എറണാകുളം:ഇ- റുപ്പി സൗകര്യം ലഭ്യമാക്കി കൊച്ചി മെട്രോ. പാര്‍ക്കിങ് ഫീ ഇ- റുപ്പിയായി നല്‍കാനുള്ള സൗകര്യം തൈക്കൂടം സ്റ്റേഷന്‍ പാര്‍ക്കിങ്ങില്‍ വെള്ളിയാഴ്ച ഉദ്‌ഘാടനം ചെയ്യും. ഇതോടെ ആർബിഐ പുറത്തിറക്കിയിരിക്കുന്ന സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി സ്വീകരിക്കുന്ന ആദ്യ മെട്രോ ആയി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാറും. ആദ്യഘട്ടമെന്ന നിലയിലാണ് തൈക്കുടം സ്റ്റേഷനില്‍ ഇത് നടപ്പിലാക്കുന്നത്.
തുടര്‍ന്ന് മറ്റ് സ്റ്റേഷനുകളിലെ പാർക്കിങ്ങുകളിലേക്കും സൗകര്യം വ്യാപിപ്പിക്കും. ടെക്നോളജി സ്റ്റാർട്ട് അപ്പ് ആയ അനന്തം ഓൺലൈനാണ് ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന്‍റെ സഹകരണത്തോടെ കൊച്ചി മെട്രോ പാർക്കിങ്ങില്‍ ഈ സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇ-റുപ്പി സേവനം നൽകുന്ന ബാങ്കുകളുടെ ഡിജിറ്റൽ വാലറ്റുകൾ വഴി പൊതുജനങ്ങൾക്ക് പണമിടപാടുകൾ നടത്താൻ സാധിക്കും. ഈ സേവനത്തിന്‍റെ ഉദ്ഘാടനം കെഎംആർഎൽ എംഡി ലോക്‌നാഥ് ബെഹ്റ വെള്ളിയാഴ്ച രാവിലെ നിര്‍വഹിക്കും. ആർബിഐ, ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്ക്, അനന്തം ഓൺലൈൻ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ തുടങ്ങുന്നതിന് മുന്നോടിയായി മെട്രോ അലൈൻമെന്‍റ് വരുന്ന റൂട്ടിൽ ഗതാഗത കുരുക്ക് ഒഴിവാക്കുവാനും ഗതാഗതം സുഗമമാക്കുവാനുമായുള്ള ബദൽ റൂട്ടുകൾ നിശ്ചയിക്കുന്നതിനായി പരിശോധന നടന്നു. മെട്രോ റെയിൽ ഉദ്യോഗസ്ഥരോടൊപ്പം പൊലീസ്, മോട്ടോർ വാഹന വകുപ്പ്, തൃക്കാക്കര നഗരസഭ, ജിസിഡിഎ ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.
അലൈൻമെന്‍റ്, ബദൽ റൂട്ടുകൾ എന്നിവ കണക്കാക്കുവാനായി ഡ്രോൺ സർവേയും നേരത്തെ നടത്തിയിരുന്നു. വിശദമായ റിപ്പോർട്ട് ജനപ്രതിനിധികളുടെ മുൻപാകെ ചർച്ചയ്ക്കായി സമർപ്പിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ അധികൃതർ അറിയിച്ചു. രണ്ടാം ഘട്ടത്തിന്‍റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുൻപായി ബദൽ റൂട്ടുകൾ ജനങ്ങളെ അറിയിക്കാനുള്ള നടപടികളും കൊച്ചി മെട്രോ സ്വീകരിക്കും.
വാട്ടര്‍ മെട്രോയും അതിന്‍റെ പ്രത്യേകതയും:വാട്ടർ മെട്രോയുടെ ആദ്യഘട്ട സർവീസ് തുടങ്ങുന്നതിൽ സർക്കാർ തീരുമാനം അനന്തമായി നീളുകയാണ്. കൊച്ചി വാട്ടർ മെട്രോ വൈപ്പിൻ - ഹൈക്കോടതി റൂട്ടിൽ സർവീസ് ആരംഭിക്കാനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയായതായി കെഎംആർഎൽ സർക്കാറിനെ അറിയിച്ചിരുന്നു. എന്നാൽ സർക്കാർ തീരുമാനം വൈകുന്നതിനാൽ ഉദ്ഘാടനം കാത്തിരിക്കുകയാണ് വാട്ടര്‍ മെട്രോ.
