സ്വപ്‌ന ഭവനം നിര്‍മിക്കാനുള്ള വായ്‌പയ്‌ക്കായി ആകുലതയോടെ ശ്രമിക്കുന്നവര്‍ നിരവധിയുണ്ട് നമുക്കിടയില്‍. എന്നാല്‍, സാമ്പത്തിക അച്ചടക്കം പാലിക്കുന്നയാളാണ് നിങ്ങളെങ്കില്‍ ആകുലതകള്‍ക്ക് വിട പറയാം. മികച്ച ക്രെഡിറ്റ് സ്‌കോര്‍ നേടാന്‍ നിങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വായ്‌പയ്‌ക്ക് വേണ്ടിയുള്ള ശ്രമം പകുതി വിജയിച്ചു എന്നര്‍ഥം. എന്താണ് ക്രെഡിറ്റ് സ്‌കോര്‍ എന്നും ഇത് നേടിയാലുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്നും കൂടുതല്‍ അറിയാം.
വളരെ ലളിതമായി പറഞ്ഞാല്‍ വായ്‌പ എടുക്കാനുള്ള ആളുകളുടെ യോഗ്യതയെ തീരുമാനിക്കുന്നതാണ് ക്രെഡിറ്റ് സ്‌കോര്‍. 300 മുതൽ 900 വരെ സ്‌കോറുള്ള ആളാണ് നിങ്ങളെങ്കില്‍ വായ്‌പ തിരിച്ചടക്കാനുള്ള ശേഷി തെളിയിക്കുന്നതാണ് അത്. മുന്‍പ് വായ്‌പ കൈപ്പറ്റിയതില്‍ വീഴ്‌ച സംഭവിക്കാതെ തിരിച്ചടച്ചതിന്‍റെ തെളിവെന്ന് ചുരുക്കം. ക്രെഡിറ്റ് സ്‌കോര്‍ എങ്ങനെയെന്ന് നോക്കി ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഒറ്റനോട്ടത്തിൽ വായ്‌പയ്‌ക്കായി സമീപിച്ചവരെ എളുപ്പത്തില്‍ മനസിലാക്കാം. അതുകൊണ്ടുതന്നെ ആവശ്യമായ വായ്‌പ മുഴുവനും ലഭിക്കാന്‍ ക്രെഡിറ്റ് സ്കോർ എങ്ങനെ മെച്ചപ്പെടുത്താമെന്ന് നോക്കാം.
തിരിച്ചടവിലെ കൃത്യത മുഖ്യം..!:മുന്‍പ് സൂചിപ്പിച്ചതുപോലെ തിരിച്ചടവ് തെറ്റരുത്. തിരിച്ചടവ്, അവസാന തിയതിക്ക് മുന്‍പ് അടയ്‌ക്കണം. കാലതാമസം വരുത്തിയാല്‍ പ്രതികൂലമായി ബാധിക്കും. പുറമെ, ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതില്‍ പരിധി കടക്കാതെ സൂക്ഷിക്കുക. ഒരിക്കലും, 30 ശതമാനത്തിൽ കൂടുതൽ ചെലവഴിക്കരുതെന്ന് സാരം. ക്രെഡിറ്റ് കാർഡ് വഴി ഉയര്‍ന്ന തോതില്‍ പണം ചെലവഴിച്ചുകഴിഞ്ഞാൽ, ലോണിനെ ആശ്രയിച്ചാണ് നിങ്ങള്‍ കഴിയുന്നതെന്ന നിഗമനത്തില്‍ ധനകാര്യ സ്ഥാപനങ്ങളെത്തും. അത് ക്രെഡിറ്റ് സ്‌കോര്‍ കുറയ്‌ക്കുന്നതിലേക്ക് വഴിവയ്‌ക്കുമെന്ന് സാരം. ക്രെഡിറ്റ് കാർഡ് ബില്ലുകൾ തിരിച്ചടയ്‌ക്കുന്നതില്‍ കാലതാമസം വരുത്താതെ നോക്കേണ്ടത് നിര്‍ബന്ധമാണ്.
'സീറോ കൊളാറ്ററൽ' ലോണിലുമുണ്ട് പ്രശ്‌നം: ഈടുവയ്‌ക്കാതെ വായ്‌പ എടുക്കുന്നതിനെയാണ് സീറോ കൊളാറ്ററൽ ലോണ്‍ (Zero Collateral Loans) എന്ന് പറയുന്നത്. ഇത്തരത്തിലുള്ള ലോണുകള്‍ക്ക് പിന്നാലെ പോവുന്നത് പതിവാണെങ്കിലും അതും നമ്മളെ പെടുത്തും. ജാമ്യാധിഷ്‌ഠിത വായ്‌പകള്‍ എടുക്കുന്നതിലൂടെ സ്കോർ മെച്ചപ്പെടുത്താന്‍ കഴിയും. നമ്മള്‍ ഈടുകൾ നൽകിയാണ് വായ്‌പ എടുക്കുന്നതെങ്കില്‍ തിരിച്ചടയ്‌ക്കാനുള്ള ശേഷിയേയാണ് അത് വ്യക്തമാക്കുന്നത്. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് നമ്മളില്‍ ആത്മവിശ്വാസമുണ്ടാക്കും എന്ന് ചുരുക്കം. അതുകൊണ്ട് ഈടുള്ളതും ഇല്ലാത്തതുമായ വായ്‌പകളെടുക്കുന്നതാണ് ഉത്തമം.