ന്യൂഡല്‍ഹി:അഞ്ച് ദിവസത്തിനിടെ വൈദ്യുതി സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച നാല് സംഭവങ്ങളുണ്ടായ പശ്ചാത്തലത്തില്‍ നിര്‍ണായക തീരുമാനവുമായി ഒല കമ്പനി. പുറത്തിറക്കിയ സ്‌കൂട്ടറുകളുടെ ചില ബാച്ചുകൾ തിരിച്ചുവിളിച്ചേക്കുമെന്ന് ഒലയുടെ സ്ഥാപകനും സി.ഇ.ഒയുമായ ഭവിഷ് അഗർവാൾ. ഒല, ഒകിനാവ, പ്യുര്‍ തുടങ്ങി പല കമ്പനികളുടേയും ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ അഗ്നിക്കിരയായിരുന്നു.
വൈദ്യുതി വാഹനങ്ങള്‍ തുടര്‍ച്ചയായി തീ പിടിക്കുന്നത് ഉപഭോക്താക്കളില്‍ ഉയര്‍ത്തിയ ആശങ്ക പരിഹരിക്കുന്നതിന് കൂടിയാണ് കമ്പനിയുടെ നീക്കം. വൈദ്യുതി സ്‌കൂട്ടര്‍ തീപിടുത്തവുമായി ബന്ധപ്പെട്ടുള്ള കാരണം കണ്ടെത്താനും പരിഹാരം തേടാനും തങ്ങൾ ലോകോത്തര ഏജൻസികളെ നിയോഗിച്ചതായും ഭവിഷ് അഗർവാൾ പറഞ്ഞു. തങ്ങൾക്ക് ലഭിക്കുന്ന നിര്‍ദേശമനുസരിച്ച് കുറച്ച് ബാച്ച് വാഹനങ്ങള്‍ തിരിച്ചുവിളിയ്‌ക്കും.