ന്യുഡൽഹി: ഇറ്റാലിയൻ ഇരുചക്ര വാഹന നിർമാതാക്കളായ ഡ്യുക്കാട്ടി സൂപ്പർ ബൈക്കായ സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പി ( Streetfighter V4 SP) ഇന്ത്യയിൽ അവതരിപ്പിച്ചു. 34.99 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. മാർക്കിന്‍റെ ഡെസ്മോഡിസി സ്ട്രാഡേൽ, ഫ്യൂവൽ-ഇഞ്ചക്‌റ്റഡ്, ലിക്വിഡ് കൂൾഡ്, സിലിണ്ടറിന് 4-വാൽവ്, 1,103 സിസി എഞ്ചിനാണ് സ്ട്രീറ്റ്‌ഫൈറ്റർ വി 4 എസ്‌പിക്ക് കരുത്തേകുന്നത്.
വെർച്വൽ സീരീസ് അവതരണത്തിന്‍റെ ഭാഗമായി കഴിഞ്ഞ വർഷം തന്നെ അവതരിപ്പിച്ചെങ്കിലും, ഈ വർഷമാണ് മോഡൽ ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് എത്തുന്നത്. എഞ്ചിനിൽ എസ്‌ടിഎം ഇവോ എസ്‌ബികെ (STM-EVO SBK) സ്ലിപ്പർ ഡ്രൈ ക്ലച്ച് ഘടിപ്പിച്ചിരിക്കുന്നു, ഇത് ഏറ്റവും മികച്ച ആന്‍റി -ഹോപ്പിങ് ഫങ്‌ഷൻ ഉറപ്പുനൽകുന്നുവെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നു. ഏറ്റവും ആക്രമണാത്മകമായ ഡൗൺഷിഫ്റ്റുകളിലും എല്ലാ 'ഓഫ്-ത്രോട്ടിൽ' ഘട്ടങ്ങളിലും കൂടുതൽ മികച്ചതാണെന്നും നിർമാതാക്കൾ വ്യക്തമാക്കി. ഈ എഞ്ചിൻ 13,000 ആർപിഎം (rpm) -ൽ 205 ബിഎച്ച്പി (BHP) കരുത്തും 9,500 ആർപിഎം-ൽ 123 എൻഎം പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു.
സ്‌ട്രീറ്റ് ഫൈറ്റർ വി 4 എസ്‌പി സ്‌ട്രീറ്റ് ഫൈറ്റർ വി4 എസിന്‍റെ ഭാരം കുറഞ്ഞ പതിപ്പാണ്, 196.5കിലോ ഗ്രാം ഭാരമുണ്ട്, ഇത് വി4 എസിനെ അപേക്ഷിച്ച് 2.5 കിലോ ഗ്രാം കുറവാണ്. ഭാരം കുറഞ്ഞ മഗ്‌നീഷ്യം അലോയ് വീലുകളും ലിഥിയം-അയൺ ബാറ്ററിയും ഉപയോഗിച്ചത് ഭാരം കുറക്കാൻ സഹായകമായി. അലുമിനിയം അലോയ് വീലുകളാണ് വി4 എസിൽ ഉപയോഗിച്ചിട്ടുള്ളത്.