76 കിലോമീറ്റര്‍ നീളത്തില്‍ 38 ടെര്‍മിനലുകളെ ബന്ധിപ്പിച്ച് 78 ബോട്ടുകളുമായി സര്‍വീസ് നടത്തുന്ന വളരെ ബൃഹത്തായ ജലഗതാഗത ശൃംഖലയാണ് കൊച്ചി വാട്ടര്‍ മെട്രോ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ടെര്‍മിനലുകളും ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്കായി ഉപയോഗിക്കുന്നത്. 50 പേര്‍ക്ക് ഇരുന്നും 50 പേര്‍ക്ക് നിന്നും ആകെ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുന്ന 23 ബോട്ടുകളും, 50 പേർക്ക് ഇരിക്കാൻ കഴിയുന്ന 55 ബോട്ടുകളുമാണ് വാട്ടർ മെട്രോയ്ക്ക് വേണ്ടി ഉപയോഗിക്കുക.
കൊച്ചിൻ ഷിപ്പ് യാർഡ് നിർമിച്ച അഞ്ച് ബോട്ടുകൾ ഇതിനകം വാട്ടർ മെട്രോയ്ക്ക് കൈമാറിയിട്ടുണ്ട്. ബാറ്ററിയിലും ഡീസല്‍ ജനറേറ്റര്‍ വഴിയും ഉപയോഗിച്ചുള്ള ഹൈബ്രിഡ് രീതിയിലും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബോട്ടെന്ന പുതുമയും ഇവയ്ക്കുണ്ട്. ലോകത്ത് തന്നെ ആദ്യമായാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഇത്രയും വിപുലമായ ബോട്ട് ശൃംഖല ആരംഭിക്കുന്നത്.
വളരെ വേഗത്തില്‍ ചാര്‍ജ് ചെയ്യാവുന്ന ബാറ്ററിയാണ് ഈ ബോട്ടുകളിൽ ഉപയോഗിക്കുന്നത്. 10-15 മിനിറ്റ് കൊണ്ട് ഇവ ചാര്‍ജ് ചെയ്യാം. യാത്രക്കാര്‍ കയറി ഇറങ്ങുമ്പോള്‍ പോലും ആവശ്യമെങ്കില്‍ ചാര്‍ജ് ചെയ്യാനുള്ള സൗകര്യമുണ്ട്. പശ്ചിമ കൊച്ചിയിൽ നിന്നും വൈപ്പിൻ ദ്വീപുകളിൽ നിന്നും സുരക്ഷിതമായി നഗരത്തിൽ വേഗത്തിൽ എത്തിച്ചേരാനും നഗരത്തിൽ നിന്നും കൊച്ചിയുടെ വിവിധ മേഖലകളിലേക്ക് തടസങ്ങളില്ലാത്ത യാത്രയ്ക്കുമാണ് വാട്ടർ മെട്രോ അവസരമൊരുക്കുന്നത്.
പൂര്‍ണമായും ശീതീകരിച്ച ബോട്ടിലിരുന്ന് സുതാര്യമായ ഗ്ലാസിലൂടെ കായല്‍ കാഴ്‌ചകള്‍ ആസ്വദിച്ച് യാത്ര ചെയ്യാം. നൂറ് ശതമാനം പരിസ്ഥിതി സൗഹൃദമാണ് ജല മെട്രോയെന്നതും സവിശേഷതയാണ്. കൂടാതെ കൊച്ചിയുടെ ഗതാഗത മേഖലയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും അനന്ത സാധ്യതകളാണ് വാട്ടർ മെട്രോ തുറന്നിടുന്നത്.