മുംബൈ :ആരാധകരൊന്നാകെ കാത്തിരുന്ന താരവിവാഹമാണ് ആലിയ ഭട്ട്-രൺബീർ കപൂർ ദമ്പതികളുടേത്. വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഏപ്രിൽ 14നാണ് ഇരുവരും ഒന്നിച്ചത്. സോഷ്യൽ മീഡിയയിലും 'രൺലിയ' വിവാഹവിശേഷങ്ങൾ നിറഞ്ഞിരുന്നു.
എവിടെയും ട്രെൻഡിങ്ങില്‍ മുന്നിട്ടുനിൽക്കുന്ന താരവിവാഹം നിരവധി പ്രമുഖ ബ്രാൻഡുകള്‍ തങ്ങളുടെ മാർക്കറ്റിങ്ങിനായി ഉപയോഗിച്ചിരിക്കുകയുമാണ്. അമുൽ, ടിൻഡർ, സൊമാറ്റോ, ശാദി.കോം തുടങ്ങി നിരവധി കമ്പനികൾ നവദമ്പതികൾക്ക് വ്യത്യസ്‌തമായ രീതിയിൽ ആശംസകൾ അറിയിച്ചിരുന്നു.
എന്നാൽ താരദമ്പതികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറിയാണ് കോണ്ടം കമ്പനികളുടെ ആശംസാകുറിപ്പുകള്‍. അത്തരത്തിലാണ് ഡ്യൂറെക്‌സ്, സ്‌കോർ, മാൻഫോഴ്‌സ് എന്നീ കമ്പനികള്‍ മാർക്കറ്റിങ് തന്ത്രം പ്രയോഗിച്ചത്. കമ്പനികള്‍ തമ്മിലുള്ള വിപണിയിലെ പോര് പ്രകടമാക്കുന്നതായിരുന്നു ആശംസാ വാചകങ്ങള്‍.
READ MORE:പ്രിയപ്പെട്ട ബാല്‍ക്കണിയില്‍ വച്ച് രണ്‍ബീറും ആലിയയും വിവാഹിതരായി
രൺബീർ കപൂറിന്‍റെ തന്നെ 'യേ ദിൽ ഹെ മുഷ്‌കിൽ' എന്ന ചിത്രത്തിലെ 'ചന്നാ മേരേയാ' എന്ന ഗാനത്തിലെ വരികൾ തിരുത്തിയെഴുതിയാണ് ഡ്യൂറെക്‌സ് ബ്രാൻഡ് ദമ്പതികൾക്ക് ആശംസകൾ നേർന്നിരിക്കുന്നത്. 'മെഹ്‌ഫിൽ മേൻ തേരേ, ഹം നാ രഹേൻ ജോ, ഗം തോ നഹി ഹേ' എന്ന വരികൾ 'മെഹ്‌ഫിൽ മേൻ തേരേ, ഹം നാ രഹേൻ ജോ, ഫൺ തോ നഹി ഹേ' എന്നാക്കിമാറ്റി ഡ്യൂറെക്‌സ് തങ്ങളുടെ ട്വിറ്റർ പേജിൽ പോസ്റ്റ് ചെയ്‌തു. ഞങ്ങളില്ലാതെ നിങ്ങൾക്കെന്ത് ഫൺ എന്നായിരുന്നു ചോദ്യം.
'ഹേ റോക്ക്സ്റ്റാർ, ഞങ്ങൾക്ക് യേ ജവാനി ഹേ ദീവാനി അറിയാം, പക്ഷേ അവൾ രാസി ആയിമാറുമ്പോൾ ഞങ്ങളെ ഓർക്കുക' എന്നായിരുന്നു സ്‌കോർ സോഷ്യൽ മീഡിയയിൽ കുറിച്ചത്. 'ഞങ്ങൾ വിവാഹങ്ങളിൽ പങ്കെടുക്കാറില്ല, എന്നാൽ പിന്നീട് സന്തോഷം വർധിപ്പിക്കുന്നത് ഞങ്ങളാണ്' എന്ന് മാൻഫോഴ്‌സും കുറിച്ചു. ഈ പരസ്യവാചകങ്ങളെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ വാദപ്രതിവാദങ്ങളുണ്ട്.