ട്വിറ്റർ  ട്വിറ്റർ കൂട്ടപിരിച്ചുവിടൽ  ജീവനക്കാരെ പിരിച്ചുവിട്ടു  ട്വിറ്റർ നഷ്‌ടത്തിൽ
'കമ്പനി നഷ്‌ടത്തിൽ, വേറെ നിവൃത്തിയില്ല'; പിരിച്ചുവിടലിനെ ന്യായീകരിച്ച് മസ്‌ക്

കാലിഫോർണിയ: ഇന്ത്യയിൽ നിന്നുൾപ്പെടെ ജീവനക്കാരുടെ കൂട്ടപിരിച്ചുവിടലിനെ ന്യായീകരിച്ച് ട്വിറ്റർ ഉടമ ഇലോൺ മസ്‌ക്. പ്രതിദിനം ദശലക്ഷക്കണക്കിന് ഡോളറാണ് കമ്പനിക്ക് നഷ്‌ടമുണ്ടാകുന്നത്. അതിനാൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയല്ലാതെ വേറെ നിവൃത്തിയില്ലെന്നും ഇലോൺ മസ്‌ക് പറയുന്നു. 2022 ജൂൺ 30ന് അവസാനിച്ച രണ്ടാം പാദത്തിൽ 270 മില്യൺ യുഎസ് ഡോളറാണ് കമ്പനിയുടെ നഷ്‌ടം രേഖപ്പെടുത്തിയത്.

പ്രതിദിനം നാല് മില്യൺ ഡോളറിൽ കൂടുതൽ കമ്പനിക്ക് നഷ്‌ടമുണ്ടാകുമ്പോൾ ജീവനക്കാരെ കുറയ്ക്കുകയല്ലാതെ മറ്റ് മാർഗമില്ലെന്ന് മസ്‌ക് ട്വിറ്ററിൽ കുറിച്ചു. ജോലി നഷ്‌ടപ്പെട്ട എല്ലാവർക്കും മൂന്ന് മാസത്തെ ശമ്പളം നഷ്‌ടപരിഹാരമായി നൽകും. ഇത് നിയമം നിഷ്‌കർഷിക്കുന്നതിനേക്കാൾ 50% കൂടുതലാണെന്നും മസ്‌ക് പറയുന്നു.

ആക്‌ടിവിസ്റ്റുകളുടെ ഇടപെടലാണ് ട്വിറ്ററിന്‍റെ വരുമാനത്തിൽ കുറവുണ്ടാകുന്നതിന് പ്രധാന കാരണമെന്നാണ് മസ്‌കിന്‍റെ വിശദീകരണം. എന്നാൽ ഒരു വർഷം മുൻപ് കമ്പനിയുടെ ലാഭം 66 മില്യൺ ഡോളറായിരുന്നു. ആക്‌ടിവിസ്റ്റ് ഗ്രൂപ്പുകൾ പരസ്യദാതാക്കളുടെ മേൽ ചെലുത്തുന്ന സമ്മർദമാണ് ട്വിറ്ററിന്‍റെ വരുമാനത്തിൽ വൻ ഇടിവുണ്ടാകാൻ കാരണം.

എല്ലാം അങ്ങേയറ്റം കുഴഞ്ഞുമറിഞ്ഞു. അമേരിക്കയിലെ അഭിപ്രായ സ്വാതന്ത്ര്യം തകർക്കാനാണ് അവർ ശ്രമിക്കുന്നതെന്നും മസ്‌ക് പറയുന്നു.

ഒറ്റദിവസം ജോലി നഷ്‌ടമായത് നൂറുകണക്കിന് ജീവനക്കാർക്ക്: നൂറുകണക്കിന് ജീവനക്കാർക്കാണ് കഴിഞ്ഞ ദിവസം പിരിച്ചുവിട്ടുകൊണ്ടുള്ള പിങ്ക് സ്ലിപ്പ് നൽകിയത്. കഴിഞ്ഞ മാസം അവസാനം 44 ബില്യൺ യുഎസ് ഡോളറിന് മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നിരവധി പേർക്കാണ് ജോലി നഷ്‌ടമായത്. പസഫിക് സ്റ്റാൻഡേർഡ് സമയം രാവിലെ 9 മണിയോടെ പിരിച്ചുവിടപ്പെട്ടത് ആരൊക്കെ എന്ന് അറിയുമെന്ന് വെള്ളിയാഴ്‌ച കമ്പനി അയച്ച കത്തിൽ പറഞ്ഞിരുന്നു.

