ഹൈദരാബാദ്:ഒരുസൈബര്‍ കുറ്റകൃത്യത്തിന്‍റെ അന്വേഷണത്തിനിടെ തെലങ്കാന സൈബര്‍ പൊലീസിന്‍റെ ഞെട്ടിക്കുന്ന കണ്ടെത്തല്‍. കേവലം 5,000 രൂപ നല്‍കിയാല്‍ ഒരുലക്ഷത്തിലധികം ആളുകളുടെ വ്യക്തിഗത വിവരങ്ങള്‍ ലഭിക്കും. ഇന്‍റര്‍നെറ്റ് കമ്പനിയായ ജസ്റ്റ് ഡയലാണ് (Just Dial) രാജ്യത്തെ ജനങ്ങളുടെ വിവരങ്ങള്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്നത്.
കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജസ്റ്റ് ഡയലിന് നോട്ടീസ് അയച്ചിരിക്കുകയാണ് പൊലീസ്. കൊല്‍ക്കത്ത ആസ്ഥാനമാക്കി വ്യാജ കോള്‍ സെന്‍റര്‍ നടത്തി തെലങ്കാനയിലേയും ആന്ധ്രപ്രദേശിലേയും നിരവധിപേരെ സാമ്പത്തികമായി കബളിപ്പിച്ച സംഘത്തെ അറസ്‌സ്റ്റ് ചെയ്‌തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ആധാര്‍കാര്‍ഡ്, ബാങ്ക്അക്കൗണ്ട് തുടങ്ങിയ വിവരങ്ങള്‍ ഉപയോഗിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്.
എങ്ങനെ ഇത്രയും പേരുടെ ഫോണ്‍നമ്പരും മറ്റ് സാമ്പത്തികമായ വ്യക്തിഗത വിവരങ്ങളും ലഭിച്ചു എന്ന് അറസ്റ്റിലായവരോട് ചോദിച്ചപ്പോഴാണ് സംഘം കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. തുടര്‍ന്ന് പൊലീസ് യഥാര്‍ഥ ഐഡന്‍റിറ്റി വ്യക്തമാക്കാതെ ജസ്റ്റ് ഡയലില്‍ വിളിച്ചപ്പോഴാണ് വ്യക്തിഗത വിവരങ്ങള്‍ ലഭ്യമാവുമെന്ന് കണ്ടെത്തിയത്.
ഫ്ലിപ്പ്കാര്‍ട്ടില്‍ രജിസ്റ്റര്‍ ചെയ്‌തവരും ആദായ നികുതി അടയ്‌ക്കുന്നവരുമായ ആളുകളുടെ വിവരങ്ങളാണ് പൊലീസ് തേടിയത്. 5000 രൂപയ്‌ക്ക് ഒരു ലക്ഷം ആളുകളുടെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ജോലി, നികുതി അടച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ശമ്പളം, ഫ്ലിപ്പ് കാര്‍ട്ടിലൂടെ അവര്‍ എന്തൊക്കെ വാങ്ങി, മേല്‍വിലാസം തുടങ്ങിയ വിവരങ്ങളാണ് ലഭ്യമായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിരിക്കുകയാണ് പൊലീസ്.