ന്യൂഡൽഹി: വരുന്ന നാലഞ്ചു വർഷത്തിനുള്ളിൽ ഡ്രോൺ നിർമാണ മേഖലയിൽ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങൾ ഉണ്ടാകുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് (ഐഎസിസി) സംഘടിപ്പിച്ച പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണ് മന്ത്രി ഡ്രോൺ നിർമാണ മേഖലയെ കുറിച്ച് സംസാരിച്ചത്.
"ഡ്രോൺ മേഖലയുടെ ഉൽപ്പാദനക്ഷമതയുമായി ബന്ധപ്പെട്ട ഒരു പദ്ധതി ആവിഷ്‌കരിച്ചു, ആകെ 60 കോടി രൂപയായിരുന്നു വരുമാനം. കഴിഞ്ഞ വർഷം പ്രഖ്യാപിച്ച പിഎൽഐ സ്‌കീമിന് കീഴിൽ, ഡ്രോണുകളുടെയും ഡ്രോൺ ഘടകങ്ങളുടെയും നിർമ്മാതാക്കൾക്കുള്ള ഇൻസെന്‍റീവ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കമ്പനി നടത്തുന്ന മൂല്യവർദ്ധനയുടെ 20 ശതമാനമായിരിക്കും എന്നും അദേഹം കൂട്ടിച്ചേർത്തു.
പിഎൽഐ പദ്ധതിയുടെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്ത 14 ഡ്രോൺ കമ്പനികളുടെ പേരുകൾ മന്ത്രാലയം പുറത്തുവിട്ടു. ഡ്രോൺ നിർമ്മാണ മേഖലയിലേക്കുള്ള നിക്ഷേപത്തിന്‍റെ കാര്യത്തിൽ ഏകദേശം 5,000 കോടി രൂപയുടെ ദ്രുതഗതിയിലുള്ള വിപുലീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. രാജ്യത്ത് ഇപ്പോൾ ഏകദേശം 140 വിമാനത്താവളങ്ങളുണ്ടെന്നും അടുത്ത നാലഞ്ചു വർഷത്തിനുള്ളിൽ അവ 50 ശതമാനം വർധിപ്പിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ നിന്ന് 1 ബില്യൺ ഡോളറിന്‍റെ (ഒരു ബില്യൺ = 10,000 ലക്ഷം) വിമാന ഘടകങ്ങൾ ബോയിംഗ് ഇറക്കുമതി ചെയ്യുന്നുണ്ടെന്നും എയർബസ് നിലവിൽ ഇന്ത്യയിൽ നിന്ന് ഏകദേശം 650 മില്യൺ യുഎസ് ഡോളറിന്‍റെ വിമാന ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.