എന്നാൽ എത്ര ജീവനക്കാർക്ക് ജോലി നഷ്‌ടമാകുമെന്ന് ഇമെയിലിൽ അറിയിച്ചിട്ടില്ല. തങ്ങളുടെ വർക്ക് അക്കൗണ്ടുകൾ ലഭ്യമാകുന്നില്ല എന്ന് ചില ജീവനക്കാർ വെള്ളിയാഴ്‌ച ട്വിറ്ററിൽ കുറിച്ചിരുന്നു. ഇന്ത്യയിലെ 200ലധികം ജീവനക്കാർക്ക് ജോലി നഷ്‌ടമായിരുന്നു. മാർക്കറ്റിങ്, കമ്യൂണിക്കേഷൻസ് വിഭാഗങ്ങളിലെ മുഴുവൻ ജീവനക്കാരെയും പിരിച്ചുവിട്ടു. എഞ്ചിനീയറിംഗ് വിഭാഗത്തിലെ മിക്ക ജീവനക്കാരെയും പിരിച്ചുവിട്ടെന്നും വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇന്ത്യയിലെ ജീവനക്കാർക്ക് എത്ര രൂപയാണ് നഷ്‌ടപരിഹാരമായി നൽകുക എന്നതിൽ വ്യക്തതയില്ല.

മൊത്തത്തിൽ അഴിച്ചുപണി: ലോകമെമ്പാടുമായി 7,500 ജീവനക്കാരാണ് ട്വിറ്ററിനുള്ളത്. ഇതിൽ പകുതിയിലേറെപ്പേരും പിരിച്ചുവിടൽ ഭീഷണി നേരിടുകയാണ്. കമ്പനി ഏറ്റെടുത്തതിന് തൊട്ടടുത്ത ദിവസം തന്നെ സിഇഒ പരാഗ് അഗ്രവാൾ, ലീഗൽ എക്‌സിക്യൂട്ടീവ് വിജയ ഗഡ്ഡെ, സിഎഫ്ഒ നെഡ് സേഗാൾ, ജനറൽ കൗൺസിൽ സീൻ എഡ്ഗെറ്റ് എന്നിവരെ മസ്‌ക് പുറത്താക്കിയിരുന്നു. കമ്പനിയുടെ ഡയറക്‌ടർ ബോർഡ് പിരിച്ചുവിടുകയും താൻ മാത്രമടങ്ങുന്ന ഏകാംഗ ബോർഡായി മാറ്റുകയും ചെയ്‌തു. കൂടാതെ ഇനി മുതൽ അക്കൗണ്ടുകളിൽ ബ്ലൂ ടിക്ക് ലഭ്യമാക്കുന്നതിന് പ്രതിമാസം എട്ട് ഡോളർ (ഏകദേശം 660 രൂപ) ഈടാക്കുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു.

കൂട്ടപിരിച്ചുവിടലിനെ തുടർന്ന് ട്വിറ്റർ ഫെഡറൽ, കാലിഫോർണിയ വർക്കർ അഡ്‌ജസ്റ്റ്‌മെന്‍റ് ആൻഡ് റീട്രെയിനിങ് നോട്ടിഫിക്കേഷൻ ആക്‌ട് (WARN Act) ലംഘിച്ചുവെന്ന് ആരോപിച്ച് നിരവധി ട്വിറ്റർ ജീവനക്കാർ വ്യാഴാഴ്‌ച ക്ലാസ് ആക്ഷൻ കേസ് ഫയൽ ചെയ്‌തിരുന്നു. 100ലധികം ജീവനക്കാരുള്ള തൊഴിൽദാതാവ് ജോലിസ്ഥലത്തെ അൻപതോ അതിലധികമോ ജീവനക്കാരെ ബാധിക്കുന്ന ഒരു കൂട്ട പിരിച്ചുവിടലിന് മുമ്പ് 60 ദിവസത്തെ രേഖാമൂലമുള്ള അറിയിപ്പ് നൽകണമെന്ന് WARN നിയമം ആവശ്യപ്പെടുന്നു.

ABOUT THE AUTHOR

...view details